ഷിംല: മഹാരാഷ്ട്ര സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ ലോങ്മാര്‍ച്ചിന് പിന്നാലെ ഹിമാചലിലും സര്‍ക്കാരിനെതിരെ കര്‍ഷക സഭ. ആയിരക്കണക്കിന് കര്‍ഷകരാണ് ഹിമാചല്‍പ്രദേശ് നിയമസഭ വളഞ്ഞത്. സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയും പ്രസംഗം നടത്തിയുമാണ് വിധാന്‍ സഭയ്ക്ക് മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി ഒത്തുകൂടിയത്. കൃഷിയിടത്തില്‍ നിന്ന് കര്‍ഷകരെ ഓടിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് കിസാന്‍ സഭ പ്രസിഡന്റ് കുല്‍ദീപ് തന്‍വാര്‍ പ്രസംഗിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.ഐ.എം നേതാവും തിയോഗ് എം.എല്‍.എയുമായ രാകേഷ് സിന്‍ഹ, കിസാന്‍ സഭ ജോയിന്‍ സെക്രട്ടറി വിജൂ കൃഷ്ണയും കിസാന്‍ സഭാ നേതാക്കളും പ്രതിഷേധത്തില്‍ കര്‍ഷകരെ അഭിസംബോധന ചെയ്തു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ വിധാന്‍ സഭ വളഞ്ഞത്. ദേശീയ ശ്രദ്ധ നേടിയ മുംബൈ ലോംങ് മാര്‍ച്ചില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ് കിസാന്‍ സഭ ഹിമാചല്‍ പ്രദേശിലും കര്‍ഷക പോരാട്ടത്തിന് തയ്യാറെടുക്കുന്നത്.
സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, എല്ലാ ചെറുകിട ഇടത്തരം കര്‍ഷര്‍ക്കും അഞ്ചേക്കര്‍ വീതം കൃഷിഭൂമി അനുവദിക്കുക, പാലിനും പാലുല്പന്നങ്ങള്‍ക്കും ന്യായമായ താങ്ങു വിലയേര്‍പ്പെടുത്തുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുക, വിളകള്‍ നശിപ്പിക്കുന്ന കുരങ്ങു ശല്യം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം
ഹിമാചലില്‍ ആകെ ഭൂമിയുടെ 11 ശതമാനം മാത്രമേ കൃഷിയോഗ്യമായിട്ടുള്ളു. എന്നാല്‍ സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ 60 ശതമാനവും കര്‍ഷകവൃത്തിയെ ഉപജീവനമാര്‍ഗമാക്കിയാണ് ജീവിക്കുന്നത്. കൃഷിഭൂമിയുടെ അപര്യാപ്തതമൂലം വനഭൂമിയില്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ നിര്‍ബന്ധിരാകുകയാണ്. എന്നാല്‍ കൃഷി ചെയുന്ന കര്‍ഷകനെ കയ്യേറ്റക്കാരനാക്കി ചിത്രീകരിക്കുന്ന സര്‍ക്കാര്‍ അവരെ ഭൂമിയില്‍ നിന്ന് പുറത്താക്കുന്നത് ഹിമാചലില്‍ പതിവ് കാഴ്ചയാണ്.
കൂടാതെ കര്‍ഷകര്‍ക്ക് കൂടുതല്‍ വിളവ് നല്‍കുന്ന ആപ്പിള്‍, ഓറഞ്ച് മരങ്ങളും വ്യാപകമായി സര്‍ക്കാര്‍ മുറിച്ച് നീക്കപ്പെടുകയാണ്. ഇത്തരം കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് കര്‍ഷകരുടെ പ്രക്ഷോഭം. ഹിമാചലില്‍ ഒരു ലിറ്റര്‍ പാലിനു 15 രൂപയാണ്. പാലിന് 30 രൂപ ന്യായവില ഏര്‍പ്പെടുത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
ചിത്രങ്ങള്‍/ വീഡിയോ: കാട്ടുകടന്നല്‍, ഓള്‍ ഇന്ത്യ കിസാന്‍ സഭ