national news
മിന്നല്‍ പ്രളയത്തില്‍ ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി 45 മലയാളികള്‍; രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 13, 05:57 am
Thursday, 13th July 2023, 11:27 am

ഷിംല: ഹിമാചല്‍ പ്രദേശിലെ പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് 45ഓളം മലയാളി ഡോക്ടര്‍മാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. മണാലി-കസോള്‍ ഭാഗത്ത് മിന്നല്‍ പ്രളയത്തെയും കനത്ത മഞ്ഞ് വീഴ്ചയെയും തുടര്‍ന്ന് ഗതാഗത തടസമുണ്ടായതിന് പിന്നാലെ 300ഓളം ടൂറിസ്റ്റുകള്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം.

എറണാകുളം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരായ 45 മലയാളികളാണ് മണാലി-കസോള്‍ ഭാഗത്ത് കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഇന്ന് തന്നെ ചണ്ഡീഗഡിലേക്ക് തിരിച്ചയക്കാനാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുളുവില്‍ നിന്ന് മണ്ഡിയിലേക്കുള്ള റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രണ്ട് ടെമ്പോ ട്രാവലറുകളിലായി 27 അംഗ സംഘത്തെയാണ് ഇന്ന് മണ്ഡിയിലെത്തിക്കുക. പത്ത് പുരുഷന്മാരും 17 സ്ത്രീകളും ആദ്യ സംഘത്തിലുണ്ട്.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് പോയ 18 അംഗ സംഘം നിലവില്‍ കസോളിലാണുള്ളത്. ഇവരെ ഇന്ന് വൈകീട്ടോടെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് കവറേജ് പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. അതിനാലാണ് ബന്ധുക്കള്‍ക്ക് ഇവരെ ബന്ധപ്പെടാന്‍ കഴിയാത്തത്. വൈകീട്ടോടെ നെറ്റ്‌വര്‍ക്ക് കണക്ഷന്‍ പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചന്ദ്രതാളില്‍ കുടുങ്ങിക്കിടക്കുന്ന അഞ്ച് മലയാളികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. വലിയ മഞ്ഞുവീഴ്ചയുള്ളത് രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നുണ്ട്. ഈ മേഖലയിലേക്ക് റവന്യൂമന്ത്രി ലേഖി എത്തിയിട്ടുണ്ട്. നാല് യൂണിറ്റ് എന്‍.ഡി.ആര്‍.എഫ് സംഘം ഇവിടെയെത്തിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇതുവരെ 60,000 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയതായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു പറഞ്ഞു. ‘10,000 പേര്‍ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ‘ആളുകളെ എത്രയും വേഗം രക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.

ഞങ്ങള്‍ കുളുവിലും മണാലിയിലും താല്‍ക്കാലികമായി വൈദ്യുതിയും മൊബൈല്‍ കണക്റ്റിവിറ്റിയും പുനഃസ്ഥാപിച്ചു. എല്ലാ ജില്ലകളിലും എത്താനും സാധ്യമായ പരമാവധി സഹായം നല്‍കാനും മന്ത്രിമാര്‍ ശ്രമിക്കുന്നുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.

ഹിമാചല്‍ പ്രദേശില്‍ പേമാരിയിലും മിന്നല്‍ പ്രളയങ്ങളിലും മരണം 88 ആയി ഉയര്‍ന്നു. വിവിധ അപകടങ്ങളിലായി 16ഓളം പേരെ കാണാതായെന്നും നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. 10,000 വിനോദ സഞ്ചാരികള്‍ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്.

ഏറ്റവും കൂടുതല്‍ ആളപായം ഉണ്ടായത് വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുളുവിലും (27) ഷിംലയിലുമാണ് (24). പ്രളയത്തില്‍ 492 മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചതായും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

Content Highlights: himachal pradesh rescue on, 45 malayalees stranded in kulu area