| Sunday, 17th April 2022, 4:03 pm

സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കടക്കം പുതിയ വിഷയമായി ഭഗവത് ഗീത, ഒപ്പം മറ്റ് ശ്ലോകങ്ങളും വേദഗണിതവും; കാവിവത്കരണത്തിന്റെ പാതയില്‍ ഹിമാചല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: പാഠ്യപദ്ധതികളില്‍ കാവിവത്കരണത്തിനൊരുങ്ങി ഹിമാചല്‍ പ്രദേശ്. ഭഗവത് ഗീതയടക്കമുള്ള കാര്യങ്ങള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്താനാണ് ഹിമാചല്‍ പ്രദേശ് സ്‌കൂള്‍ എഡ്യുക്കേഷന്‍ ബോര്‍ഡ് (എച്ച്.പി.എസ്.ഇ.ബി) ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി മൂന്നാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥികളെ സംസ്‌കൃതവും ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേദഗണിതവും (വേദിക് മാത്തമാറ്റിക്‌സ്) പഠിപ്പിക്കാനാണ് എച്ച്.പി.എസ്.ഇ.ബി ഒരുങ്ങുന്നത്.

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഭഗവത് ഗീത ഒരു വിഷയമായി പഠിക്കണമെന്നും എച്ച്.പി.എസ്.ഇ.ബി നിഷ്‌കര്‍ഷിക്കുന്നുണ്ട്. സയന്‍സ് അടക്കമുള്ള സ്ട്രീമുകളിലെ വിദ്യാര്‍ത്ഥികളാണ് ഭഗവത് ഗീത പഠിക്കേണ്ടി വരുന്നത്.

എന്നാല്‍ എച്ച്.പി.എസ്.ഇ.ബിയുടെ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ശാസ്ത്രവും സാങ്കേതികവുമായ കാര്യങ്ങള്‍ പഠിപ്പിക്കേണ്ട പ്രായത്തില്‍ വിദ്യാര്‍ത്ഥികളെ കാവിവത്കരിക്കുന്നു എന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നുവരുന്നത്.

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് യാതൊരു തരത്തിലുള്ള പ്രശ്‌നവും താന്‍ കാണുന്നില്ലെന്നായിരുന്നു ഹിമാചല്‍ പ്രദേശ് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് താക്കൂര്‍ പറഞ്ഞത്.

വിദ്യാര്‍ത്ഥികളെ തങ്ങളുടെ സംസ്‌കാരത്തെ കുറിച്ച് ബോധവാന്‍മാരാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നായിരുന്നു താക്കൂറിന്റെ വിശദീകരണം.

‘സ്‌കൂളുകളില്‍ ഹിന്ദിയിലും സംസ്‌കൃതത്തിലും ഭഗവത് ഗീത പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വൊക്കാബുലറി, സാഹിത്യം മറ്റുമൂല്യങ്ങള്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍ മൂന്നാം ക്ലാസ് മുതല്‍ തന്നെ സംസ്‌കൃതവും പഠിപ്പിക്കും,’ താക്കൂര്‍ പറയുന്നു.

സംസ്‌കൃതവും വേദഗണിവും പഠിപ്പിക്കുന്നതിനായി പുതിയ സിലബസ് തയ്യാറാക്കി കഴിഞ്ഞു എന്നാണ് എച്ച്.പി.എസ്.ഇ.ബി ചെയര്‍മാന്‍ സുരേഷ് കുമാര്‍ പറയുന്നത്.

ഗുജറാത്തില്‍ ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹിമാചലും ഇതിന് പിന്നാലെ പോവുന്നത്.

കഴിഞ്ഞ മാസമായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ ഭഗവത് ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനെ സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്. ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

സര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും (ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടെ) ഭഗവത് ഗീത ഉള്‍പ്പെടുത്താനാണ് തീരുമാനം.

കഥകളുടെയും ശ്ലോകങ്ങളുടെയും രൂപത്തിലായിരിക്കും ഗീത സിലബസില്‍ ഉള്‍പ്പെടുത്തുക എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഒമ്പതാം ക്ലാസ് മുതല്‍ ഇതിന്റെ വിശദാംശങ്ങള്‍ പഠിപ്പിച്ച് തുടങ്ങുമെന്നും വ്യക്തമാക്കുന്നു.

അതേസമയം ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Content Highlight: Himachal Pradesh introduces Bhagavat Geetha and Vedic Mathematics in schools critics target govt for ‘saffronising’ education

We use cookies to give you the best possible experience. Learn more