ഷിംല: ഹിമാചല്‍ പ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിന് പിന്നാലെ പാര്‍ട്ടിയുടെ 15 എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്ത് സ്പീക്കര്‍ കുൽദീപ് സിങ് പതാനിയ. പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ ഉള്‍പ്പടെയുള്ള ബി.ജെ.പിയുടെ 15 എം.എല്‍.എമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
നിയമസഭയില്‍ പ്രതിഷേധിച്ചെന്നാരോപിച്ചാണ് എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെ സഭയിലെ ബി.ജെ.പി എം.എല്‍.എമാരുടെ എണ്ണം 11 ആയി ചുരങ്ങി. ചൊവ്വാഴ്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസിന്റെ ആറ് എം.എല്‍.എമാരും മൂന്ന് സ്വതന്ത്ര എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് പോയത് ഈ സസ്‌പെന്‍ഷനിലൂടെ മറികടക്കാന്‍ സാധിക്കുമെന്നത് കോണ്‍ഗ്രസിന് നിലവില്‍ ആശ്വാസം നല്‍കുന്ന കാര്യമാണ്.
കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തെ സസ്‌പെന്‍ഷനിലൂടെ മറികടക്കാന്‍ താത്കാലികമായി സാധിച്ചിട്ടുണ്ട്. ഇതിനിടെ, സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ് രാജിവെച്ചു. സര്‍ക്കാര്‍ എം.എല്‍.എമാരെ അവഗണിച്ചതാണ് അവരുടെ കൂറുമാറ്റത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് എം.എല്‍.എമാരോട് അനാദരവ് കാട്ടിയെന്നും അദ്ദേഹം ആരോപിച്ചു.
ചൊവ്വാഴ്ച വൈകിട്ട് കോണ്‍ഗ്രസ് നോതാവ് പ്രിയങ്ക ഗാന്ധിയോട് ഫോണില്‍ സംസാരിച്ച വിക്രമാദിത്യ ഹിമാചല്‍ പ്രദേശ് ഉപമുഖ്യമന്ത്രി അഗ്നിഹോത്രിയെ മുഖ്യമന്ത്രി ആക്കി പ്രശ്‌നം പരിഹരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അഗ്നിഹോത്രിയെ മുഖ്യമന്ത്രിയും വിക്രമാദിത്യയെ ഉപ മുഖ്യമന്ത്രിയുമാക്കണമെന്നാണ് കോൺഗ്രസിലെ ഒരുപക്ഷം മുന്നോട്ട് വെച്ച ഉപാധി.
കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകീട്ട് ഹിമാചലില്‍ നടക്കുന്ന യോഗത്തില്‍ ഈ വിഷയങ്ങളും ചര്‍ച്ചയാകും.
ഹിമാചല്‍ പ്രദേശില്‍ ചൊവ്വാഴ്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ ആറ് എം.എല്‍.എമാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം. കോണ്‍ഗ്രസ് സർക്കാരിന് സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു.
എന്നാല്‍ കൂറുമാറിയ ആറ് എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്ത് സമര്‍പ്പിച്ചു. ഹിമാചല്‍ പ്രദേശിലെ 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എം.എല്‍.എമാരും ബി.ജെ.പിക്ക് 25 എം.എല്‍.എമാരുമാണ് ഉള്ളത്. ബാക്കിയുള്ള മൂന്ന് സീറ്റുകള്‍ സ്വതന്ത്രര്‍ക്കാണ്.