ഷിംല: ഹിമാചല്‍ പ്രദേശില്‍ പേമാരിയിലും മിന്നല്‍ പ്രളയങ്ങളിലും മരണം 88 ആയി ഉയര്‍ന്നു. വിവിധ അപകടങ്ങളിലായി 16ഓളം പേരെ കാണാതായെന്നും നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. 20,000 വിനോദ സഞ്ചാരികള്‍ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്.
പ്രളയത്തില്‍ 492 മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചതായും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ആളപായം ഉണ്ടായത് വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുളുവിലും (27) ഷിംലയിലുമാണ് (24).
ചമ്പയില്‍ 10 പേരും മഴക്കെടുതികളില്‍ പെട്ട് മരിച്ചു. സൊളാനിലാണ് ഏറ്റവുമധികം ആളുകള്‍ക്ക് പരിക്കേറ്റത്. 25 പേര്‍ക്ക് ഇവിടെ പരിക്കേറ്റിട്ടുണ്ട്. ഷിംല – 19, ഉന – 11, സിര്‍മൗര്‍ – 9 എന്നിങ്ങനെയാണ് ഉയര്‍ന്ന കണക്കുകള്‍.
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു ഇന്ന് പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി. മണാലിയില്‍ ഹെലികോപ്ടറില്‍ സഞ്ചരിച്ചായിരുന്നു അദ്ദേഹം ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിച്ചത്.
സംസ്ഥാനം ഇന്നേ വരെ കാണാത്ത രീതിയിലുള്ള കനത്ത പേമാരിയാണ് നാല് ദിവസം മുമ്പ് ഹിമാചല് പ്രദേശില്‍ ഉണ്ടായത്. 238 മില്ലീമീറ്റര്‍ മഴയാണ് ഒരു ദിവസം കൊണ്ട് പെയ്‌തൊഴിഞ്ഞത്. ദേശീയ പാതകള്‍ ഉള്‍പ്പെടെ 250ഓളം റോഡുകളും മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തലും തകര്‍ന്നിരുന്നു.
സംസ്ഥാനത്ത് കനത്ത നാശനഷ്ടം ഉണ്ടായതായി മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു പറഞ്ഞു. ‘ആളുകളെ എത്രയും വേഗം രക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഇതുവരെ 50,000 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി.
എന്നാല്‍ 20,000 പേര്‍ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഞങ്ങള്‍ കുളുവിലും മണാലിയിലും താല്‍ക്കാലികമായി വൈദ്യുതിയും മൊബൈല്‍ കണക്റ്റിവിറ്റിയും പുനഃസ്ഥാപിച്ചു.
എല്ലാ ജില്ലകളിലും എത്താനും സാധ്യമായ പരമാവധി സഹായം നല്‍കാനും മന്ത്രിമാര്‍ ശ്രമിക്കുന്നുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.