| Saturday, 7th September 2024, 8:58 am

സാമ്പത്തിക ഞെരുക്കം; കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: സംസ്ഥാനത്ത് വ്യാവസായിക, ശാസ്ത്രീയ, ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചൽ പ്രദേശ് സർക്കാർ. നിയന്ത്രിത അന്തരീക്ഷത്തിൽ കഞ്ചാവ് കൃഷി ചെയ്യാൻ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ റിപ്പോർട്ട് ഹിമാചൽ പ്രദേശ് നിയമസഭ കഴിഞ്ഞ ദിവസം അംഗീകരിച്ചു. വെള്ളിയാഴ്ച റവന്യൂ മന്ത്രി ജഗത് സിങ് നേഗിയാണ് റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചത്.

‘കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിൽ സംസ്ഥാനത്തെ ജനങ്ങളും പിന്തുണയ്ക്കുന്നു, കാരണം കഞ്ചാവ് കൃഷിക്ക് കൂടുതൽ അധ്വാനം ആവശ്യമില്ല, അതിനാൽ നമുക്ക് അത് ഔഷധത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കാം. ഇന്ന് സഭ ഐകകണ്ഠ്യേന ഈ പ്രമേയം അംഗീകരിച്ചിരിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഹിമാചൽ പ്രദേശ് ബജറ്റ് രേഖകൾ പ്രകാരം, 2025 സാമ്പത്തിക വർഷത്തേക്കുള്ള സർക്കാരിൻ്റെ ചെലവ് 52,965 കോടി രൂപയായി കണക്കാക്കപ്പെടുന്നു, കൂടാതെ സംസ്ഥാനത്തിന് 5,479 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാനുമുണ്ട്.

നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്ടിലെ 10, 14 വകുപ്പുകൾ പ്രകാരം, ഔഷധ, ശാസ്ത്രീയ, വ്യാവസായിക ആവശ്യങ്ങൾക്കായി സംസ്ഥാനത്ത് കഞ്ചാവ് (ചരസ് ഒഴികെ) കൃഷി ചെയ്യുന്നത് നിയമവിധേയമാക്കുന്ന കാര്യം പരിശോധിക്കാൻ ഒരു സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. 2023 ഏപ്രിൽ 26ന് രൂപീകരിച്ച സമിതിയിൽ ശാസ്ത്രജ്ഞർ, ഹോർട്ടികൾച്ചർ വിദഗ്ധർ, എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും അംഗങ്ങളും ഉൾപ്പെട്ടിരുന്നു.

കഞ്ചാവ് ഉത്പാദനം,കൃഷി, കൈവശം വയ്ക്കൽ, വിൽപന, വാങ്ങൽ, ഗതാഗതം, സംഭരണം, കൂടാതെ ഉപഭോഗം എന്നിവ നിരോധിക്കുന്ന നിയമമാണ് നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്ട്. ഈ നിയമം ഭേദഗതി ചെയ്യുന്നതിനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഇതോടെ കഞ്ചാവ് ചെടികളുടെ ഉത്പാദനം, കൈവശം വയ്ക്കൽ, എന്നിവയ്‌ക്കൊപ്പം കൃഷി ചെയ്യാനും അനുവാദം ലഭിക്കും.

കൃഷിവകുപ്പ് ഗവേഷണ വികസന വിദഗ്‌ധരെയും സർവകലാശാലകളെയും ഏകോപിപ്പിച്ച് കഞ്ചാവ് കൃഷിക്കായി വിത്ത് ബാങ്കുകൾ വികസിപ്പിക്കും. അതിനിടെ, അധിക ജോലികൾ കൈകാര്യം ചെയ്യാൻ എക്‌സൈസ് വകുപ്പിന് പ്രത്യേക ജീവനക്കാരെയും നൽകുന്നതാണ്.

നിയന്ത്രിത കഞ്ചാവ് കൃഷിക്ക് അനുമതിയുള്ള ഉത്തരാഖണ്ഡ്, മധ്യപ്രദേശ് , ജമ്മു കശ്മീർ എന്നിവിടങ്ങളിൽ സമിതി അംഗങ്ങൾ സന്ദർശിക്കുകയും ചെയ്തു. ഹിമാചൽ പ്രദേശിലെ കഞ്ചാവ് കൃഷിയെക്കുറിച്ച് പൊതുജനാഭിപ്രായം ശേഖരിക്കുന്നതിനായി ചമ്പ, കാൻഗ്ര, കുളു, മാണ്ഡി, സിർമൗർ, സോളൻ ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളുടെ പ്രതിനിധികളുമായി അവർ കൂടിക്കാഴ്ചകൾ നടത്തുകയും അഭിപ്രായങ്ങൾ ആരായുകയും ചെയ്തു.

നിയന്ത്രിതമായ രീതിയിൽ സംസ്ഥാനത്ത് കഞ്ചാവ് കൃഷി അനുവദിക്കുന്നതിനെ അനുകൂലിച്ച് വൻ പിന്തുണയാണ് ലഭിച്ചതെന്ന് കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞു.

Content Highlight: Himachal Pradesh to legalise controlled cultivation of cannabis amid mounting financial troubles

We use cookies to give you the best possible experience. Learn more