| Wednesday, 27th November 2024, 9:00 am

ഹിമാചൽ; കശ്മീരികളോട് ജയ്‌ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട സർപഞ്ചിന്റെ ഭാര്യ മാപ്പ് പറഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: ഷാൾ വിൽക്കാൻ ഷിംലയിൽ എത്തിയ മുസ്‌ലിം കാശ്മീരി വ്യാപാരികളോട് മോശമായി പെരുമാറുകയും ജയ്‌ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്ത സർപഞ്ചിന്റെ (പഞ്ചായത്ത് പ്രസിഡന്റ്) ഭാര്യ മാപ്പ് പറഞ്ഞു. കശ്മീരി വ്യാപാരികളോട് സ്ത്രീ മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു.

ആരും അവരുടെ ഉത്പന്നങ്ങൾ വാങ്ങില്ലെന്നും ഹിന്ദുക്കളിൽ നിന്നാണ് ഉത്പന്നങ്ങൾ വാങ്ങുക എന്നും അവർ പറയുന്നത് വീഡിയോയിൽ കാണാം. ‘ഞങ്ങൾ നിങ്ങളുടെ പക്കൽ നിന്ന് ഒന്നും വാങ്ങില്ല. ഞങ്ങൾ ഹിന്ദു ജനങ്ങളിൽ നിന്നാണ് വാങ്ങുക. എന്റെ പ്രദേശത്തേക്ക് വരരുത്,’അവർ പറഞ്ഞു.

രണ്ട് മിനിറ്റും 45 സെക്കന്റുമുള്ള വീഡിയോ വൈറൽ ആയതിന് പിന്നാലെയാണ് സ്ത്രീ മാപ്പപേക്ഷയുമായെത്തിയത്. വീഡിയോയിൽ അവർ കശ്മീരി വ്യാപാരികളോട് തന്റെ ഗ്രാമത്തിൽ കയറരുതെന്നും ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ ജയ്‌ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുന്നതും കാണാം. വീഡിയോ വൈറൽ ആയി ഒരു ദിവസത്തിന് ശേഷമാണ് ക്ഷമാപണം വന്നത്.

ചൊവ്വാഴ്ച, 49 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയിലാണ് മാപ്പപേക്ഷയുമായി അവർ എത്തിയത്. ‘ഞാൻ എൻ്റെ തെറ്റ് അംഗീകരിക്കുകയും മനഃപൂർവമോ അല്ലാതെയോ എന്തെങ്കിലും തെറ്റ് പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയും ചെയ്യുന്നു. സ്ത്രീകൾ ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്നതിനാലും ഞങ്ങൾ അപരിചിതരെ ഭയക്കുന്നതിനാലും എൻ്റെ വീട്ടിലേക്ക് വരരുതെന്ന് ഞാൻ അവരോട് പറഞ്ഞു,’ അവർ പറഞ്ഞു.

മുസ്‌ലിം വ്യാപാരികളെ ഉപദ്രവിക്കുന്നതിൻ്റെ വീഡിയോ ജമ്മു കശ്മീർ സ്റ്റുഡൻ്റ്സ് അസോസിയേഷൻ ദേശീയ കൺവീനർ നസീർ ഖുഹാമി പങ്കിട്ടു. വീഡിയോ ഹിമാചലിലെ ഹാമിർപൂർ അല്ലെങ്കിൽ കാൻഗ്ര ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ളതാണെന്നും സ്ത്രീ സർപഞ്ചിൻ്റെ ഭാര്യയാണെന്നും ഖുഹാമി അവകാശപ്പെട്ടിരുന്നു.

Content Highlight: Himachal: Sarpanch’s wife made to apologise for harassing Kashmiri traders

We use cookies to give you the best possible experience. Learn more