യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു രണ്ടുദിവസം മാത്രം ബാക്കിയിരിക്കെയാണ് ഹിലരിയെ കുറ്റവിമുക്തയാക്കിക്കൊണ്ട് എഫ്.ബി.ഐ രംഗത്തുവന്നിരിക്കുന്നത്.
വാഷിങ്ടണ്‍: ഇമെയില്‍ വിവാദത്തില്‍ ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് എഫ്.ബി.ഐയുടെ ക്ലീന്‍ ചിറ്റ്. ഇമെയില്‍ വിവാദത്തില്‍ ഹിലരിക്കെതിരെ യാതൊരു തെളിവുകളും കണ്ടെത്താനായിട്ടില്ലെന്ന് എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് ബി. കോമി യു.എസ് കോണ്‍ഗ്രസിനെ അറിയിച്ചു.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു രണ്ടുദിവസം മാത്രം ബാക്കിയിരിക്കെയാണ് ഹിലരിയെ കുറ്റവിമുക്തയാക്കിക്കൊണ്ട് എഫ്.ബി.ഐ രംഗത്തുവന്നിരിക്കുന്നത്.
ഇമെയില്‍ വിവാദത്തില്‍ എഫ്.ബി.ഐ പരിശോധന തുടരുമെന്ന് എഫ്.ബി.ഐ യു.എസ് കോണ്‍ഗ്രസിനെ അറിയിച്ചത് ഹിലരി ക്ലിന്റന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചിരുന്നു. എന്നാല്‍ കുറ്റവിമുക്തയാക്കിയതോടെ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഹിലരിക്ക് വലിയ മൈലേജാണ് കൈവന്നിരിക്കുന്നത്.
“പുനപരിശോധനയുടെ അടിസ്ഥാനത്തില്‍ സെക്രട്ടറി ക്ലിന്റണുമായി ബന്ധപ്പെട്ട് ജൂലൈയില്‍ ഞങ്ങളെത്തിയ നിഗമനത്തില്‍ മാറ്റംവരുത്തുന്നില്ല.” കോണ്‍ഗ്രഷണല്‍ കമ്മിറ്റി നേതാക്കള്‍ക്ക് കോമി അയച്ച കത്തില്‍ പറയുന്നു.
ക്ലിന്റണ്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സമയത്ത് നടത്തിയ എല്ലാ ആശയവിനിമയങ്ങളും പുനപരിശോധിച്ചിട്ടുണ്ടെന്നും കോമി അറിയിച്ചിരുന്നു.
ഹിലരി ക്ലിന്റണ്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലയളവില്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ അയയ്ക്കാനായി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ച സംഭവമാണ് എഫ്.ബി.ഐ അന്വേഷിച്ചത്. അതീവ പ്രാധാന്യമുള്ള വിവരങ്ങള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്തു എന്നു കണ്ടെത്തിയെങ്കിലും ഹിലരി കുറ്റകരമായി എന്തെങ്കിലും ചെയ്തതായി നേരത്തെ നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നില്ല.
തുടര്‍ന്ന് കേസ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുനപരിശോധന നടന്നത്.