സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 ആക്കി ഉയർത്തി ഹിമാചൽ നിയമസഭ
national news
സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 ആക്കി ഉയർത്തി ഹിമാചൽ നിയമസഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2024, 7:24 pm

ഷിംല: സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്ന ബിൽ പാസാക്കി ഹിമാചൽ പ്രദേശ് നിയമസഭ. ശൈശവ വിവാഹ നിരോധനം (ഹിമാചൽ പ്രദേശ് ഭേദഗതി ബിൽ 2024) എന്ന സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ ശബ്ദവോട്ടിലൂടെ സംസ്ഥാന നിയമസഭ പാസാക്കുകയായായിരുന്നു. ആരോഗ്യ, സാമൂഹിക നീതി, ശാക്തീകരണ മന്ത്രി ധനി റാം ഷാൻഡിൽ ആണ് സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ അവതരിപ്പിച്ചത്. ബില്ലിന്റെ കരടിന് ഏഴുമാസം മുമ്പ് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

ശൈശവവിവാഹം തടയുന്നതിനായി 2006ലെ ശൈശവ വിവാഹ നിയമം നിലവിൽ കൊണ്ടുവന്നിട്ടുണ്ടെന്നും ലിംഗസമത്വം ഉറപ്പാക്കാൻ പെൺകുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം വർധിപ്പിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് ധനി റാം ഷാൻഡിൽ പറഞ്ഞു. നേരത്തെയുള്ള ഗർഭധാരണം പെൺകുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

‘നേരത്തെയുള്ള വിവാഹം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ജീവിത പുരോഗതിക്കും തടസമാകും. മാത്രമല്ല നേരത്തെയുള്ള ഗർഭധാരണവും മാതൃത്വവും അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. 2006-ലെ ശൈശവ വിവാഹ നിയമവും അനുബന്ധ നിയമങ്ങളും ഭേദഗതി ചെയ്യാനും പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 21 വയസ്സായി ഉയർത്താനും ഞങ്ങൾ തീരുമാനിക്കുകയാണ്’ ധനി റാം പറഞ്ഞു.

ഫെബ്രുവരിയിലെ ബജറ്റ് സമ്മേളനത്തിൽ ഈ ബിൽ വിധാൻസഭയിൽ അവതരിപ്പിച്ചെങ്കിലും അന്ന് പാസാക്കാനായില്ല. ബിൽ ഇനി ഗവർണർ ശിവ് പ്രതാപ് ശുക്ലയുടെ അംഗീകാരത്തിനായി അയക്കും. ഗവർണർ അംഗീകരിച്ചാൽ, ഈ സുപ്രധാന നിയമനിർമാണം നടത്തുന്ന ആദ്യ സംസ്ഥാനങ്ങളിൽ ഒന്നായി ഹിമാചൽ പ്രദേശ് മാറും.

2023 ഡിസംബർ 8ന്, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഹിമാചൽ പ്രദേശിലെ പെൺകുട്ടികളുടെ വിവാഹപ്രായം വർധിപ്പിക്കുന്നത് പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.

സാമൂഹ്യനീതി, ശാക്തീകരണ സെക്രട്ടറി എം.സുധാദേവി അധ്യക്ഷയായ സമിതിയിൽ ഗ്രാമവികസന സെക്രട്ടറി പ്രിയതു മണ്ഡൽ, നിയമസെക്രട്ടറി ശരദ് കെ.ലഗ്വാൾ, ലേബർ ആൻഡ് എംപ്ലോയ്‌മെൻ്റ് ഡയറക്ടർ മാനസി താക്കൂർ എന്നിവർ അംഗങ്ങളായിരുന്നു. നാഷണൽ ഹെൽത്ത് മിഷൻ്റെ മാനേജിങ് ഡയറക്ടർ പ്രിയങ്ക വർമ്മയായിരുന്നു സമിതിയുടെ മെമ്പർ സെക്രട്ടറി.

 

Content Highlight: Himachal Assembly passes Bill raising marriage age for women from 18 to 21