രാമക്ഷേത്ര ഉദ്ഘാടനം; അവധി പ്രഖ്യാപിച്ച് കോൺഗ്രസും
Ayodhya Ram Mandir
രാമക്ഷേത്ര ഉദ്ഘാടനം; അവധി പ്രഖ്യാപിച്ച് കോൺഗ്രസും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st January 2024, 3:10 pm

 

ന്യൂദൽഹി: രാമക്ഷേത്ര ഉദ്ഘാടന ദിവസമായ നാളെ (22 -1 -24 ) സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ. ആദ്യമായാണ് കോൺഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനം രാമക്ഷേത്ര ഉദ്‌ഘാടനത്തിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിക്കുന്നത്.
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന നാളെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കുമാണ് പൊതു അവധി പ്രഖ്യാപിച്ചത്.

‘രാമൻ ഏതെങ്കിലുമൊരു പാർട്ടിയുടേത് മാത്രമല്ല നമ്മളെല്ലാവരുടേതുമാണ്. കേന്ദ്ര ഗവൺമെൻറ് പകുതി ദിവസം മാത്രമാണ് അവധി കൊടുക്കുന്നതെങ്കിൽ ഞങ്ങൾ മുഴുവൻ ദിവസവും അവധി കൊടുക്കുന്നു.’ അവധി പ്രഖ്യാപിച്ച് കൊണ്ട് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു പറഞ്ഞു.

രാമക്ഷേത്ര ഉദ്‌ഘാടനത്തിനായുള്ള ക്ഷണം മുന്നേ കോൺഗ്രസ് നിരസിച്ചിരുന്നു. പ്രാണ പ്രതിഷ്ഠ ചടങ്ങിനെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ വിമർശിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഹിമാചൽ സർക്കാരിന്റെ തീരുമാനം. താൻ ചടങ്ങിൽ പങ്കെടുക്കുമെന്ന് നേരത്തെ ഹിമാചൽ മന്ത്രി പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര സർക്കാരും ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

Content Highlight : Himachal Pradesh Government declares a public holiday on the occasion of the Pran Pratishtha ceremony of Lord Ram in Ayodhya