| Tuesday, 16th July 2019, 10:39 pm

'33 ജില്ലകളില്‍ 30 എണ്ണവും വെള്ളത്തിനടിയിലാണ്, സഹായിക്കണം'; അസം പ്രളയ ബാധിതര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഹിമാ ദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസമില്‍ പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ കായിക താരം ഹിമാ ദാസ്. സംസ്ഥാനത്തെ 33 ജില്ലകളില്‍ 30 എണ്ണവും വെള്ളത്തിനടിയിലാണെന്നും വ്യക്തികളും കോര്‍പറേറ്റുകളും ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായങ്ങളുമായി മുന്നോട്ടുവരണമെന്നും ഹിമാ ദാസ് ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.

നേരത്തെ തന്റെ ശമ്പളത്തിന്റെ പകുതി ഹിമാ ദാസ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ട്വിറ്ററിലൂടെയും ഹിമാ ദാസ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ അസമിലെ നദികള്‍ കരകവിഞ്ഞൊഴുകിയതാണ് പ്രളയത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. 7000ത്തിലധികം ആളുകളെ വിവിധ മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. രക്ഷപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പലയിടങ്ങളിലും റോഡ്, റെയില്‍വേ ഗതാഗതം താറുമാറായിരിക്കുകയാണ്. 13,267 ഹെക്ടര്‍ കൃഷി സ്ഥലം നശിച്ചതായി അധികൃതര്‍ അറിയിച്ചു. എട്ട് ലക്ഷത്തോളം പേരെയാണ് മഴ ബാധിച്ചിരിക്കുന്നത്.

അതേസമയം, സമാന സാഹചര്യമാണ് ബീഹാറിലും മിസോറാമിലും. മൂന്ന് സംസ്ഥാനങ്ങളിലായി പ്രളയത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 44 ആയി ഉയര്‍ന്നു. 70 ലക്ഷം പേരാണ് പ്രളയദുരിതം അനുഭവിക്കുന്നത്.

അസമില്‍ 15 പേര്‍ മരിച്ചു. കാണ്ടാമൃഗങ്ങളുടെ വാസകേന്ദ്രമായ കാസിരംഗ ദേശീയോദ്യാനം, പൊബിത്തോറ വന്യമൃഗ സങ്കേതം, മനാസ് ദേശീയോദ്യാനം എന്നിവ വെള്ളത്തിനടിയിലായി.

ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുകയാണ്. ബിഹാറില്‍ മാത്രം 24 പേരാണ് മരിച്ചത്. നേപ്പാളില്‍ കനത്ത മഴ തുടരുന്നതാണ് ബിഹാറില്‍ വെള്ളപ്പൊക്കം ഉണ്ടാവാന്‍ കാരണം. മിസോറമില്‍ അഞ്ചു പേര്‍ മരിച്ചു.

We use cookies to give you the best possible experience. Learn more