ബസ്സില്‍നിന്നിറങ്ങി വഴിയോരത്തേക്കു മാറിനിന്ന് ചുറ്റുപാടും കണ്ണോടിച്ചു. ഗിരിശൃംഗങ്ങളും കുതിച്ചു പായുന്ന ഗംഗയും ഒന്നും കാണുന്നില്ല. അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുപോകുന്ന സൈക്കിള്‍ റിക്ഷായും മൂന്നും അഞ്ചും പത്തും പേര്‍ക്കൊക്കെ ഇരിക്കാവുന്ന തരത്തിലുള്ള ഓട്ടോറിക്ഷകളും ബസ്സും നിറഞ്ഞ റോഡ്. എവിടെ നോക്കിയാലും വലിയ കെട്ടിടങ്ങള്‍. ഇതാണോ ഹരിദ്വാര്‍?
[share]
ബസ്സില്‍നിന്നിറങ്ങി വഴിയോരത്തേക്കു മാറിനിന്ന് ചുറ്റുപാടും കണ്ണോടിച്ചു. ഗിരിശൃംഗങ്ങളും കുതിച്ചു പായുന്ന ഗംഗയും ഒന്നും കാണുന്നില്ലല്ലോ. അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുപോകുന്ന സൈക്കിള്‍ റിക്ഷായും മൂന്നും അഞ്ചും പത്തും പേര്‍ക്കൊക്കെ ഇരിക്കാവുന്ന തരത്തിലുള്ള ഓട്ടോറിക്ഷകളും ബസ്സും നിറഞ്ഞ റോഡ്. എവിടെ നോക്കിയാലും വലിയ കെട്ടിടങ്ങള്‍. ഇതാണോ ഹരിദ്വാര്‍?
അങ്ങനെ ചിന്തിച്ചുചിന്തിച്ച് ചുമ്മാ സമയം കളഞ്ഞു നില്‍ക്കുമ്പോള്‍ മദ്ധ്യവയസ്‌ക്കനായ ഒരാള്‍ അടുത്തുവന്നു ചോദിച്ചു: ഇവിടെ ആദ്യമായി വരികയാവും അല്ലേ? എങ്ങോട്ടാണു പോകേണ്ടത്്? പന്തംകണ്ട പെരുച്ചാഴിയെപ്പോലുള്ള എന്റെ നില്‍പ്പുകണ്ടപ്പോള്‍ ആള്‍ക്ക് കാര്യം മനസ്സിലായിട്ടുണ്ടാവും.
ഞങ്ങള്‍ കേരളത്തില്‍നിന്നും വരികയാണ്. ഇവിടെ എവിടെയും പരിചയമില്ല. അടുത്തു വല്ല ആശ്രമവും ഉണ്ടോ? ഗായത്രി ചോദിച്ചു. ഗായത്രിക്കേ ചോദിക്കാന്‍ പറ്റൂ. എനിക്ക് ആകെ അറിയാവുന്നത് പുണ്യപുരാതന ലോകഭാഷയായ മലയാളവും അല്‍പം മുറി ഇംഗ്ലീഷും മുറി തമിഴും മാത്രം.
അദ്ദേഹം ഞങ്ങളെയും കൂട്ടി മുമ്പോട്ടു നടന്നു. അതിലെ വന്ന ഓട്ടോറിക്ഷ നിറുത്തി അതില്‍ കയറിക്കോളാന്‍ പറഞ്ഞു. അദ്ദേഹവും കയറി. പത്തുപേര്‍ക്കിരിക്കാവുന്ന ഓട്ടോറിക്ഷയാണത്. നിറയെ ആളുകള്‍.
ഒരാള്‍ ഹിന്ദിയില്‍ എന്നോട് എന്തോ ചോദിച്ചു. ഞാന്‍ ദയനീയ ഭാവത്തില്‍ ഗായത്രിയെ നോക്കി. ഗായത്രി അതിനു മറുപടി പറഞ്ഞു. ബാബ(ഈയുള്ളവന്‍തന്നെ) മൗനവ്രതത്തിലായിരിക്കുമെന്നു കരുതിയാവണം അയാള്‍ എന്നെ ഭയഭക്തിയോടെ കൈകൂപ്പി നമസ്‌കരിച്ചു. അതായിരുന്നു ഹിമാലയത്തില്‍ എനിക്ക് ആദ്യമായി ലഭിച്ച നമസ്‌കാരം.
നിറയെ കെട്ടിടങ്ങളുള്ള സ്ഥലത്തെത്തിയപ്പോള്‍ അദ്ദേഹം വണ്ടി നിറുത്താന്‍ പറഞ്ഞു. നാലുരൂപ ഓട്ടോക്കാരനു കൊടുക്കാന്‍ പറഞ്ഞ് അദ്ദേഹവും ഞങ്ങളോടൊപ്പം പുറത്തിറങ്ങി.
ഒരു കെട്ടിടം ചൂണ്ടിക്കാണിച്ചു പറഞ്ഞു: അതൊരു ആശ്രമമാണ്. അവിടെ പോയാല്‍ താമസിക്കാന്‍ മുറികിട്ടും. ചിലപ്പോള്‍ മുപ്പതുരൂപ വാടക കൊടുക്കേണ്ടി വരും. വാടകയല്ല; ഒരു ചെറിയ ഡൊണേഷന്‍. ആശ്രമ കവാടത്തില്‍ കാവല്‍ നിന്നിരുന്ന ആളോട് ഞങ്ങളെക്കുറിച്ച് എന്തോ പറഞ്ഞു. ഇദ്ദേഹം എല്ലാം ശരിയാക്കിത്തരുമെന്നു പറഞ്ഞ് അയാള്‍ ആ ഓട്ടോയില്‍തന്നെ സ്ഥലംവിട്ടു.
കിഴക്കുപടിഞ്ഞാറായി ആയിരത്തി അഞ്ഞൂറിലധികം മൈല്‍ വ്യാപിച്ചു കിടക്കുന്ന അത്ഭുത സാമ്രാജ്യമാണ് ഹിമാലയം. ആകാശംമുട്ടി നില്ക്കുന്ന എണ്ണിയാലൊടുങ്ങാത്തത്ര ഹിമവത്ശൃംഗങ്ങളാലും മാതൃവാത്സല്യം തുളുമ്പുന്ന താഴ്‌വരകളാലും വിശ്വവശ്യമാണ് ഈ അത്ഭുതപ്രപഞ്ചം.
അത് സപ്തഋഷി മാര്‍ഗ് എന്ന സ്ഥലമായിരുന്നു. ശ്രീകൃഷ്ണപ്രണാമി എന്ന ആശ്രമത്തിലാണ് അദ്ദേഹം ഞങ്ങളെ ഇറക്കി വിട്ടിരിക്കുന്നത്. മുറിയിലെത്തി കുളി കഴിഞ്ഞപ്പോള്‍ നല്ല വിശപ്പ്. ഭക്ഷണം ആശ്രമത്തില്‍നിന്നു കിട്ടുമെന്നു പറഞ്ഞിരുന്നു.
ടോക്കണ്‍ വാങ്ങിക്കാന്‍ ചെന്നപ്പോള്‍ ടോക്കണ്‍ വാങ്ങിക്കേണ്ട, പോയി ഭക്ഷണം കഴിച്ചോളൂ എന്ന് റിസപ്ഷനിലുണ്ടായിരുന്ന സുന്ദരനായ ഒരു കുട്ടിക്കൃഷ്ണന്‍ പറഞ്ഞു. ഭക്ഷണം കഴിഞ്ഞു വിശ്രമിക്കുമ്പോള്‍ ആരോ വന്നു വാതിലില്‍ മുട്ടി. തുറന്നു നോക്കിയപ്പോള്‍ ഞങ്ങളെ ആശ്രമത്തിലെത്തിച്ച ആള്‍.
കുറെനേരം ഞങ്ങളോടൊത്തിരുന്ന് കുശലം പറഞ്ഞ് അയാള്‍ പിരിഞ്ഞു. എന്താവശ്യമുണ്ടെങ്കിലും ചോദിക്കാന്‍ മടിക്കരുതെന്നും ഇവിടെയുള്ളവരോട് നിങ്ങള്‍ക്കു വേണ്ടതൊക്കെ ചെയ്തുതരാന്‍ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മൂന്നുദിവസം ഹരിദ്വാറില്‍ താമസിച്ചു. അപ്പോഴേക്കും ശ്രീകൃഷ്ണപ്രണാമി ആശ്രമത്തിലെ അന്തേവാസികളുമായി ഗാഢമായ സൗഹൃദത്തിലായിക്കഴിഞ്ഞിരുന്നു.
കിഴക്കുപടിഞ്ഞാറായി ആയിരത്തി അഞ്ഞൂറിലധികം മൈല്‍ വ്യാപിച്ചു കിടക്കുന്ന അത്ഭുത സാമ്രാജ്യമാണ് ഹിമാലയം. ആകാശംമുട്ടി നില്ക്കുന്ന എണ്ണിയാലൊടുങ്ങാത്തത്ര ഹിമവത്ശൃംഗങ്ങളാലും മാതൃവാത്സല്യം തുളുമ്പുന്ന താഴ്‌വരകളാലും വിശ്വവശ്യമാണ് ഈ അത്ഭുതപ്രപഞ്ചം.
ഹിമാലയപര്‍വ്വതനിരകളെ പൗരാണികര്‍ അഞ്ചു ഖണ്ഡങ്ങളായി തിരിച്ചു പറഞ്ഞു പോരാറുണ്ട്. കാശ്മീരും ജമ്മുവും ഉള്‍പ്പെട്ട അമര്‍നാഥഖണ്ഡം. പഞ്ചാബിലെ ഹിമാചല്‍പ്രദേശം, അല്‍മോറയും കുമയൂണും ഭൂട്ടാന്റെ ഒരു ഭാഗവും ഉള്‍പ്പെട്ട കൂര്‍മ്മാചലപ്രദേശം, നേപ്പാളും സിക്കിമും തിബറ്റിന്റെ ഒരു തുണ്ടുമുള്‍പ്പെട്ട ഗൗരീശങ്കര്‍പ്രദേശം, ഹരിദ്വാരം തൊട്ട് കൈലാസം വരെയുള്ള കേദാരഖണ്ഡം.
കേദാരഖണ്ഡിലാണു ഹരിദ്വാറും ഋഷികേശും ബദരീനാഥും കേദാര്‍നാഥും യമുനോത്രിയും ഗംഗോത്രിയും ഗോമുഖും തപോവനവും വാലി ഓഫ് ഫഌവഴ്‌സും ഹേംകുണ്ഡ് സാഹേബും ഒക്കെ തലയുയര്‍ത്തി വിനയാന്വിതരായി നില്‍ക്കുന്നത്.
അറിവിന്റെ നിറവനുഭവിച്ചാനന്ദിച്ചിരുന്ന ഋഷിപുംഗവന്മാര്‍ക്ക് തപസ്ഥാനമായിരുന്ന മലനിരകളിലേക്കുള്ള പ്രവേശന കവാടം
ഉത്തരഖണ്ഡിലെ എല്ലാ മലനിരകളിലേക്കുമുള്ള യാത്ര ഹരിദ്വാറില്‍ നിന്നാണ് ആരംഭിക്കുക. ഉറഞ്ഞു കിടക്കുന്ന ഹിമവല്‍ശൃംഗങ്ങളില്‍ സൂര്യകാരുണ്യമേല്ക്കുമ്പോഴുണ്ടാകുന്ന ഉള്‍പ്പുളകം തുള്ളിതുള്ളിയായി ഇറ്റി വീണ് നീര്‍ച്ചാലുകളായിമാറി, മലയിടുക്കുകളിലൂടെയും പാറക്കെട്ടുകളിലൂടെയും വളഞ്ഞുപുളഞ്ഞൊഴുകി വഴിയില്‍ കണ്ടുമുട്ടുന്ന സുഹൃത്തുക്കളോടു ചേര്‍ന്ന് കുതിച്ചൊഴുകി അവസാനം സമതലത്തില്‍ പ്രവേശിക്കുന്നത് ഇവിടെ, ഹരിദ്വാറില്‍വെച്ചാണ്്. അതിപുരാതനകാലംമുതല്‍ ആ ജീവാമൃതപ്രവാഹത്തെ ഗംഗയെന്നാണു ഭക്തിയോടെ വിളിച്ചു പോരുന്നത്.
അറിവിന്റെ നിറവനുഭവിച്ചാനന്ദിച്ചിരുന്ന ഋഷിപുംഗവന്മാര്‍ക്ക് തപസ്ഥാനമായിരുന്ന മലനിരകളിലേക്കു പ്രവേശിക്കുന്ന കവാടമായതിനാലാവാം ഹരിദ്വാരമെന്ന് ഈയിടത്തിനു പേരു വന്നത്.
ഹരിദ്വാറിലെ അമ്പലങ്ങളില്‍ കയറിയിറങ്ങിയും കണ്ട വഴികളിലൂടെയെല്ലാം ചുമ്മാ നടന്നും ഗംഗയുടെ ഓരത്തുള്ള നടപ്പാതയിലൂടെ സഞ്ചരിച്ചും മൂന്നു ദിവസം കടന്നുപോയതറിഞ്ഞതേയില്ല. ശുദ്ധമായ വായുവും എവിടെ നോക്കിയാലും കാണുന്ന വനനിബിഢമായ മലനിരകളും ശാന്തയായൊഴുകുന്ന ഗംഗാമയിയുമെല്ലാം അനുഗ്രഹം വര്‍ഷിച്ചു നില്ക്കുമ്പോള്‍ കാലം സ്വയമേ അയവുള്ളതായി മാറുന്നു.
അറിവിലൂടെ ഹൃദയവിശാലതയിലേക്കു യാത്ര ചെയ്യുന്ന സത്യാന്വേഷകന് അറിവ് ആരില്‍ നിന്ന്, എവിടെ നിന്ന് വരുന്നുവെന്നതോ ഏതു ഭാഷയില്‍ പറഞ്ഞുവെന്നതോ ഒരു വിഷയമല്ല. സംശയത്തിനു തൃപ്തി നല്‍കുന്ന രീതിയിലുള്ള മറുപടി, മനസ്സിനെ കൂടുതല്‍ പ്രകാശത്തിലേക്കു നയിച്ചുകൊണ്ടു പോകാനുള്ള വശ്യത, ഇതൊക്കെ ആ വാക്കുകളിലുണ്ടോ എന്നതാണ് അവന്റെ ശ്രദ്ധയെ ആകര്‍ഷിക്കുന്നത്.
ഹരിദ്വാറിലെ വൈകുന്നേരങ്ങള്‍ സ്വപ്നസമാനമാണ്. ഗംഗയുടെ വലതുകരയിലാണു പധാന സ്‌നാനഘട്ടമായ ഹര്‍ കി പൗറീ(ഹരിപാദം) അഥവാ ബ്രഹ്മകുണ്ഡം.
അവിടെയാണ് ഗംഗാമയിക്കുള്ള പൂജകള്‍ നടക്കുക. ആയിരക്കണക്കിനാളുകള്‍ മന്ത്രമുരുവിട്ടുകൊണ്ട് ഗംഗയില്‍ മുങ്ങി നിവരുന്നു. അവിടെ സ്‌നാനംചെയ്താല്‍ പാപങ്ങളെല്ലാം പോകുമെന്നും മുക്തി ലഭിക്കുമെന്നുമാണ് ഭക്തരുടെ വിശ്വാസം.
ഞങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയാന്‍ എന്തുകൊണ്ടോ അനുഗ്രഹമുണ്ടായില്ല. അത്രയ്ക്ക് അഴുക്കു നിറഞ്ഞതായിരുന്നു അതിലൂടെ ഒഴുകുന്ന ഗംഗ.
നദിയിലേക്ക് കരയില്‍നിന്നും കല്‍പടികള്‍ കെട്ടിയിട്ടുണ്ട. ഒഴുക്കുള്ള ഭാഗങ്ങളില്‍ ഇരുമ്പുകമ്പി നാട്ടി അതില്‍നിന്നും വളയങ്ങളിട്ട ചങ്ങലകള്‍ നദിയിലേക്കിട്ടിട്ടുണ്ട്. അതില്‍ പിടിച്ച് ആളുകള്‍ക്ക് സുരക്ഷിതമായി കുളിക്കാം.
വൈകുന്നേരത്തെ ആരതി കാണേണ്ടതു തന്നെ. നക്ഷത്രലോകം ഭൂമിയിലേക്കിറങ്ങിവന്നതുപോലെ തോന്നും. കര്‍പ്പൂരദീപങ്ങളും പൂജാപുഷ്പങ്ങളും നിറച്ച ഇലകൊണ്ടുണ്ടാക്കിയ കുഞ്ഞുതോണികള്‍ ഗംഗയില്‍ പുളച്ചു മറിയുന്നു. മണ്‍ചിരാതുകള്‍ കടലാസു തോണിയില്‍വെച്ച് ഒഴുക്കി വിടുന്നു. ഗംഗാതീരം മുഴുവന്‍ ക്ഷേത്രമണിനാദത്താല്‍ മുഖരിതം. എങ്ങൂം മന്ത്രോച്ചാരണങ്ങളുടെ ധ്വന്യാലോകം.
നദീതീരത്തെ ആശ്രമങ്ങളിലും മറ്റു കെട്ടിടങ്ങളിലുമുള്ള ലൈറ്റുകളുടെ പ്രതിബിംബം ഗംഗയില്‍ പൊട്ടിച്ചിരിക്കുന്നു. ആയിരക്കണക്കിനു ജനങ്ങള്‍ ഇവിടെ ഒത്തുകൂടുന്നു. ചിലര്‍ പൊട്ടിക്കരയുന്നു. ചിലര്‍ പൊട്ടിച്ചിരിക്കുന്നു.
അനേക തരത്തിലുള്ള വാദ്യോപകരണങ്ങളുമായി സംഘങ്ങളായെത്തിയിട്ടുള്ള ഭക്തര്‍ എല്ലാം മറന്നിരുന്ന് ഭജന പാടുന്നു. ആരതി തുടങ്ങൂമ്പോഴേക്കും ഭക്തജനങ്ങള്‍ നിറഞ്ഞു കവിഞ്ഞിരിക്കും.
ഭക്തി മനുഷ്യമനസ്സിന്റെ പിരിമുറുക്കത്തിന് വലിയൊരു ചികിത്സതന്നെയാണെന്ന് ഇങ്ങനെയുള്ള സ്ഥലങ്ങളിലെത്തുമ്പോഴെല്ലാം തോന്നാറുണ്ട്. ചിലപ്പോഴത്്രോഗമായി മാറാറുണ്ടെന്നതും പറയാതെവയ്യ. എത്ര ധന്യതയോടെയും നിര്‍വൃതിയോടെയുമാണ് ആളുകള്‍ ആരതിയില്‍ പങ്കെടുത്ത് തണുപ്പുനിറഞ്ഞ ഗംഗയില്‍ വീണ്ടുംവീണ്ടും മുങ്ങിക്കുളിച്ചു നിവരുന്നത.