| Monday, 11th March 2024, 10:05 am

ഹിമാചലിൽ വിമത കോൺ​ഗ്രസ് എം.എൽ.എമാരെ അയോ​​ഗ്യരാക്കിയ നടപടി; സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ച് എം.എൽ.എമാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഹിമാചൽ പ്രദേശിൽ കൂറുമാറിയ ആറ് എം.എൽ.എമാരെ സ്പീക്കർ അയോ​ഗ്യരാക്കിയ നടപടിയെ ചോദ്യം ചെയ്ത് എം.എൽ.എമാർ സുപ്രീം കോടതിയിൽ. ഹിമാചലിൽ അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ ആറ് എം.എൽ.എമാർ ബി.ജെ.പിക്ക് വോട്ട് ചെയ്തതിന് പിന്നാലെയാണ് സ്പീക്കർ കുൽദീപ് സിങ് പതാനിയ ഇവരെ അയോ​ഗ്യരാക്കിയത്.

അയോ​ഗ്യത നടപടിയിൽ പ്രതികരിക്കാൻ മതിയായ സമയം സ്പീക്കർ നൽകിയില്ലെന്നും ഇത് നീതി നിഷേധമാണെന്നും ഹരജിയിൽ എം.എൽ.എമാർ വാദിച്ചു.

ഹരജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക. ഫെബ്രുവരി 29ന് ബജറ്റ് സമ്മേളനത്തിനായി നിയമസഭയിൽ ഹാജരാകാൻ ആവശ്യപ്പെട്ടുള്ള വിപ്പ് ലംഘിച്ചതോടെയാണ് സ്പീക്കർ അവരെ അയോ​ഗ്യരാക്കിയത്.

കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് സ്പീക്കർ നൽകിയതെന്നും എന്നാൽ അയോ​ഗ്യരാക്കുന്നതിനെ കുറിച്ച് അറിയിച്ചില്ലെന്നും എം.എൽ.എമാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സത്യപാൽ ജെയിൻ അവകാശപ്പെട്ടു. നോട്ടീസിന് മറുപടി നൽകാൻ ഏഴ് ദിവസം സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

എന്നാൽ, വിമത എം.എൽ.എമാർ ഹാജർ രജിസ്റ്ററിൽ ഒപ്പിട്ടിരുന്നുവെങ്കിലും ബജറ്റ് വോട്ടെടുപ്പിൽ നിന്ന് അവർ വിട്ട് നിന്നെന്ന് സ്പീക്കർ പറഞ്ഞു.

ഫെബ്രുവരി 27ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഈ ആറ് എം.എൽ.എമാരും ബി.ജെ.പി സ്ഥാനാർത്ഥിയായ ഹർഷ് മഹാജന് അനുകൂലമായാണ് വോട്ട് ചെയ്തത്. ക്രോസ് വോട്ടിങ് കാരണമാണ് മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി രാജ്യസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്.

രജീന്ദർ റാണ, സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ കുമാർ ഭൂട്ടൂ, രവി താക്കൂർ, ചേതന്യ ശർമ എന്നിവരാണ് അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ. ആറ് പേരെ അയോ​ഗ്യരാക്കിയതോടെ ഹിമാചൽ പ്രദേശ് നിയമസഭയുടെ അംഗബലം 68 ൽ നിന്ന് 62 ആയി കുറഞ്ഞു. കോൺ​ഗ്രസിന്റെ എം.എൽ.എമാരുടെ എണ്ണം 40ൽ നിന്ന് 34 ആയി ചുരുങ്ങുകയും ചെയ്തു.

കൂറുമാറ്റ നിരോധന നിയമപ്രകാരം ഹിമാചൽ പ്രദേശിൽ ഇതാദ്യമായാണ് എം.എൽ.എമാരെ അയോഗ്യരാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും അംഗം സ്വമേധയാ ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗത്വം ഉപേക്ഷിക്കുകയോ അല്ലെങ്കിൽ തൻ്റെ രാഷ്ട്രീയ പാർട്ടി പുറപ്പെടുവിച്ച ഏതെങ്കിലും നിർദേശത്തിന് വിരുദ്ധമായി സഭയിൽ വോട്ട് ചെയ്യുകയോ ചെയ്താൽ അവർ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പടും.

Content Highlight: Himachal Pradesh Rebel MLAs’ Case In Supreme Court On Tuesday

We use cookies to give you the best possible experience. Learn more