|

സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയിൽ അതൃപ്തി; പോരാട്ടത്തിന് ഒരുങ്ങി കോൺ​ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഹിമാചൽപ്രദേശിൽ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബി.ജെ.പിയിൽ അതൃപ്തിയെന്ന് സൂചന. സംസ്ഥാനത്ത് ഭരണം ആവർത്തിക്കാനുള്ള പരിശ്രമത്തിലാണ് ബി.ജെ.പി. കുടുംബവാഴ്ച കേന്ദ്രീകരിച്ചാണെങ്കിലും ഭരണം നിലനിർത്തണമെന്നാണ് ബി.ജെ.പിയുടെ വാദമെന്ന ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉയരുന്നുണ്ട്. മുതിർന്ന നേതാക്കൾക്ക് ടിക്കറ്റ് നിഷേധിച്ചതും കുടുംബവാഴ്ച്ചയും സ്ത്രീപ്രാധിനിത്യക്കുറവും ചൂണ്ടിക്കാട്ടിയാണ് പാർട്ടിയിലെ കലഹമെന്നാണ് റിപ്പോർട്ട്.

സിറ്റിങ് എം.എൽ.എമാർക്ക് ബി.ജെ.പി ടിക്കറ്റ് നിഷേധിച്ച് പുതുമുഖങ്ങളെ കൊണ്ടുവരാനുള്ള നീക്കങ്ങളും ഇതിന് പിന്നാലെ നടക്കുന്നുണ്ട്.
മന്ത്രി മഹേന്ദർ സിങ് താക്കൂറിന്റെ മകൻ രജത് താക്കൂറിന് മാണ്ഡി ജില്ലയിലെ ധരംപൂർ സീറ്റിൽ ടിക്കറ്റ് നൽകിയതാണ് ഒരുവിഭാഗം നേതാക്കളെ പ്രകോപിച്ചത്. 1989 മുതൽ ഠാക്കൂർ ഈ സീറ്റിൽ മത്സരിക്കുന്നുണ്ട്.

മാണ്ഡി (സദർ) സീറ്റിൽ മുൻ കേന്ദ്രമന്ത്രി സുഖ് റാമിന്റെ മകനും സിറ്റിങ് എം.എൽ.എയുമായ അനിൽ ശർമയ്‌ക്കാണ് ബി.ജെ.പി ടിക്കറ്റ് നൽകിയത്.

പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവർക്കും പാർട്ടി ടിക്കറ്റ് നൽകിയിട്ടുണ്ട്. പുതിയ സ്ഥാനാർത്ഥി പട്ടിക അനുസരിച്ച്‌ മുഖ്യമന്ത്രി ജയറാം താക്കൂർ സെറാജിലും മുൻ കേന്ദ്രമന്ത്രി സുഖ് റാമിന്റെ മകൻ അനിൽ ശർമ മാണ്ഡിയിലും സത്പാൽ സിങ് സത്തി ഉനയിലും മത്സരിക്കും.

62 പേരടങ്ങിയ പട്ടികയാണ് പാർട്ടി പുറത്തിറക്കിയിരിക്കുന്നത്. അഞ്ച് വനിതാ സ്ഥാനാർഥികളും ആദ്യ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പട്ടിക പുറത്തിറക്കിയത്.

അഞ്ച് വനിതകൾക്കും 11 പട്ടികജാതി സ്ഥാനാർഥികൾക്കും എട്ട് പട്ടികവർഗക്കാർക്കും ബി.ജെ.പി ടിക്കറ്റ് നൽകിയിട്ടുണ്ട്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് ലിസ്റ്റിൽ ഇടംപിടിച്ചവരുൾപ്പെടെ 19 പുതുമുഖങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോൺഗ്രസും സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയിരുന്നു. 46 പേരുടെ പട്ടികയാണ് പാർട്ടി പുറത്തിറക്കിയത്. നിയമസഭാ കക്ഷി നേതാവ് മുകേഷ് അഗ്നിഹോത്രിയെ ഉന ജില്ലയിലെ ഹരോളിയിൽ നിന്ന് മത്സരിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ നീക്കം. മുൻ സംസ്ഥാന മന്ത്രിയും മുൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) സെക്രട്ടറിയുമായ ആശാ കുമാരിയെ ഡൽഹൗസി സീറ്റിൽ നിന്നാണ് പാർട്ടി മത്സരിപ്പിക്കുക.

അതേസമയം ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. ഒക്ടോബർ 25 ന് ആണ് സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സംസ്ഥാനത്ത് നവംബർ 12 നായിരിക്കും പോളിങ് നടക്കുക. ഡിസംബർ 8ന് ഫലം പ്രഖ്യാപിക്കും.

Content Highlight: Himachal Pradesh elections 2022: After 62-name first list, murmurs of discontent in BJP