| Saturday, 8th February 2014, 11:59 pm

തീവണ്ടിയിലെ മത സംവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എനിക്ക് പള്ളിയും കുര്‍ബാനയും ഒന്നും പൂര്‍ണ്ണസമാധാനം നല്കിയിട്ടില്ല. ക്രിസ്തുവിന്റെ ഹൃദയം അവിടെ യൊന്നും ഇല്ലെന്നും മനസ്സിലാക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ലോകം എവിടെയെന്നു ആരോടു ചോദിച്ചാലും ഒരു കൂട്ടില്‍നിന്നും വേറൊരു കൂട്ടിലേക്കു ക്ഷണിക്കുന്നതു പോലെയേ അവരുടെ വാക്കുകള്‍ കേട്ടാല്‍ തോന്നൂ.


[share]

യാത്ര / ഷൗക്കത്ത്

അഞ്ജുവിനും ബിജുവിനും ഒത്തിരി ലഗേജുണ്ടായിരുന്നു. അതെല്ലാം പലയിടങ്ങളില്‍ തിരുകിക്കയറ്റാന്‍ ഞങ്ങളും സഹായിച്ചു. വന്നിരുന്നപ്പോള്‍ തന്നെ ഞങ്ങളെ നോക്കി അഞ്ജു ചോദിച്ചു: മലയാളികളാണോ? അതേന്നു പറഞ്ഞപ്പോള്‍ രണ്ടു പേരുടെയും മുഖത്തു വലിയ ആശ്വാസം.

അഞ്ജുവിന്റെ കല്യാണം കഴിഞ്ഞിട്ടു രണ്ടു മാസമേ ആയിട്ടുള്ളൂ. ഡല്‍ഹിയിലാണു ഭര്‍ത്താവ്  ജോലി ചെയ്യുന്നത്. അവിടെ സ്ഥിരതാമസത്തിനായി സഹോദരനോടൊപ്പം പോവുകയാണ്. ഉത്സാഹവതിയും സന്തോഷവതിയുമായ സുന്ദരിയാണ് അഞ്ജു.

രാത്രി ഉറങ്ങുന്നതിനുമുമ്പു ബൈബിള്‍ വായിക്കുന്നതു കണ്ടപ്പോള്‍ എനിക്കും ആ ഭാഗം വായിച്ചാല്‍ കൊള്ളാമെന്നു തോന്നി.

ഞാന്‍ അതുവായിച്ചു തിരിച്ചു കൊടുത്തപ്പോള്‍ അഞ്ജു ചോദിച്ചു: ഒരു സംശയം ചോദിച്ചോട്ടെ. തെറ്റാണെങ്കില്‍ ക്ഷമിക്കണം. ഷൗക്കത്ത് എന്നല്ലേ പേരു പറഞ്ഞത്. (അഞ്ജു പേരു ചോദിച്ചപ്പോള്‍ നിത്യ എന്നുപറയാന്‍ മറന്നുപോയി. മഹാക്ഷേത്രങ്ങളിലൂടെയുള്ള അനായാസമായ പ്രയാണത്തിന് എന്റെ പേര് നിത്യ എന്നു തീരുമാനിച്ചിരുന്നു. ഗീതേച്ചി ഗായത്രിയായി. അവര്‍ക്ക് ഗുരു നല്‍കിയ പേരാണ് ഗായത്രി) പിന്നെ എന്തിനാ ബൈബിള്‍ വായിക്കുന്നത്. നിങ്ങള്‍ ഖുര്‍ആനല്ലേ വായിക്കുക.””

അഞ്ജു വിചാരിക്കുന്നതു പോലെ ഒരു മതവിശ്വാസിയല്ല ഞാന്‍. ബുദ്ധനെയും മുഹമ്മദ് നബിയെയും യേശുക്രിസ്തുവിനെയും അറിവിന്റെ തേന്‍മൊഴികള്‍ നമുക്കു നല്‍കിയിട്ടുള്ള എല്ലാ മഹാത്മാക്കളെയും യാതൊരു ഭേദവുമില്ലാതെ ആദരിക്കുകയും ഭഗവദ്ഗീതയും ബൈബിളും വിശുദ്ധ ഖുര്‍ആനും പോലുള്ള വിശുദ്ധഗ്രന്ഥങ്ങള്‍ ഒരുപോലെ നമസ്‌ക്കരിച്ചു പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനാണ് ഞാന്‍.

പെന്തക്കോസ്തു സഭയുടെ മതില്‍ക്കെട്ടില്‍ കഴിയുന്ന അഞ്ജുവിന് ഒന്നും മനസ്സിലായില്ലെന്നു തോന്നുന്നു. ആ കുട്ടി കണ്ണു മിഴിച്ചു നോക്കിക്കൊണ്ട് അതെങ്ങനെ കഴിയുമെന്നു ചോദിച്ചപ്പോള്‍ ആത്മോന്നതിക്കു സഹായകമാകുന്ന എല്ലാ അറിവുകളെയും സ്വീകരിച്ചു ജീവിച്ച ഗുരുക്കന്മാരുടെ ലോകം വിദ്യാസമ്പന്നയായ അഞ്ജുവിനുപോലും അന്യമായിരിക്കുന്നല്ലോ എന്നോര്‍ത്തു സങ്കടം തോന്നി.

ഞാന്‍ ചിരിച്ചുകൊണ്ട് മൗനമായിരിക്കുന്നതുകണ്ട് അഞ്ജു പറഞ്ഞു : എന്നോടു ക്ഷമിക്കണം. മതത്തിന്റെ ചട്ടക്കൂട്ടില്‍ വളര്‍ന്ന, ഇപ്പോഴും അതേ ചട്ടക്കൂട്ടില്‍ തന്നെ കഴിയുന്ന ഒരാളാണു ഞാന്‍. എന്റെ മതം ശരി, ബാക്കിയെല്ലാം തെറ്റ് എന്നു പറയുന്ന ആളുകളയേ ഞാന്‍ കണ്ടിട്ടുള്ളൂ.

അഞ്ജു തുടര്‍ന്നു: എനിക്ക് പള്ളിയും കുര്‍ബാനയും ഒന്നും പൂര്‍ണ്ണസമാധാനം നല്‍കിയിട്ടില്ല. ക്രിസ്തുവിന്റെ ഹൃദയം അവിടെയൊന്നും ഇല്ലെന്നും മനസ്സിലാക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ലോകം എവിടെയെന്നു ആരോടു ചോദിച്ചാലും ഒരു കൂട്ടില്‍നിന്നും വേറൊരു കൂട്ടിലേക്കു ക്ഷണിക്കുന്നതു പോലെയേ അവരുടെ വാക്കുകള്‍ കേട്ടാല്‍ തോന്നൂ.

ഷൗക്കത്തിന് എങ്ങനെയാണ് ക്രിസ്തുവിനെ സ്‌നേഹിക്കാനും ആരാധിക്കാനും കഴിയുന്നത്? എല്ലാ മതങ്ങളേയും ഒരുപോലെ ആദരിക്കാനും സ്വീകരിക്കാനും കഴിയുന്നെന്നു പറയുമ്പോള്‍ വിരോധാഭാസം പോലെ തോന്നുന്നു.

“രാത്രി ഒത്തിരിയായില്ലേ. നമുക്കുറങ്ങാം. നാളെ രാവിലെ സംസാരിക്കാം.”

പിറ്റേന്നു രാവിലെ എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങളെല്ലാം കഴിഞ്ഞ് കാപ്പി മൊത്തിക്കുടിച്ചു പുറത്തേക്കു നോക്കി ഇരിക്കുമ്പോള്‍ അഞ്ജു ഗുഡ്‌മോണിംഗ് പറഞ്ഞ്് അടുത്തു വന്നിരുന്നു.


അറിവിലൂടെ ഹൃദയവിശാലതയിലേക്കു യാത്ര ചെയ്യുന്ന സത്യാന്വേഷകന് അറിവ് ആരില്‍ നിന്ന്, എവിടെ നിന്ന് വരുന്നുവെന്നതോ ഏതു ഭാഷയില്‍ പറഞ്ഞുവെന്നതോ ഒരു വിഷയമല്ല. സംശയത്തിനു തൃപ്തി നല്‍കുന്ന രീതിയിലുള്ള മറുപടി, മനസ്സിനെ കൂടുതല്‍ പ്രകാശത്തിലേക്കു നയിച്ചുകൊണ്ടു പോകാനുള്ള വശ്യത, ഇതൊക്കെ ആ വാക്കുകളിലുണ്ടോ എന്നതാണ് അവന്റെ ശ്രദ്ധയെ ആകര്‍ഷിക്കുന്നത്.


അഞ്ജുവിന്റെ ചോദ്യം വെറുമൊരു നേരംപോക്കല്ലായിരുന്നെന്നു  മനസ്സിലായപ്പോള്‍ ഞാന്‍ സംസാരിച്ചു തുടങ്ങി.

ലോകത്തുള്ള സര്‍വ ജീവജാലങ്ങളും ആഗ്രഹിക്കുന്നത് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കണമെന്നാണ്. സുഖം ഉണ്ടായിരിക്കണം എന്ന അഭിപ്രായത്തില്‍ ലോകത്തുള്ള ഒരു ജീവിക്കും എതിര്‍പ്പില്ല എന്നതിനാല്‍ “സുഖം” എന്നത് ഏവരുടെയും പൊതുവായ മതമാണെന്നു പറയാം.

കാലാകാലങ്ങളില്‍ ജനമദ്ധ്യത്തില്‍ വന്നുപിറന്ന  സുകൃതികളായ ജ്ഞാനികള്‍ അവരുടെ ഹൃദയത്തില്‍ വന്നുനിറഞ്ഞ ദൈവാനുഭൂതിയെ ലോകര്‍ക്കു പകര്‍ന്നു കൊടുക്കുകയുണ്ടായി.  അപ്പം മുതല്‍ ആത്മാനുഭവം വരെയുള്ള സര്‍വ ആവശ്യങ്ങളുടെയും നിറവേറലിനു വേണ്ടിയുള്ള സുഗമമായ മാര്‍ഗ്ഗങ്ങള്‍ അവരിലൂടെ ഒഴുകിയെത്തിയപ്പോള്‍ അത് അതതു കാലത്തിനും ദേശത്തിനും അവിടുത്തെ സംസ്‌കാരത്തിനും അനുയോജ്യമായ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടത്്.

എന്നാല്‍ ഇവരേവരും ഒന്നുറപ്പിച്ചു പറഞ്ഞു:  ഈ പ്രപഞ്ചത്തിലുള്ള സര്‍വ ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്നത് ഒരേ ശക്തിയാണ് . ആ സത്യമറിഞ്ഞ് ഭേദബുദ്ധി കൂടാതെ, ഏകത്വത്തില്‍ സുപ്രതിഷ്ഠിതമായ ഹൃദയത്തോടെ, കനിവുള്ളവരായി കഴിയുക. സ്‌നേഹവിഹീനമായ ഹൃദയത്തില്‍ ദൈവസാന്നിദ്ധ്യം ഒരിക്കലും അനുഭവമാകുകയില്ല.

അതുകൊണ്ട്  കുഞ്ഞിന്റെ നിഷ്‌ക്കളങ്കതയോടെ, സൗഹൃദം നിറഞ്ഞ ആത്മാവോടെ, ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ പേരില്‍ കലഹിക്കാതെ ഒരുമയുള്ളവരായി ദൈവത്തിനു സേ്താത്രം ചൊല്ലുക. അറിവുള്ളവരാകുക. അറിവിലൂടെയേ ആത്മസ്വാതന്ത്ര്യം നേടാനാവൂ.

ഇങ്ങനെ ആദിമനുഷ്യനില്‍നിന്നും പ്രവഹിച്ച അറിവിന്റെ പ്രകാശം അനേകം പ്രവാചകന്മാരിലൂടെയും ഗുരുക്കന്മാരിലൂടെയും ഒഴുകിയെത്തി ഇന്നും മുറിയാതെ നാളെയുടെ ലോകത്തിലേക്കു പ്രത്യാശയോടെ ഒഴുകുന്നതു കാണുമ്പോള്‍ സത്യം, അറിവ് എന്നൊക്കെ പറയുന്നതു  അനശ്വരമാണെന്ന് നാം അറിയും.

അറിവിലൂടെ ഹൃദയവിശാലതയിലേക്കു യാത്ര ചെയ്യുന്ന സത്യാന്വേഷകന് അറിവ്  ആരില്‍ നിന്ന്, എവിടെ നിന്ന് വരുന്നുവെന്നതോ ഏതു ഭാഷയില്‍ പറഞ്ഞുവെന്നതോ ഒരു വിഷയമല്ല. സംശയത്തിനു തൃപ്തി നല്‍കുന്ന രീതിയിലുള്ള മറുപടി, മനസ്സിനെ കൂടുതല്‍ പ്രകാശത്തിലേക്കു നയിച്ചുകൊണ്ടു പോകാനുള്ള വശ്യത, ഇതൊക്കെ ആ വാക്കുകളിലുണ്ടോ എന്നതാണ് അവന്റെ ശ്രദ്ധയെ ആകര്‍ഷിക്കുന്നത്.

ഉപനിഷദൃഷികളും ബുദ്ധനും യേശുവും മുഹമ്മദ് നബിയും തുടങ്ങിയുള്ള ഋഷിമനസ്സുകളെ പൂര്‍ണ്ണഹൃദയത്തോടെ സ്വീകരിക്കാനുള്ള അദമ്യമായ ആഗ്രഹം അറിവിനുവേണ്ടി ദാഹിക്കുന്ന ഏതാത്മാക്കളുടെയും സഹജസ്വഭാവമായി മാറുന്നു.

അണുമുതല്‍ വിഭുവരെ നിറഞ്ഞുനില്‍ക്കുന്ന അറിവിന്റെ പ്രകാശത്തെ അറിഞ്ഞ ഋഷി ഈശാവാസ്യമിദം സര്‍വ്വം എന്നും ലോകാ സമസ്താ സുഖിനോ ഭവന്തു എന്നും പ്രാര്‍ത്ഥിക്കുമ്പോള്‍ എങ്ങനെ നമുക്കതു സ്വീകരിക്കാതിരിക്കാനാവും? ലാ ഇലാഹ ഇല്ലല്ലാഹ്(അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനില്ല) എന്ന് വേറൊരു ഭാഷയില്‍ അതേ ഏകത്വത്തെ ഒരു പ്രവാചകന്‍ വെളിപ്പെടുത്തുമ്പോള്‍ ആര്‍ക്കതു നിഷേധിക്കാനാകും?

അവന്‍ നിന്റെ ഹൃദയത്തിലാണ് എന്നു പറഞ്ഞ കാരുണ്യവാനായ യേശുവിന്റെ സ്‌നേഹത്തെ ഏതു കള്ളിയില്‍ നമുക്കു തളച്ചിടാനാവും? ബുദ്ധന്റെ ധ്യാനാത്മകമായ മുഖം ആ അറിവു തന്നെയല്ലേ നമ്മോട് ഉദ്‌ഘോഷിക്കുന്നത്.


ഗ്രാമത്തില്‍നിന്നും പട്ടണത്തിലേക്കുള്ള മനുഷ്യന്റെ “വളര്‍ച്ച” ജീവിതത്തില്‍നിന്നും മരണത്തിലേക്കുള്ള പാച്ചിലായിരുന്നുവെന്ന് ദല്‍ഹിയിലെയും ബോംബെയിലെയും തെരുവുകളില്‍ ചെന്നാല്‍ ബോദ്ധ്യമാകും.തൊട്ടടുത്തൂടെ കടന്നു പോകുന്ന മനുഷ്യന്റെ മുഖത്തൊന്നു നോക്കാനോ അവനോടൊന്നു കുശലം പറയാനോ സമയമോ മനസ്സോ ഇല്ലാത്ത യന്ത്രങ്ങളെപ്പോലെയാണ് അവിടുത്തെ മനുഷ്യരെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.


മുറിവില്ലാതെ ഒഴുകിയെത്തിയ അറിവിനെ സ്വാത്മാവില്‍ സ്വീകരിച്ചു കൊണ്ട് ആധുനികനായ ഒരു ഋഷി നമുക്കു പറഞ്ഞു തന്നു; പലമതസാരവുമേകം. അദ്ദേഹം അതു വിശദീകരിച്ചുകൊണ്ടു പറഞ്ഞു:

അഖിലരുമാത്മസുഖത്തിനായ് പ്രയത്‌നം

സകലവുമികൂ സദാപി ചെയ്തിടുന്നു

ജഗതിയിലിമ്മതമേകമെന്നു ചിന്തി

ച്ചഘമണയാതകതാരമര്‍ത്തിടേണം.

[]ട്രെയിനിലുണ്ടായിരുന്ന രണ്ടു ദിവസവും അഞ്ജുവുമായി ദീര്‍ഘമായി സംസാരിച്ചു കൊണ്ടിരുന്നു. നാരായണഗുരു ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെന്നറിയില്ലെന്നും ഈഴവമതം സ്ഥാപിച്ച ഒരാളാണെന്നാണ് കരുതിയിരുന്നതെന്നും ആ കുട്ടി പറഞ്ഞപ്പോള്‍ മഹാത്മാക്കളെ സമുദായത്തിന്റെ “ഠ”വട്ടത്തില്‍ തളച്ചിടാനുള്ള അനുയായികളെന്നു പറയുന്നവരുടെ കുബുദ്ധി എന്നത്തെയുംപോലെ ഇന്നും സംഭവിക്കുന്നുവെന്നേയുള്ളൂ എന്നു പറഞ്ഞു.

ക്രിസ്തു ഉള്‍പ്പടെയുള്ള അറിവിന്റെ പ്രകാശഗോപുരങ്ങളെ പള്ളികളിലും അമ്പലങ്ങളിലും തളച്ചിടുന്ന അറിവില്ലായ്മയുടെ ഇരുളിലേക്ക് ഇനിയും നാമൊക്കെ വീണുപോകാതിരിക്കട്ടെ എന്നും കൂട്ടിച്ചേര്‍ത്തു.

സമ്പന്നമായ രണ്ടുദിവസം കടന്നുപോയതറിഞ്ഞില്ല. അടുത്തിരുന്ന ദല്‍ഹിക്കാരുമായി പരിചയപ്പെട്ടിരുന്നെങ്കിലും ഒന്നും സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഞങ്ങളുടെ സംഭാഷണം മലയാളത്തിലായിരുന്നതിനാല്‍ അവര്‍ക്ക് അതൊന്നും മനസ്സിലായില്ല.

ഗായത്രിയുടെയും എന്റെയും വേഷവും (കാവിയൊന്നുമല്ല) ഞങ്ങളുടെ സംഭാഷണത്തില്‍ ഇടയ്ക്കിടെ വന്നിരുന്ന ദൈവം, ആശ്രമം, ഹിമാലയം, ഗുരു, ഉപനിഷത്ത്, തുടങ്ങിയ വാക്കുകളും ശ്രദ്ധിച്ചതുകൊണ്ടായിരിക്കാം ഞങ്ങള്‍ ഒരു ആശ്രമത്തില്‍നിന്നും വരികയാണെന്ന് അവര്‍ക്കു മനസ്സിലായി.

അവര്‍ക്കു ഗുരുവിനെക്കുറിച്ചും ഗുരുകുലത്തെക്കുറിച്ചും അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടെന്നു പറഞ്ഞു. ഞാന്‍ അഞ്ജുവിനോടു സംസാരിച്ചതിന്റെ ഒരു സംക്ഷിപ്തം ഗായത്രി വളരെ അനായാസതയോടെ ഹിന്ദിയില്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തു.

രാവിലെ അഞ്ചു മണിക്ക് ദല്‍ഹിയിലെത്തി. സഹയാത്രികരോടു യാത്രപറഞ്ഞ് പുറത്തിറങ്ങി. റെയില്‍വെ സ്‌റ്റേഷനില്‍തന്നെ മുറി കിട്ടുമെങ്കില്‍ കുളിച്ചു വിശ്രമിച്ച് അടുത്തപരിപാടി ആലോചിക്കാമെന്നു പറഞ്ഞ് ഗായത്രി മുറിയന്വേഷിക്കാന്‍പോയി. അല്‍പസമയം കഴിഞ്ഞ് തിരിച്ചുവന്ന ഗായത്രി പറഞ്ഞു: ആറരയ്ക്ക്  ഇവിടെനിന്നും ഹരിദ്വാറിലേക്ക്  ബസ്സുണ്ട് . അതില്‍ പോയാലോ?

രണ്ടു ദിവസമായി കുളിച്ചിട്ട്. യാത്രാക്ഷീണവുമുണ്ട് . എന്നാലും പെട്ടെന്ന് ഹരിദ്വാറിലെത്താമല്ലോ എന്ന സന്തോഷംകൊണ്ട് പോകാമെന്നുതന്നെ തീരുമാനിച്ചു. അഴുക്കു നിറഞ്ഞ ഒരു ബസാറില്‍ നിന്നാണ് ബസ്സ് പുറപ്പെടുന്നത്. നാറിയിട്ട് ശ്വാസം മുട്ടുന്നു.

പ്രസാദമില്ലാത്ത നിര്‍വികാരമായ മുഖങ്ങളാണ്  ഡല്‍ഹിക്കാരുടേതെന്നു തോന്നുന്നു. അവിടെക്കണ്ട ഒരു ചായക്കടയില്‍നിന്നും ചായ കുടിച്ചു. അതിനുമുമ്പും അതിനുശേഷവും ഇത്രയും “നല്ല”ചായ കുടിച്ചിട്ടില്ല. അതോടെ ഭക്ഷണമെല്ലാം തല്‍ക്കാലം ഹരിദ്വാറില്‍ ചെന്നിട്ട് ആവാമെന്നു തീരുമാനിച്ചു.

ഗ്രാമത്തില്‍നിന്നും പട്ടണത്തിലേക്കുള്ള മനുഷ്യന്റെ “വളര്‍ച്ച” ജീവിതത്തില്‍നിന്നും മരണത്തിലേക്കുള്ള പാച്ചിലായിരുന്നുവെന്ന് ദല്‍ഹിയിലെയും ബോംബെയിലെയും തെരുവുകളില്‍ ചെന്നാല്‍ ബോദ്ധ്യമാകും.

തൊട്ടടുത്തൂടെ കടന്നു പോകുന്ന മനുഷ്യന്റെ മുഖത്തൊന്നു നോക്കാനോ അവനോടൊന്നു കുശലം പറയാനോ സമയമോ മനസ്സോ ഇല്ലാത്ത യന്ത്രങ്ങളെപ്പോലെയാണ്  അവിടുത്തെ മനുഷ്യരെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.

ഇപ്പോള്‍ നമ്മുടെ സാക്ഷരകേരളവും അതുപോലുള്ള ഉന്നത സംസ്‌കാരത്തിലേക്ക് ” ഉയര്‍ന്നു” വരുന്നതു കാണുമ്പോള്‍ നാം അറിഞ്ഞോ അറിയാതെയോ നഷ്ടപ്പെടുത്തിക്കളയുന്ന ധന്യതയുടെ ലോകങ്ങള്‍ എത്രയാണെന്നോര്‍ത്ത് സങ്കടം തോന്നുന്നു.

പതിവുപോലെതന്നെയായിരുന്നിരിക്കണം വളരെ വൈകിയാണ് ബസ്സ് പുറപ്പെട്ടത്. നല്ല ക്ഷീണവും വിശപ്പും ഉണ്ടായിരുന്നതിനാലാവാം ബസ്സ് പുറപ്പെട്ടതും ഉറക്കം തുടങ്ങിയതും ഒന്നിച്ചായിരുന്നു. ആരോ ഉറക്കെ വിളിക്കുന്നതുകേട്ട് കണ്ണു തുറന്നപ്പോള്‍ ബസ്സില്‍നിന്നും എല്ലാവരും ഇറങ്ങുന്നതു കണ്ടു. എന്തുപറ്റിയെന്നു ഗായത്രിയോടു ചോദിച്ചപ്പോള്‍ ഹരിദ്വാറെത്തിയെന്നു പറഞ്ഞു. സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു.


 എല്ലാ  ശനിയാഴ്ചയും തുടരുന്നു

We use cookies to give you the best possible experience. Learn more