ഷിംല: ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിനുള്ളില്‍ യാതൊരു ഭിന്നതയുമില്ലെന്നും അത് ബി.ജെ.പിയുടെ വ്യാഖ്യാനം മാത്രമാണെന്നും നിയുക്ത മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു.
ലോബിയിങ് നടക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ ഹിമാചല്‍ കോണ്‍ഗ്രസില്‍ വിഭാഗീയതയില്ലെന്നും പറഞ്ഞ സുഖു സര്‍ക്കാര്‍ രൂപീകരണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള രാജീവ് ശുക്ലക്കായിരിക്കും ഇത് വെല്ലുവിളിയാകുകയെന്നും എല്ലാ തീരുമാനങ്ങളും അദ്ദേഹമാണ് എടുക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”വളരെ താഴ്ന്ന പശ്ചാത്തലത്തില്‍ നിന്നാണ് ഞാന്‍ ഉയര്‍ന്നുവന്നത്. എന്നെപ്പോലെയുള്ള ഒരാളെയാണ് ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാക്കിയത് എന്നത് അഭിമാനത്തിന്റെ നിമിഷമാണ്.
ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഇങ്ങനെയൊരു അവസരം ലഭിച്ചത് സന്തോഷത്തിന്റെ നിമിഷമാണ്. ഇതിന് കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനും നന്ദി പറയുന്നു.
കോണ്‍ഗ്രസിന്റെ പാരമ്പര്യം ഞങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും. വീര്‍ഭദ്ര സിങ്ങിന്റെ പാരമ്പര്യം മാത്രമല്ല, യശ്വന്ത് സിങ്, രാംലാല്‍ ഠാക്കൂര്‍ തുടങ്ങിയ നേതാക്കളുടെയും പാരമ്പര്യമാണ് നമ്മള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത്. മറ്റെന്തിനേക്കാളും വലുത് പാര്‍ട്ടിയാണ്,” സുഖു പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിര്‍ഭദ്ര സിങ്ങുമായുള്ള സുഖുവിന്റെ അഭിപ്രായഭിന്നത ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു. വീര്‍ഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭ സിങ്ങിന്റെ പേരും നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു.
അതേസമയം, 68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ 40 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ഭരണംപിടിച്ചത്. സംസ്ഥാനത്തിന്റെ 15ാമത് മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസമായിരുന്നു സുഖ്‌വിന്ദര്‍ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി അംഗങ്ങളുടെ യോഗത്തിലാണ് 58കാരനായ സുഖ്‌വിന്ദറിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹിമാചലില്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണ സമിതി തലവനും സുഖുവായിരുന്നു.
‘ആരുടെയെങ്കിലും മകനോ മകളോ അല്ലാത്തതിനാല്‍ പദവികള്‍ ഒന്നും അയാള്‍ക്ക് ലഭിക്കില്ല’ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഹാസത്തിനുള്ള കോണ്‍ഗ്രസിന്റെ മറുപടിയാണ് സുഖ്‌വിന്ദര്‍ സിങ് സുഖുവിനെ മുഖ്യമന്ത്രിയാക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍ ഓഫ് ഇന്ത്യയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സുഖ്‌വിന്ദര്‍ സിങ് സുഖു നാല് തവണ എം.എല്‍.എയും രണ്ട് തവണ ഷിംല മുന്‍സിപ്പല്‍ കോര്‍പറേഷന്റെ മേയറുമായിട്ടുണ്ട്. ഹിമാചല്‍ ജനസംഖ്യയുടെ 33 ശതമാനത്തോളം വരുന്ന രജ്പുത് വിഭാഗത്തില്‍നിന്നുള്ള നേതാവാണ് അദ്ദേഹം. ഹമിര്‍പുര്‍ ജില്ലയിലെ നദൗന്‍ മണ്ഡലത്തില്‍ നിന്നാണ് നാല് തവണയും ഇദ്ദേഹം വിജയിച്ചത്.
രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണദ്ദേഹം. ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി ഭാരത് ജോഡോ യാത്രക്ക് അവധി നല്‍കി രാഹുല്‍ ഹിമാചലിലെത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Content Highlight: Himachal Pradesh CM Sukhvinder Singh Sukhu says there is no factionalism in the Congress in Himachal