ദക്ഷിണേന്ത്യയിലെ തിരക്കൊഴിഞ്ഞ ഹില്‍ സ്റ്റേഷനുകള്‍
Travel Diary
ദക്ഷിണേന്ത്യയിലെ തിരക്കൊഴിഞ്ഞ ഹില്‍ സ്റ്റേഷനുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th March 2018, 10:27 am

പ്രകൃതി ഭംഗിയും യാത്രയും ആവോളം ആസ്വദിക്കുവാന്‍ എല്ലായ്പ്പോഴും നല്ലത് തിരക്കൊഴിഞ്ഞ ഹില്‍ സ്റ്റേഷനുകളാണ്. നേരിയ മഞ്ഞും തണുപ്പും കൂടിയായാല്‍ റൊമാന്റിക് മൂഡിനായി മറ്റെങ്ങും പോകേണ്ട. ആസ്വദകരമായ നിമിഷങ്ങള്‍ക്കു പറ്റിയ കുറച്ച് ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം…

*ദേവികുളം

മൂന്നാറിനേപോലെ തന്നെ മനോഹരമായ മറ്റൊരു സ്ഥലമാണ് ദേവികുളം. പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഈ ഹില്‍ സ്റ്റേഷന്‍ തിരക്കുകള്‍ അധികമില്ലാത്ത ഒരിടമാണ്. ഇടതൂര്‍ന്നു നില്‍ക്കുന്ന തേയിലത്തോട്ടങ്ങളാണ് ദേവികുളത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്ന പ്രധാന ഘടകം. ഇടുക്കിയിലെ ഈ ഹില്‍ സ്റ്റേഷനിലേക്ക് മൂന്നാറില്‍ നിന്നും 5 കി.മി. ദൂരം മാത്രമാണുള്ളത്. ട്രക്കിങ്ങിന് പറ്റിയ സ്ഥലം കൂടിയാണിത്.

*വാല്‍പ്പാറ

ഒരു കാലത്ത് കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഒരുപാട് ആളുകള്‍ സന്ദര്‍ശിച്ചിരുന്ന സ്ഥലമാണ് വാല്‍പ്പാറ. എന്നാല്‍ ഇന്ന് തിരക്കുകുറഞ്ഞ ഒരിടമായി ഇത് മാറിയിരിക്കുന്നു. വാല്‍പ്പാറ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലാണ്. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം തേയിലത്തോട്ടങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്. പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനോടൊപ്പം തന്നെ വന്യമൃഗങ്ങളെ കാണാനും സാധിക്കും.

*അരാകു

ഓഫ് ബീറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ ഇടമാണ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനു സമീപം സ്ഥിതി ചെയ്യുന്ന അരാകുവാലി. ഏറെ മനോഹരമായ കാഴ്ചകള്‍ക്കും ഓഫ് റോഡ് യാത്രക്കും ചേര്‍ന്ന സ്ഥലമാണിത്. പൂര്‍വ്വഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം മഴക്കാലങ്ങളില്‍ ആണ് കൂടുതല്‍ ഭംഗി.

*പാഞ്ച്ഗനി

സഞ്ചാരികളെ ആകര്‍ഷിക്കുന്ന പാഞ്ച്ഗനി, ഒരു കാലത്ത് ബ്രിട്ടീഷുകാരുടെ വേനല്‍കകാല വിശ്രമ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. മഹാരാഷ്ട്രയിലെ സതാര ജില്ലയിലാണ് പാഞ്ച്ഗനി സ്ഥിതിചെയ്യുന്നത്. സ്ട്രോബറി അടക്കമുള്ളവ കൃഷി ചെയ്യുന്ന ഇവിടം വളരെ പെട്ടന്നാണ് സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. പഴതോട്ടങ്ങളും ഫലവൃക്ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന താഴ്‌വരകളും വ്യൂപോയന്റുകളും കുന്നുകളുമൊക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

*വൈത്തിരി

വയനാടിന്റെ കവാടമായ വൈത്തിരിയും വയനാടിനെപോലെ തന്നെ സുന്ദരഭൂമിയാണ്. ആള്‍ത്തിരക്കും ബഹളങ്ങളും ഇല്ലാതെ പ്രകൃതി ആസ്വദിക്കാന്‍ പറ്റിയ സ്ഥലമാണ് വൈത്തിരി. ലക്കിടി ഹില്‍സ്, പൂക്കോട് തടാകം, ചെയിന്‍ ട്രീ തുടങ്ങിയവയാണ് വൈത്തിരിക്ക് സമീപമുള്ള മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.