| Friday, 8th November 2024, 9:31 pm

ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയുടെ സമോസ കാണാതായി; സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടത് സമോസയെക്കുറിച്ച് അന്വേഷിക്കാനല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖുവിന് വിളമ്പാന്‍ വെച്ചിരുന്ന സമോസ കാണാതായ വിഷയത്തില്‍ സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി.  സമോസ കാണാതായതില്‍ അല്ല അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മറിച്ച് ചില ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു സുഖ്‌വിന്ദര്‍ സിങ് സുഖുവിന്റെ പ്രതികരണം.

മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ സമോസ കാണാതായതില്‍ അല്ല അന്വേഷണം നടത്തിയതെന്ന് സുഖ്‌വിന്ദര്‍ പറഞ്ഞു. ഈ വിഷയത്തില്‍ തനിക്ക് എതിരെ നടക്കുന്നത് ബി.ജെ.പിയുടെ സംഘടിതമായ ആക്രമണമാണെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിജയിച്ചതുമുതല്‍ തനിക്കെതിരെയുള്ള അപവാദ പ്രചാരണം ആരംഭിച്ചതാണെന്നും സുഖ്‌വിന്ദര്‍ പറഞ്ഞു.

‘ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള സി.ഐ.ഡി അന്വേഷണം മാധ്യമങ്ങള്‍ സമോസയെക്കുറിച്ചുള്ളതാക്കി മാറ്റി. കൂടാതെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഞാന്‍ സമോസ കഴിക്കാറുമില്ല,’ സുഖ്‌വിന്ദര്‍ പറഞ്ഞു.

ഒക്ടോബര്‍ 21 ന് സി.ഐ.ഡി ആസ്ഥാനത്ത് വെച്ച നടന്ന സംഭവമാണ് സമോസ വിവാദത്തിന് ഇടയാക്കിയത്. സി.ഐ.ഡി ആസ്ഥാനത്ത് ഒരു ചടങ്ങിനായി പോയ മുഖ്യമന്ത്രിക്ക് നല്‍കാനായി ലക്കര്‍ ബസാറിലെ ഒരു ഹോട്ടലില്‍ നിന്ന് മൂന്ന് പെട്ടി സമൂസകളും കേക്കുകളും കൊണ്ടുവന്നിരുന്നു. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഏകോപനക്കുറവ് കാരണം മുഖ്യമന്ത്രിക്ക് പകരം അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാര്‍ക്കാണ് സമോസയും കേക്കുകളും നല്‍കിയത്.

ഇതിനെത്തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. റിപ്പോര്‍ട്ടില്‍ പേരുള്ള ഉദ്യോഗസ്ഥരെല്ലാം സി.ഐ.ഡിക്ക് വിരുദ്ധവും സര്‍ക്കാര്‍ വിരുദ്ധവുമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ വി.വി.ഐ.പികള്‍ക്ക് സാധനങ്ങള്‍ നല്‍കാനായില്ലെന്ന് സി.ഐ.ഡി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. പല ഉദ്യോഗസ്ഥരും അവരുടെ സ്വന്തം അജണ്ട അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Himachal CM Sukhu issues clarification on ‘samosa’ controversy; says no CID investigation demanded

Latest Stories

We use cookies to give you the best possible experience. Learn more