1999 മെയ് പതിനാലിന് ഗുരു നിത്യചൈതന്യയതി സമാധിയായപ്പോള്‍ ഇനിയെന്ത്? എന്നൊരു ചിന്ത ഉള്ളില്‍ വന്നു നിറഞ്ഞു. മറുപടിക്കു താമസമുണ്ടായില്ല. ഹിമാലയം! ഹിമാലയം! എന്ന് ഹൃദയം മന്ത്രിച്ചു. പിന്നീടുള്ള ഓരോ വര്‍ഷവും രണ്ടും മൂന്നും മാസങ്ങള്‍ വീതമെങ്കിലും ഹിമാലയത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിക്കാനുള്ള ഭാഗ്യമുണ്ടായി. ഹരിദ്വാര്‍, ഹൃഷികേശ്, യമുനോത്രി, ഗംഗോത്രി, ഗോമുഖ്, തപോവനം, കേദാര്‍നാഥ്, ബദരിനാഥ്, ഹേംകുണ്ഡ്‌സാഹേബ്, അമര്‍നാഥ്…. അങ്ങനെയങ്ങനെ കുറെ യാത്രകള്‍
[share]
വയലുകളും തെങ്ങിന്‍ത്തോപ്പുകളും താണ്ടിയുള്ള ആ യാത്ര ഒരിക്കലും അവസാനിക്കില്ലെന്നു തോന്നിയിട്ടുണ്ട്. എന്റെയും അനുജന്റെയും കുഞ്ഞിക്കാലുകള്‍ക്ക് അത് വലിയൊരു “ഹിമാലയന്‍” യാത്ര തന്നെയായിരുന്നു. തെങ്ങോലകളിലിരുന്ന് കൂട്ടത്തോടെ കരയുന്ന കാക്കക്കൂട്ടങ്ങളെ കൗതുകത്തോടെ നോക്കിനില്‍ക്കും. ഒരു കാക്കയുടെ മരണത്തില്‍ ദുഃഖിച്ചുള്ള കരച്ചിലാണതെന്ന് മറിയക്കുട്ടി പറഞ്ഞുതരും.
വയലുകളില്‍ ധ്യാനിച്ചിരിക്കുന്ന കൊറ്റികള്‍ ഇന്നത്തെപ്പോലെ അന്നും ഒത്തിരി സന്തോഷിപ്പിച്ചിരുന്നു. പിന്നെ എത്രയോ തരം പക്ഷികള്‍, ആടുമാടുകള്‍. യാത്രയ്ക്കിടയില്‍ വെളിക്കിരിക്കാന്‍ തോന്നും. അതു പറയുമ്പോഴാണ് മറിയക്കുട്ടിയുടെ മുഖം ദേഷ്യം കൊണ്ട് തുടുക്കുക.
ട്രൗസറഴിച്ച് ഏതെങ്കിലും തോട്ടില്‍ ഇറക്കിയിരുത്തും. സ്വപ്‌നംകണ്ട് അങ്ങനെ ഇരിക്കും. ഇനി എവിടെയും പോകണമെന്നില്ലാത്ത അവസ്ഥ. മറിയക്കുട്ടിയുടെ അലറിയുള്ള വിളിയാണ് ആ ധ്യാനത്തില്‍നിന്നും ഉണര്‍ത്തുക. പെട്ടെന്ന് കാര്യമവസാനിപ്പിച്ച് യാത്ര തുടരും.[]
ഓലക്കുടിലുകളില്‍ ചാണകം മെഴുകിയ തറയില്‍ ഒന്നിരിക്കാനും കിടക്കാനും കഴിയുകയെന്നത് മഹാഭാഗ്യമായാണ് തോന്നിയിട്ടുള്ളത്. പോകുന്ന വഴിയില്‍ അങ്ങനെ ഒരു കുടിയില്‍ കയറി തറയില്‍ കമന്നടിച്ചു കിടക്കും. ആ തണുപ്പിന്റെ സുഖം എത്ര ധന്യതയാണ് എന്റെ കുഞ്ഞുമനസ്സന് പകര്‍ന്നു തന്നതു്! ഞങ്ങളുടെ തൊട്ടടുത്ത തട്ടാന്റെ വീട്ടില്‍പോയി എത്രയോ നേരം ഞാന്‍ എല്ലാം അഴിച്ചിട്ട് അങ്ങനെ കിടക്കുമായിരുന്നു.
[]ആദ്യത്തെ ധ്യാനാനുഭവം ആ ചാണകം മെഴുകിയ തറയില്‍ പതിഞ്ഞു കിടന്നിരുന്നതാണ്. കാലദേശങ്ങളറ്റ് ഏതോ നിര്‍വൃതിയില്‍ ലയിച്ചങ്ങനെ കിടക്കും. (എല്ലാ കുഞ്ഞുങ്ങള്‍ക്കും ധ്യാനം സഹജമായി സംഭവിച്ചു കൊണ്ടേയിരിക്കുന്നുണ്ടെന്നും അറിവുള്ള മുതിര്‍ന്നവരുടെ ഇടപെടലുകളും ജീവിതവീക്ഷണവും കുഞ്ഞുങ്ങളെ വലുതാവുംതോറും ആ ദിവ്യാനുഭവത്തില്‍ നിന്നും അകറ്റിക്കൊണ്ടു പോകുന്നതായും നാം അറിയുന്നുണ്ടോ ആവോ?)
യാത്രയ്ക്കിടയില്‍ ഒരു കുടുംബവീട്ടില്‍ കയറി കുറച്ചുനേരം വിശ്രമിക്കും. അവിടുത്തെ സ്നേഹവതിയും സുന്ദരിയുമായ ഉമ്മ ഞങ്ങള്‍ക്ക് ചായയും പലഹാരവും തരും. അവരുടെ തേജസ്സാര്‍ന്ന മുഖത്തേക്ക് കൊതിയോടെ നോക്കിയിരിക്കുന്ന എന്റെ കൗതുകം നിറഞ്ഞ മുഖം ഇപ്പോഴും എനിക്കു കാണാം.
പിന്നെ എത്രയും പെട്ടെന്ന് വല്ല്യുമ്മയുടെ അടുത്തെത്താനുള്ള ധൃതിയായി. എന്നെയും കാത്ത് വല്ല്യുമ്മയുടെ തലയണക്കടിയില്‍ രണ്ടു നേന്ത്രപ്പഴമെങ്കിലും ഇരിപ്പുണ്ടാകും. കാത്തിരുന്നു മുഷിഞ്ഞാവാം അവളുടെ തൊലിയൊക്കെ കറുത്തിരിക്കും. ചെന്നപാടെ അനുജന് ഒരുമ്മയും ഒരു പഴവും കൊടുത്ത് പോയി കളിക്കാന്‍ പറയും.
വാതിലടച്ച് എന്നെ അടുത്തു പിടിച്ചിരുത്തി ഖുര്‍ആനിലെ ഫാത്തിഅ സൂറത്ത് പലയാവര്‍ത്തി ചൊല്ലിക്കും. കിട്ടാന്‍ പോകുന്ന പഴത്തിന്റെ രസമോര്‍ത്ത് ഞാന്‍ കണ്ണടച്ചിരുന്ന് ഉറക്കെ ഓതും. വല്ല്യുമ്മയുടെ കണ്ണുനിറയും. എന്നെ അടുത്തു പിടിച്ചിരുത്തി തലയണക്കടിയില്‍നിന്നും രണ്ടു നേന്ത്രപ്പഴമെടുത്ത് തൊലിയുരിഞ്ഞ് വായില്‍ വെച്ചുതരും. ഒത്തിരി സന്തോഷമായാല്‍ പെട്ടിയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ഓറഞ്ചും തരും.
തൂവെള്ള തുണികൊണ്ടു നെയ്ത ളോഹപോലുള്ള നിസ്‌ക്കാരക്കുപ്പായവും പര്‍ദയും ധരിച്ചിരിക്കുന്ന വല്ല്യുമ്മയെ കണ്ടാല്‍ വിശുദ്ധയായ ബീവിയാണെന്നേ പറയൂ. ആ ഉമ്മയുടെ ഹൃദയത്തിന്റെ വിശുദ്ധിയും നന്മയും വാത്സല്യവും എന്നും എന്റെ സ്വപ്‌നമാണ്. അങ്ങനെയൊക്കെ നിഷ്‌ക്കളങ്കതയോടെ ജീവിക്കാനായെങ്കില്‍…
ഓര്‍മ്മവെച്ചനാള്‍ മുതലേ മുടങ്ങാതെ നമസ്‌ക്കരിക്കുന്ന വല്ല്യുമ്മയുടെ തേജസ്സാര്‍ന്ന മുഖവും ശരീരത്തില്‍ നിന്നും ഒഴുകിയെത്തുന്ന സുഗന്ധവും പിന്നീട് ഗുരുക്കന്മാരുടെ സന്നിധിയിലാണ് അനുഭവിക്കാന്‍ കഴിഞ്ഞത്. ശനിയാഴ്ച അവിടെ താമസിച്ച് ഞായറാഴ്ച തിരിച്ചു പോവുമ്പോള്‍ മിഠായി വാങ്ങിക്കാനായി വല്ല്യുമ്മ അമ്പതു പൈസ തരും. കവിളില്‍ ഉമ്മ തരും. നന്നായി പഠിക്കാന്‍ പറയും. നിസ്‌ക്കാരം മുടക്കരുതെന്ന് ഉപദേശിക്കും.[]
തൂവെള്ള തുണികൊണ്ടു നെയ്ത ളോഹപോലുള്ള നിസ്‌ക്കാരക്കുപ്പായവും പര്‍ദയും ധരിച്ചിരിക്കുന്ന വല്ല്യുമ്മയെ കണ്ടാല്‍ വിശുദ്ധയായ ബീവിയാണെന്നേ പറയൂ. ആ ഉമ്മയുടെ ഹൃദയത്തിന്റെ വിശുദ്ധിയും നന്മയും വാത്സല്യവും എന്നും എന്റെ സ്വപ്‌നമാണ്. അങ്ങനെയൊക്കെ നിഷ്‌ക്കളങ്കതയോടെ ജീവിക്കാനായെങ്കില്‍….
ഇങ്ങനെയൊക്കെയായിരുന്നു എന്റെ ആദ്യ യാത്രാനുഭവങ്ങള്‍. മനുഷ്യനും പ്രകൃതിയും വിചാരങ്ങളും വികാരങ്ങളും അങ്ങനെയങ്ങനെ എല്ലാംകൊണ്ടും സമ്പന്നമായ യാത്രകള്‍. ഇപ്പോള്‍ യാത്ര ചെയ്യുമ്പോള്‍ അന്നത്തെപ്പോലെ ചിന്തകളൊഴിഞ്ഞ ഹൃദയത്തോടെ സഞ്ചരിക്കാനാവാത്തതിനാലാവാം പലതും കാണാതെ പോകുന്നു, കേള്‍ക്കാതെ പോകുന്നു. അറിയാതെ പോകുന്നു.
1999 മെയ് പതിനാലിന് ഗുരു നിത്യചൈതന്യയതി സമാധിയായപ്പോള്‍ ഇനിയെന്ത്? എന്നൊരു ചിന്ത ഉള്ളില്‍ വന്നു നിറഞ്ഞു. മറുപടിക്കു താമസമുണ്ടായില്ല. ഹിമാലയം! ഹിമാലയം! എന്ന് ഹൃദയം മന്ത്രിച്ചു. പിന്നീടുള്ള ഓരോ വര്‍ഷവും രണ്ടും മൂന്നും മാസങ്ങള്‍ വീതമെങ്കിലും ഹിമാലയത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിക്കാനുള്ള ഭാഗ്യമുണ്ടായി.
ഹരിദ്വാര്‍, ഹൃഷികേശ്, യമുനോത്രി, ഗംഗോത്രി, ഗോമുഖ്, തപോവനം, കേദാര്‍നാഥ്, ബദരിനാഥ്, ഹേംകുണ്ഡ്‌സാഹേബ്, അമര്‍നാഥ്…. അങ്ങനെയങ്ങനെ കുറെ യാത്രകള്‍. ഹിമാലയത്തിന്റെ മഹനീയത വാക്കുകളില്‍ ആവിഷ്‌ക്കരിക്കാനുള്ള ശ്രമം അതിസാഹസമാണെന്നറിയാം. എന്നിട്ടും ഈ യാത്രകള്‍ നല്‍കിയ അനുഭവങ്ങളും അപ്പപ്പോള്‍ തോന്നിയ വിചാരങ്ങളും പിന്നീട് കോറിയിട്ടു.
എനിക്കൊപ്പം എല്ലാ യാത്രയിലും പങ്കാളിയായിരുന്ന ആത്മമിത്രം ഗായത്രിയുടെ പ്രശംസയും സഹകരണവും തുടര്‍ന്നെഴുതാന്‍ പ്രചോദനമായി. യാത്രയ്ക്കിടയില്‍ അവര്‍ കുറിച്ചുവെച്ച കുറിപ്പുകളുടെ സഹായമില്ലായിരുന്നെങ്കില്‍ ഇതെഴുതാന്‍ കഴിയുമായിരുന്നില്ല.
ഈശാവാസ്യോ- പനിഷത്തിലെയും ആത്മോപദേശ- ശതകത്തിലെയും മന്ത്രങ്ങളും ഫാത്തിഅസൂറത്തും ദൈവദശകവും ഇടവിട്ട് ഏവര്‍ക്കും കേള്‍ക്കാവുന്ന ശബ്ദത്തില്‍ ഞാന്‍ ഓതുന്നുണ്ടായിരുന്നു.
ചരിത്രവും ഭൂമിശാസ്ത്രവും ഒന്നും അറിയാന്‍ താല്പര്യമില്ലാത്ത മനസ്സായതിനാല്‍ അത്യാവശ്യം അറിയേണ്ട കാര്യങ്ങള്‍ പല ഇംഗ്ലീഷ് പുസ്തകങ്ങളില്‍നിന്നും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തുതന്ന ഡോ.ഹരിലാലിന്റെ സേവനം ഈ യാത്രാവിവരണത്തിനു് എത്രമാത്രം സഹായമായിട്ടുണ്ടെന്നു് എനിക്കു മാത്രമേ അറിയൂ.
ഒരമ്മയുടെ വയറ്റില്‍ പിറന്നാല്‍ മാത്രമല്ല സഹോദരനാവുക എന്ന സത്യം എനിക്കു ബോദ്ധ്യമായത് ഹുസൈനിക്കയെ പരിചയിച്ചപ്പോഴാണ്. ഒരു ജ്യേഷ്ഠസഹോദരന്റെ കരുതലോടെയും വാത്സല്യത്തോടെയും ഇത് എഡിറ്റു ചെയ്തുതന്ന ആ നിസ്വാര്‍ത്ഥ മനസ്സിനെ ഹൃദയപൂര്‍വ്വം നമസ്‌ക്കരിക്കുന്നു. പ്രിയ കൂട്ടുകാരി സ്മിതയുടെ സൂക്ഷ്മമായ ചില തിരുത്തലുകള്‍ എഴുത്തുകാരന്‍ എത്ര ശ്രദ്ധാലുവായിരിക്കണം എന്നോര്‍മ്മിപ്പിച്ചു.
എവിടെനിന്നു തുടങ്ങി എവിടെപോയി അവസാനിക്കുന്നെന്നു് പറയാനാവാത്ത ജീവിതമെന്ന മഹത്തായ യാത്രയുടെ ഇടയില്‍ സംഭവിക്കുന്ന കൊച്ചുകൊച്ചു ഉപയാത്രകള്‍. ഒഴുകിക്കൊണ്ടിരിക്കുന്ന നദി സദാ വിശുദ്ധിയെ പ്രാപിക്കുന്നുവെന്നത് യാത്രികനെ സംബന്ധിച്ചും സത്യംതന്നെ.
ബാഹ്യമായ സഞ്ചാരത്തേക്കാള്‍ ആന്തരികമായ യാത്രകളില്‍ ഹൃദയമര്‍പ്പിച്ച ഒരാളെന്ന നിലയില്‍ ഈ യാത്രകള്‍ പലപ്പോഴും ആന്തരിക യാത്രയായിപ്പോകുന്നുണ്ടു്. അതിന്റെ വെളിപ്പെടുത്തലുകള്‍ എത്രമാത്രം വായനക്കാര്‍ പൊറുപ്പിക്കുമെന്നറിയില്ല. ഇത്രയൊക്കെ ആമുഖമായി പറഞ്ഞുകൊണ്ട് സഹൃദയസമക്ഷം സമര്‍പ്പിക്കുന്നു.
സ്നേഹാദരങ്ങളോടെ,
ഷൗക്കത്ത്.
കാരമട
1.11.2005
സമയം പാതിരയോടടുത്തിരുന്നു. സമാധിയില്‍ നമസ്‌ക്കരിച്ച് അടുക്കളയില്‍പോയി ചായ കുടിച്ചു. ഉറക്കം വരുന്നില്ല. ഗുരുവിന്റെ സമാധിക്കു പിന്നിലുള്ള യൂക്കാലി വനത്തില്‍ ചെന്നിരുന്നു. ശക്തിയായി കാറ്റു വീശുന്നുണ്ട്. യൂക്കാലി മരത്തിലെ നീളനിലകള്‍ ചിലുചിലാ ശബ്ദമുണ്ടാക്കുന്നു. മരത്തില്‍ തലചായ്ച്ച് കണ്ണടച്ചിരുന്നു. ഇനിയെന്ത്? ഹിമാലയം! ഹിമാലയം! എന്ന് ഹൃദയം മന്ത്രിക്കാന്‍ തുടങ്ങി.
നിയോഗം
നാരായണ ഗുരുകുലം,
ഫേണ്‍ഹില്‍
സമാധിക്ക് ചുറ്റും തെളിഞ്ഞുകത്തുന്ന ആയിരം മണ്‍ചെരാതുകള്‍ക്കു മുമ്പില്‍ ഞാനിരുന്നു. ഗുരുവിനോടൊത്തു കഴിഞ്ഞ ദിനങ്ങള്‍ ഹൃദയത്തിലൂടെ ഒഴുകി മറഞ്ഞുകൊണ്ടിരുന്നു. ഉള്ളില്‍ നിറഞ്ഞ വിങ്ങല്‍ പുറത്തേക്കൊഴുകാതിരിക്കാന്‍ കണ്ണുകളടച്ച്, പ്രാണനം സൗമ്യമാക്കി, പ്രശാന്തിയെ ധ്യാനിച്ച് മൗനത്തിലമരാന്‍ ഞാന്‍ ശ്രമിച്ചു.
യതിപൂജയായിരുന്നു. ഗുരു സമാധിയായിട്ട് നാല്‍പത്തിയൊന്നു ദിവസമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. സമാധിക്കു തൊട്ടുള്ള കുടിലില്‍ ദിവസങ്ങള്‍ നിമിഷങ്ങള്‍ പോലെയാണ് കടന്നുപോയത്. ഗുരുവിന്റെ വാത്സല്യം ചിന്തയ്ക്കുപോലും ഇടംതരാതെ ഉള്ളില്‍ നിറഞ്ഞുനിന്നു.
രാത്രിയായി. തണുപ്പു കൂടിക്കൂടി വരുന്നു. ഓരോരുത്തരായി എഴുന്നേറ്റ് മുറികളിലേക്കു പോകുന്നു. മണ്‍ചെരാതുകള്‍ ഓരോന്നായി അണയാന്‍ തുടങ്ങി. എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. കണ്ണടച്ചുതന്നെ ഇരുന്നു.
ഈശാവാസ്യോപനിഷത്തിലെയും ആത്മോപദേശശതകത്തിലെയും മന്ത്രങ്ങളും ഫാത്തിഅസൂറത്തും ദൈവദശകവും ഇടവിട്ട് ഏവര്‍ക്കും കേള്‍ക്കാവുന്ന ശബ്ദത്തില്‍ ഞാന്‍ ഓതുന്നുണ്ടായിരുന്നു. വിളക്കുകളുടെ പ്രഭ കുറഞ്ഞുവരുന്നത് അനുഭവിക്കാനാവുന്നുണ്ട്. കുറെകഴിഞ്ഞ് മെല്ലെ കണ്ണുതുറന്നു. എല്ലാവരും പോയിരിക്കുന്നു. ഇനി വിരലിലെണ്ണാവുന്ന മണ്‍ചെരാതിലെ ദീപമേ അണയാനുള്ളൂ.
അല്പം കഴിഞ്ഞപ്പോള്‍ ഗോപിദാസണ്ണനും രണ്ടു സുഹൃത്തുക്കളും അടുത്തുവന്നു. അടുക്കളയില്‍ പോയി ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചു. ദീപങ്ങളെല്ലാം അണഞ്ഞ ശേഷമേ എഴുന്നേല്ക്കൂ? എന്നു ചോദിച്ചപ്പോള്‍ അതേയെന്ന് ഞാന്‍ തലയാട്ടി.
“ഓം” എന്നെഴുതിയതില്‍ കത്തിച്ചുവച്ച ദീപങ്ങളാണ് ഇനി അണയാനുള്ളത്. മൂന്നു ദീപങ്ങള്‍മാത്രം. ഓം എന്നെഴുതിയതിന്റെ ആദ്യത്തേതില്‍ ഇരിക്കുന്ന ചെരാതിലെ ദീപം താഴുകയും ഉയരുകയും ചെയ്യുന്നുണ്ട്. ഒരു മണിക്കൂര്‍ വീണ്ടും കടന്നു പോയിരിക്കും. ഗോപിദാസണ്ണന്‍ പറഞ്ഞു: “ഏറ്റവും അവസാനം ആ ഓമിന്റെ തുടക്കത്തില്‍ ഇരുന്നു കത്തുന്ന ദീപമാണ് അണയുന്നതെങ്കില്‍ ഗുരുവിന്റെ മഹിമയുടെ തെളിവായി നമുക്കതുകാണാം.”[]
ഗുരുക്കന്മാരുടെ മഹിമ ചിന്തകള്‍ക്കും സങ്കല്പങ്ങള്‍ക്കുമപ്പുറം അറിയാനാവാത്ത ലോകങ്ങളില്‍ പ്രോജ്ജ്വലിക്കുന്നെന്ന സത്യം വെളിപ്പെടുത്താനായിരിക്കണം പൂര്‍ണ്ണപ്രകാശത്തില്‍ കത്തിയിരുന്ന മറ്റു രണ്ടു ദീപങ്ങളെയുമണച്ച് ഓമിന്റെ അകാരത്തില്‍ ജ്വലിച്ചുനിന്ന ദീപത്തെ കുറേനേരത്തേക്കുകൂടി നിയതി അണയാതെ കാത്തത്.
സമയം പാതിരയോടടുത്തിരുന്നു. സമാധിയില്‍ നമസ്‌ക്കരിച്ച് അടുക്കളയില്‍പോയി ചായ കുടിച്ചു. ഉറക്കം വരുന്നില്ല. ഗുരുവിന്റെ സമാധിക്കു പിന്നിലുള്ള യൂക്കാലി വനത്തില്‍ ചെന്നിരുന്നു. ശക്തിയായി കാറ്റു വീശുന്നുണ്ട്. യൂക്കാലി മരത്തിലെ നീളനിലകള്‍ ചിലുചിലാ ശബ്ദമുണ്ടാക്കുന്നു. മരത്തില്‍ തലചായ്ച്ച് കണ്ണടച്ചിരുന്നു. ഇനിയെന്ത്? ഹിമാലയം! ഹിമാലയം! എന്ന് ഹൃദയം മന്ത്രിക്കാന്‍ തുടങ്ങി.
ഹിമാലയം! ഹിമത്തിന്റെ ഭവനം. അല്പംപോലും മാലിന്യമേല്‍ക്കാത്ത തൂവെള്ള വിശുദ്ധിയുടെ പുണ്യദേശം. ആ വാക്കു കേള്‍ക്കുമ്പോള്‍ തന്നെ ശരീരവും മനസ്സും കുളിരണിയുന്നു. നേരിട്ടു ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ എന്തായിരിക്കും അനുഭവം. ആലോചിക്കാനൊന്നുമില്ല. പോകുകതന്നെ. ഗുരു പരമ്പൊരുളില്‍ ലയിച്ചുകഴിഞ്ഞു.
ഋഷിവചനങ്ങള്‍ ഗുരുമുഖത്തു നിന്നും ശ്രവിക്കുമ്പോഴെല്ലാം ആ മഹസ്വികളുടെ ധ്യാനമനനാദികള്‍ക്ക് ഇടമൊരുക്കിക്കൊടുത്ത തപസ്ഥാനങ്ങളില്‍ ഹൃദയത്തോടൊപ്പം ശരീരത്തിനും സ്പര്‍ശിക്കാന്‍ ഭാഗ്യമുണ്ടാകണേയെന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. ദൈ്വതത്തിന്റെ നേരിയ നിഴല്‍പോലുമേല്‍ക്കാതെ ശുദ്ധചിന്മയസ്വരൂപന്മാരായി കഴിഞ്ഞിരുന്ന ദൈവമക്കള്‍, വര്‍ഷങ്ങള്‍ ഹര്‍ഷങ്ങളായനുഭവിച്ച തപോവനങ്ങള്‍!
മാനിനോടും പുലികളോടും കുശലം പറഞ്ഞും അരുവിയിലെ തെളിനീര്‍ കുടിച്ച് ദാഹമകറ്റിയും കിഴങ്ങുവര്‍ഗ്ഗങ്ങളും ഇലകളും ഭക്ഷിച്ച് വിശപ്പടക്കിയും ഏകാന്തതയുടെ മധുരം നുണഞ്ഞ് ആത്മാനുഭൂതിയുടെ കൈലാസത്തില്‍ പ്രതിഷ്ഠിതരായ ശിവാത്മാക്കള്‍. അവരുടെ പാദസ്പര്‍ശമേറ്റ മണ്ണിലൂടെ കൂപ്പുകൈയുമായി സഞ്ചരിക്കാന്‍ കഴിയുമെങ്കില്‍ അതിനേക്കാള്‍ വലിയ അനുഗ്രഹമില്ല. സൗന്ദര്യം ഏറ്റവും മഹിമയില്‍ പ്രകാശം ചൊരിയുന്നിടത്ത് ഋഷിസാന്നിദ്ധ്യംകൂടി അനുഭവിക്കാനാവുമെങ്കില്‍ അതുതന്നെ ജീവിതസാഫല്യം.
പിറ്റേന്ന് പ്രാര്‍ത്ഥനാക്ലാസ്സില്‍ സംസാരിക്കുന്നതിനിടയില്‍ ഗീതേച്ചി ഹിമാലയം സന്ദര്‍ശിക്കാന്‍ പോകുന്നുവെന്നു പറഞ്ഞപ്പോള്‍ ഒപ്പം പോയാലോ എന്നൊരു തോന്നല്‍ ഉള്ളില്‍ മിന്നിമറഞ്ഞു. പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഗീതേച്ചിയോടു ചോദിച്ചു: നമുക്കു രണ്ടുപേര്‍ക്കുംകൂടി ഹിമാലയത്തിനു പോകാം, അല്ലേ? ഗീതേച്ചി മറുപടി ഒന്നും പറഞ്ഞില്ല. വെറുതെ ഒന്നു ചിരിച്ചതേയുള്ളൂ.
ഷൗക്കത്തെന്താ എന്നോടൊപ്പം യാത്രചെയ്യാന്‍ തീരുമാനിച്ചത്. സ്ത്രീയോടൊത്തു യാത്രചെയ്യുന്നത് സ്വാതന്ത്ര്യത്തിനു വലിയ തടസ്സമല്ലേ?
ഗുരുവിന്റെ സമാധിയില്‍ നമസ്‌ക്കരിച്ച് എഴുന്നേല്‍ക്കുമ്പോള്‍ ഗുരു ചെവിയില്‍ സ്വകാര്യം പറഞ്ഞു; എടോ ഷൗക്കത്തേ, ഇയാള്‍ ഹിമാലയത്തിനു പോകുന്നതൊക്കെ കൊള്ളാം. എന്നാല്‍ ഹിന്ദിയും ഇംഗ്ലീഷുമൊന്നുമറിയാത്ത താന്‍ ഒറ്റയ്ക്കു പോകാതിരിക്കയാണു നല്ലത്. ആ ഗീതയെയും കൂട്ടി പോ. അവള്‍ക്കാണെങ്കില്‍ ഭാഷയൊക്കെ നന്നായറിയാം.
അന്നുരാത്രി തലയണയും നെഞ്ചോടമര്‍ത്തി ഗുരുവിന്റെ കട്ടിലില്‍ ഇരിക്കുമ്പോള്‍ ഗീതേച്ചി ഐചിംഗ് എടുത്തു മറിച്ചു നോക്കുന്നതുകണ്ടു. ഐചിംഗ് ഒരു ചൈനീസ് പ്രവചനഗ്രന്ഥമാണ്. അതു തുറന്നുനോക്കി പലരും അവരുടെ ജീവിതത്തില്‍ പ്രധാന തീരുമാനങ്ങളെടുക്കാറുണ്ട്. ഞാന്‍ ഗീതേച്ചിയുടെ അടുത്തു ചെന്നിരുന്നിട്ടു ചോദിച്ചു: നാം ഒന്നിച്ചു യാത്ര ചെയ്യണോ എന്നു ചോദിക്കയായിരിക്കും അല്ലേ?[]
ഗീതേച്ചി ചിരിച്ചു. തുറന്നിരിക്കുന്ന പേജ് എനിക്കു കാണിച്ചുതന്നു.
hold to him in truth and loyatly,
this is without blame
truth, like a full earthen bowl:
thus in the end
good fortune comes from without.
അതവസാനിക്കുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്: if we have missed the right moment for union and go on hesitating to give complete and full devotion, we shall regret the error when it is too late.
ഞങ്ങള്‍ ഒന്നിച്ചു യാത്രചെയ്യാന്‍ തീരുമാനിച്ചു. തലശ്ശേരിയിലെ കനകമല ഗുരുകുലത്തില്‍വെച്ച് വീണ്ടും കാണാമെന്നു പറഞ്ഞ് പിരിയുമ്പോള്‍ ഗീതേച്ചി എന്നോടു ചോദിച്ചു: ഷൗക്കത്തെന്താ എന്നോടൊപ്പം യാത്രചെയ്യാന്‍ തീരുമാനിച്ചത്. സ്ത്രീയോടൊത്തു യാത്രചെയ്യുന്നത് സ്വാതന്ത്ര്യത്തിനു വലിയ തടസ്സമല്ലേ?
[]ഗുരുവിന്റെ സമാധിയില്‍ നമസ്‌ക്കരിച്ച് എഴുന്നേല്‍ക്കുമ്പോള്‍ ഗുരു ചെവിയില്‍ സ്വകാര്യം പറഞ്ഞു; എടോ ഷൗക്കത്തേ, ഇയാള്‍ ഹിമാലയത്തിനു പോകുന്നതൊക്കെ കൊള്ളാം. എന്നാല്‍ ഹിന്ദിയും ഇംഗ്ലീഷുമൊന്നുമറിയാത്ത താന്‍ ഒറ്റയ്ക്കു പോകാതിരിക്കയാണു നല്ലത്. ആ ഗീതയെയും കൂട്ടി പോ. അവള്‍ക്കാണെങ്കില്‍ ഭാഷയൊക്കെ നന്നായറിയാം.
എന്റെ തമാശകേട്ട് ഗീതേച്ചി ചിരിച്ചു. ഗീതേച്ചി ഇല്ലായിരുന്നെങ്കില്‍ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടാനിടയായ യോഗിമാരോടും ബാബമാരോടും, കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്തുക്കളോടും സംവദിക്കാനും അവരുടെ ഹൃദയത്തോടടുത്തിരുന്ന് കുശലം പറയാനും എനിക്കാവില്ലായിരുന്നു.
യാത്ര ചെയ്യുമ്പോള്‍ പ്രകൃതിയുടെ മനോഹാരിതയില്‍ മാത്രം മയങ്ങി നടക്കാതെ തൊട്ടടുത്തൂടെ കടന്നുപോകുന്ന പാന്ഥന്റെ ഹൃദയസ്പന്ദനംകൂടി അറിയാന്‍ ശ്രമിക്കണമെന്ന് ഗുരു പറയുമായിരുന്നു. ഓരോ മനുഷ്യന്റെയും ഹൃദയത്തിലിരുന്നു വിളകൂന്ന ജ്ഞാനദീപം അല്പമായെങ്കിലും സ്വീകരിക്കാനാവുമെങ്കില്‍ അതില്‍പരം അനുഗ്രഹം വേറെയില്ലെന്ന് ഗുരുവിന്റെ ജീവിതത്തില്‍നിന്ന് അറിയാനും കഴിഞ്ഞിരുന്നു. അതുകൊണ്ട് വഴിയില്‍ കണ്ടുമുട്ടുന്നവരോടെല്ലാം കുശലം പറഞ്ഞും അവരുടെ വിശ്വാസങ്ങളും അനുഭവങ്ങളും ചോദിച്ചറിഞ്ഞും യാത്രയെ സമ്പന്നമാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
എല്ലാ ശനിയാഴ്ച്ചയും തുടരുന്നു