Advertisement
national news
വേണ്ട സൗകര്യങ്ങള്‍ നല്‍കൂ, അവര്‍ മെഡലുകള്‍ കൊണ്ടുവരും: പരിഹാസങ്ങള്‍ക്കുള്ള മറുപടിയാണ് ഹിമയെന്നും പി.ടി. ഉഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 16, 03:32 pm
Monday, 16th July 2018, 9:02 pm

കോഴിക്കോട്: ഇന്ത്യയിലെ അത്‌ലറ്റുകള്‍ക്ക് മെഡല്‍ നേടുന്നതുവരെ സഹായങ്ങളൊന്നും ലഭിക്കാറില്ലെന്ന് പി.ടി. ഉഷ. ഇന്ത്യയില്‍ നിന്നുള്ള അത്‌ലറ്റുകള്‍ ഒളിംപിക്‌സ് പോലുള്ള രാജ്യാന്തര മത്സരവേദികളില്‍ ശോഭിക്കാത്തത് എന്തുകൊണ്ടാണെന്നാണ് എല്ലാവര്‍ക്കും ചോദിക്കാനുള്ളതെന്നും, പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ ഇവിടെ കൃത്യമായ ശാസ്ത്രീയ പരിചരണം അവര്‍ക്കു ലഭിക്കാത്തതിനാലാണിതെന്ന് തിരിച്ചറിയണമെന്നും ഉഷ പറയുന്നു. ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉഷ.

ഇന്ത്യയില്‍ നിന്നുള്ള അത്‌ലറ്റുകളെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പരിഹസിക്കുന്നത് തന്റെ കാലം തൊട്ടേയുള്ള പതിവാണെന്നും ഇന്ത്യയില്‍ നിന്നായിട്ടുകൂടി നിങ്ങളെങ്ങിനെ ഇവിടെയെത്തി എന്ന ചോദ്യം ധാരാളം കേള്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും പി.ടി ഉഷ ഓര്‍മ്മിക്കുന്നു. ഇത്തരം ചോദ്യങ്ങളുമായെത്തുന്നവര്‍ക്ക് ശക്തമായ മറുപടിയാണ് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. ആദ്യം അഞ്ജു, പിന്നെ നീരജ്, ഒടുവില്‍ ഹിമ എന്നിങ്ങനെ ഓരോരുത്തരായി ആ പരിഹാസങ്ങള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി നല്‍കുകയാണ്, ഉഷ പറയുന്നു.


Also Read: അവര്‍ എന്നെ കൊല്ലും; യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ശശി തരൂര്‍


താനടക്കമുള്ള താരങ്ങള്‍ മത്സരങ്ങളില്‍ സജീവമായിരുന്ന കാലത്ത് സ്‌പോണ്‍സര്‍ഷിപ്പ് പോലുള്ള സഹായങ്ങള്‍ ലഭിക്കാറില്ലായിരുന്നു. മികച്ച അത്‌ലറ്റായി മാറണമെങ്കില്‍ സ്വന്തം കഴിവിനെയും സാമര്‍ത്ഥ്യത്തെയും പണത്തെയും മാത്രമാശ്രയിക്കാനേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. തങ്ങളെ അനുഗമിക്കാന്‍ കോച്ചുമാരോ ഫിസിയോതെറാപ്പിസ്റ്റുകളോ ഉണ്ടായിരുന്നില്ല. വേണ്ടത്ര സൗകര്യങ്ങളോ വിശ്രമമോ പോലും ലഭിച്ചിരുന്നില്ലെന്നും പി.ടി. ഉഷ അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്.

“തൊണ്ണൂറുകള്‍ക്കു ശേഷം സ്ഥിതി മെച്ചപ്പെട്ടിരുന്നു. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ലളിത് ഭാനോട്ടും വല്‍സനും ആദില്‍ സുമരിവാലയുമടങ്ങുന്നവരുടെ പരിശ്രമങ്ങളുടെ ഫലമായി മാറ്റങ്ങള്‍ വന്നു. അത്‌ലറ്റിക്‌സ് മേഖലയില്‍ നിന്നുള്ളവരായിരുന്നതിനാല്‍ ഇവര്‍ക്ക് അത്‌ലറ്റുകളുടെ വേദനയും ദുരിതവും മനസ്സിലാക്കാന്‍ സാധിച്ചിരുന്നു.” ഉഷ പറയുന്നു.

പല സൗജന്യങ്ങളും അനുവദിച്ചിട്ടും തന്റെ തലമുറയിലെ അതലറ്റുകളോട് കിടപിടിക്കുന്ന പ്രകടനങ്ങള്‍ ഇപ്പോഴുള്ളവരില്‍ നിന്നും ഉണ്ടാകുന്നില്ലെന്നും ഉഷ നിരീക്ഷിക്കുന്നുണ്ട്.

“എന്തുകൊണ്ട് സര്‍ക്കാരിനും ബാങ്കുകള്‍ക്കും ഹിമയെയും ജിസ്‌നയെയും പോലുള്ളവര്‍ക്ക് ഒരു നിശ്ചിത മാസവരുമാനം നല്‍കിക്കൂടാ? സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ അതലറ്റുകളുടെയും ആഗ്രഹം സാമ്പത്തിക സുരക്ഷ കൈവരിക്കണമെന്നതു തന്നെയാണ്. കുടുംബത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടെന്ന അവസ്ഥ വന്നാല്‍, അവര്‍ക്ക് പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിക്കും.” ഉഷ കൂട്ടിച്ചേര്‍ത്തു.


Also Read: ഇന്ത്യയില്‍ നിന്നുള്ള അന്‍പതോളം കുടിയേറ്റക്കാര്‍ അമേരിക്കന്‍ ജയിലുകളില്‍: കുറ്റവാളികളോടെന്നപോലെ പെരുമാറുന്നെന്ന് സന്നദ്ധ സംഘടനകള്‍


ഹിമയെപ്പോലുള്ളവര്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കാന്‍ നമുക്കാകണം. 2020ലോ 2024ലോ ഒളിംപിക് സ്വര്‍ണം നേടാനുള്ള കഴിവ് അവള്‍ക്കുണ്ട്. നീരജ് ചോപ്ര, ജിസ്‌ന മാത്യു എന്നിവരടക്കം മറ്റ് അത്‌ലറ്റുകള്‍ക്കും മെഡല്‍ വാരിക്കൂട്ടാന്‍ സാധിക്കും. വേണ്ടത്ര ശ്രദ്ധയും പരിശീലനവും നല്‍കണമെന്നു മാത്രം.

ഇന്ത്യയുടെ അഭിമാനമാണിന്ന് ഹിമാ ദാസ്. എന്നാല്‍, അവളെ പ്രതീക്ഷയുടെ ഭാരം കൊണ്ടു പൊതിയും മുന്നേ അവളടക്കമുള്ള അത്‌ലറ്റുകള്‍ക്ക് അവരര്‍ഹിക്കുന്ന ശ്രദ്ധയും ബഹുമാനവും നല്‍കണം, ഉഷ നിര്‍ദ്ദേശിക്കുന്നു.