| Thursday, 21st February 2013, 7:19 am

രാംദേവിന് ചട്ടങ്ങള്‍ ലംഘിച്ച് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ ഭൂമി തിരിച്ചെടുക്കാന്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: രാംദേവിന് പതഞ്ജലി യോഗ പീഠത്തിനായി ചട്ടങ്ങള്‍ ലംഘിച്ച് പാട്ടത്തിന് കൊടുത്ത 28 ഏക്കര്‍ ഭൂമി തിരിച്ചെടുക്കാന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്‍േറതാണ് തീരുമാനം. 2010 ല്‍ മുന്‍ ബി.ജെ.പി. സര്‍ക്കാരാണ് ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയില്‍ ഔഷധോദ്യാനം ഉണ്ടാക്കാനാണ്  രാംദേവിന്റെ പതഞ്ജലി യോഗപീഠത്തിനായി സ്ഥലം നല്‍കിയത്.[]

ഹിമാചലിലെ കണ്ണായ സ്ഥലത്ത് നിയമങ്ങള്‍ മറികടന്ന് മാസം ഒരു രൂപ പാട്ടത്തുക നിശ്ചയിച്ചാണ് രാംദേവിന് സ്ഥലം നല്‍കിയത്. 35 മുതല്‍ 40 കോടി വരെ വിലവരുന്ന ഭൂമി 99 വര്‍ഷത്തേക്കാണ് രാംദേവിന് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയത്. ചൊവ്വാഴ്ച മുഖ്യമന്ത്രി വീര്‍ ഭദ്രസിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഭൂമി തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തത്.

ബുധനാഴ്ച തന്നെ മന്ത്രിസഭാതീരുമാനം ഉത്തരവാക്കി ഇറക്കി ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നതിനായി സോലന്‍ ഡെപ്യൂട്ടി കമ്മീഷ്ണറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഫിബ്രവരി 27ന് ഔഷധോദ്യാന നിര്‍മ്മാണത്തിനായി നല്‍കിയ ഭൂമിയില്‍ യോഗ സെന്റര്‍, ഹോസ്പിറ്റല്‍, ലബോറട്ടറി തുടങ്ങിയ പദ്ധതികളുടെ ആദ്യഘട്ട ഉദ്ഘാടനം നടക്കാനിരിക്കെയാണ് സര്‍ക്കാറിന്റെ തീരുമാനം.

ലീസ് നിയമങ്ങലെല്ലാം മറികടന്നാണ് കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ രാംദേവിനായി ഭൂമി നല്‍കിയത്. ഹിമാചല്‍ പ്രദേശ് റവന്യൂ നിയമങ്ങള്‍ മറികടന്നാണ് പാതഞ്ജലി യോഗ പീഠത്തിനായി ഭൂമി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബൂമി രാംദേവ് ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെന്നും എച്ച്.പി ആരോഗ്യ റവന്യൂ വകുപ്പ് മന്ത്രി കോല്‍ സിങ് ഠാക്കൂര്‍ പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ ഭൂമി നല്‍കാന്‍ തീരുമാനിച്ചതിനെതിരെ അന്നു തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ കുടുംബം 1956 ല്‍ കുട്ടികള്‍ക്കായി അവധിക്കാല മന്ദിരം തുടങ്ങാന്‍ സര്‍ക്കാറിന് നല്‍കിയതാണ് ഈ ഭൂമി.

എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഔഷധോദ്യാന പരിപാടിയുമായി മുന്നോട്ടുപോകുമെന്ന്  ഭാരത് സ്വാഭിമാന്‍ ട്രസ്റ്റിന്റെ സംസ്ഥാന ഭാരവാഹി ലക്ഷ്മി ദത്ത് ശര്‍മ പറഞ്ഞു. നേരത്തെ തീരുമാനിച്ചതു പോലെ ഫിബ്രവരി 27ന് ബാബാ രാംദേവ് ഇതിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more