'വിശ്വാസ്യ യോഗ്യനല്ല, അയാള്‍ പുറത്തുപോവേണ്ടവനാണ്'; നെതന്യാഹുവിനെതിരെ വിമര്‍ശനവുമായി ഹിലരി ക്ലിന്റണ്‍
ന്യൂയോര്‍ക്ക്: ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൈകാര്യം ചെയ്ത രീതിക്കെതിരെ വിമര്‍ശനവുമായി മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍.
ഒക്ടോബര്‍ ഏഴിന് ഫലസ്തീന്റെ സായുധ സംഘടനയായ ഹമാസ് ഇസ്രഈലില്‍ നടത്തിയ പ്രത്യാക്രമണത്തെ തുടര്‍ന്ന് നെതന്യാഹു രാജി വെക്കേണ്ടതായിരുന്നുവെന്ന് ഹിലരി ക്ലിന്റണ്‍ പറഞ്ഞു. എം.എസ്.എന്‍.ബി.സിയുടെ അലക്‌സ് വാഗ്‌നര്‍ ടുനൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി.
രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ഹമാസിന്റെ പ്രത്യാക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും ഇന്റലിജന്‍സിന്റെ നിര്‍ദേശത്തെ ഗൗരവമായി എടുക്കാത്തതിന് നെതന്യാഹുവിനെതിരെ ഹിലരി ക്ലിന്റണ്‍ ആഞ്ഞടിച്ചു.
നെതന്യാഹു വിശ്വാസ്യ യോഗ്യനായ നേതാവല്ലെന്നും അദ്ദേഹത്തിന്റെ നിരീക്ഷണത്തിലാണ് ഇസ്രഈലില്‍ ആക്രമണം നടന്നതെന്നും ഹിലരി ആരോപണം ഉയര്‍ത്തി.
അതേസമയം നിലവിലെ ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ ഹിലരി ഹമാസിനെ കുറ്റപ്പെടുത്തുകയും ഇസ്രഈലിന്റെ നടപടികളെ ന്യായീകരിക്കുകയുമാണ് ചെയ്തതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ഹമാസ് വെടിനിര്‍ത്തലിന് സമ്മതിച്ചാല്‍ അത് സാധ്യമാകുമെന്നും ഹിലരി ചൂണ്ടിക്കാട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.
കൂടാതെ ഇസ്രഈല്‍ ജനതയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ഹിലരി കൂട്ടിച്ചേര്‍ത്തു.
നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 27,708 ആയി വര്‍ധിച്ചുവെന്നും 67,174 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 7,000 ആളുകളെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 130 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlight: Hillary Clinton criticizes Netanyahu