ഒരു കുപ്പി മദ്യത്തിന് പത്ത് രൂപ നികുതി; പശു സെസുമായി ഹിമാചല്‍പ്രദേശ്
national news
ഒരു കുപ്പി മദ്യത്തിന് പത്ത് രൂപ നികുതി; പശു സെസുമായി ഹിമാചല്‍പ്രദേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th March 2023, 11:39 pm

ഷിംല: മദ്യത്തിന് പശു സെസ് പ്രഖ്യാപിച്ച് ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍. ഒരു കുപ്പി മദ്യം വില്‍ക്കുമ്പോള്‍ പത്ത് രൂപ സെസ് ആയി ഈടാക്കുമെന്നാണ് പുതിയ തീരുമാനം. പ്രതിവര്‍ഷം 100 കോടി രൂപ വരുമാനം നേടുന്നതിന് സഹായിക്കുന്ന പദ്ധതിയാണിതെന്ന് 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു പറഞ്ഞു.

ഹിമാചല്‍പ്രദേശ് കൂടാതെ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പശു സെസ് ഈടാക്കുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെയുള്ള കണക്കുകള്‍ പ്രകാരം രാജസ്ഥാന്‍ സര്‍ക്കാര്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 2,176 കോടി രൂപ പശു സെസില്‍ നിന്ന് സമ്പാദിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ പശു സെസ് ഏര്‍പ്പാടാക്കിയ ആദ്യ സംസ്ഥാനങ്ങളിലൊന്ന് പഞ്ചാബ് ആണെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു. വാഹനങ്ങള്‍ വാങ്ങുമ്പോഴും, വൈദ്യുതോപയോഗം, കല്യാണ മണ്ഡപങ്ങള്‍ ബുക്ക് ചെയ്യല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും പഞ്ചാബ് പശു സെസ് ഈടാക്കാറുണ്ട്. കൂടാതെ ഇന്ത്യന്‍ നിര്‍മിത മദ്യത്തിന് പത്ത് രൂപയും പഞ്ചാബ് നിര്‍മിത മദ്യത്തിന് അഞ്ച് രൂപയും ഈടാക്കുന്നു.

നേരത്തെ പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയാനായി 0.5 ശതമാനം സെസ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. രാജസ്ഥാന്‍ സര്‍ക്കാരും സമാന രീതിയില്‍ പശു സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹിമാചല്‍പ്രദേശില്‍ വെള്ളിയാഴ്ച 53,413 കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. 2026ഓടെ ഹിമാചല്‍പ്രദേശിനെ ഹരിത സംസ്ഥാനമാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ സുഖ്‌വീന്ദര്‍ സിങ് സുഖു പറഞ്ഞു.

content highlight: Himachal Pradesh with cow cess; A tax of Rs.10 per bottle of liquor