'കൂറുമാറിയാല്‍ ഇനി പെന്‍ഷനില്ല'; ബില്ലിന് അംഗീകാരം നല്‍കി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍
national news
'കൂറുമാറിയാല്‍ ഇനി പെന്‍ഷനില്ല'; ബില്ലിന് അംഗീകാരം നല്‍കി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th September 2024, 10:39 pm

ഷിംല: കൂറുമാറ്റ നിരോധന നിയമപ്രകാരം പുറത്താക്കപ്പെട്ട എം.എല്‍.എമാരുടെ പെന്‍ഷന്‍ ആനുകൂല്യം റദ്ദാക്കാനുള്ള ബില്ലിന് ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ അംഗീകാരം. 1971ലെ നിയമസഭാംഗങ്ങളുടെ പെന്‍ഷന്‍ നിയമത്തെ ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ ബില്ലിന് കോൺഗ്രസ് സർക്കാർ അംഗീകാരം നല്‍കിയത്. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

ജനാധിപത്യം നിലനിര്‍ത്താന്‍ ഈ ബില്‍ അനിവാര്യമാണെന്ന് സുഖ്‌വിന്ദർ സിങ് പറഞ്ഞു. ഹിമാചല്‍ പ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലി (അലവന്‍സസ് ആന്റ് പെന്‍ഷന്‍ ഓഫ് മെമ്പേഴ്‌സ്) ഭേദഗതി ബില്‍, 2024 നിയമസഭയിലെ ചര്‍ച്ചയ്ക്ക് ശേഷമാണ് അംഗീകരിച്ചത്.

പുതിയ ബില്‍ പ്രകാരം ഏതെങ്കിലും സമയത്ത് എം.എല്‍.എമാര്‍ അയോഗ്യരാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നിയമപ്രകാരം അവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാകില്ലെന്ന് പറയുന്നു. ഇതിനുപുറമെ അയോഗ്യരായ അംഗങ്ങള്‍ ഇതിനകം കൈപ്പറ്റിയ പെന്‍ഷനുകള്‍ വീണ്ടെടുക്കാന്‍ നിയമസാധുതയുണ്ടെന്നും ബില്‍ പറയുന്നു.

നിലവില്‍ അഞ്ച് വര്‍ഷം വരെ സേവനമനുഷ്ഠിക്കുന്ന എം.എല്‍.എമാര്‍ക്ക് 36,000 രൂപ പ്രതിമാസ പെന്‍ഷന് അര്‍ഹതയുണ്ട്. പെന്‍ഷന്റെ ആദ്യ ടേമിന് ശേഷമുള്ള ഓരോ വര്‍ഷത്തിനും 1,000 രൂപ അധികമായി ഇവര്‍ക്ക് ലഭിക്കുകയും ചെയ്യും.

1985ലെ 52ാം ഭേദഗതിയിലൂടെയാണ് കൂറുമാറ്റ നിരോധന നിയമം ഇന്ത്യന്‍ ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയത്. ഭരണവ്യവസ്ഥയുടെ സുസ്ഥിരത, തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അംഗങ്ങള്‍ പാര്‍ട്ടി മാറുന്നത് തടയല്‍ എന്നിവയായിരുന്നു ഈ ഭേദഗതിയുടെ ലക്ഷ്യം.

അതേസമയം 2024ന്റെ തുടക്കത്തില്‍ സുധീര്‍ ശര്‍മ, രവി താകൂര്‍, രജീന്ദര്‍ റാണ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ചേതന്യ ശര്‍മ, ദേവീന്ദര്‍ കുമാര്‍ എന്നീ കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്പീക്കര്‍ കുല്‍ദീപ് സിങ് അയോഗ്യരാക്കിയിരുന്നു. ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തതിനാണ് ഇവരെ സഭയില്‍ നിന്ന് പുറത്താക്കിയത്.

തുടര്‍ന്ന് കോണ്‍ഗ്രസിന്റെ അംഗസംഖ്യ 34 ആയി ചുരുങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തുകയും സഭയിലെ അംഗബലം 40ലേക്ക് എത്തിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കൂറുമാറ്റം അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയിരുന്നു. ഇതില്‍ ബി.ജെ.പി-ബി.ജെ.പി ഇതര എം.എല്‍.എമാരും ഉള്‍പ്പെട്ടിരുന്നു.

Content Highlight: himachal pradesh no pension for mlas who defect as congress government passes new bill