| Wednesday, 21st March 2018, 10:47 am

ഹില്‍ സ്റ്റേഷനുകള്‍- ഒഡീഷയുടെ പരിചിതമല്ലാത്ത വിസ്മയങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നീണ്ടു കിടക്കുന്ന കടല്‍ത്തീരങ്ങളാണ് ഒഡീഷയുടെ പ്രത്യേകത. എന്നാല്‍ ഇതുകൂടാതെ മറ്റൊരു വിസ്മയവും ഒഡീഷയ്ക്കുണ്ട്. ഇവിടുത്തെ ഹില്‍ സ്റ്റേഷനുകള്‍! പുറംലോകത്തിന് ഒഡീഷയിലെ ഹില്‍ സ്റ്റേഷനുകള്‍ അത്ര പരിചിതമല്ല. അതിനാല്‍ത്തന്നെ ഇവിടങ്ങളില്‍ സഞ്ചാരികള്‍ കുറവാണ്. നഗരജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും മാറി ഒഴിവു ദിവസങ്ങള്‍ ചെലവഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ ഒഡീയിലെ ചില ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടുത്തുന്നു…

*ചന്ദ്രഗിരി

ജിരംഗാ എന്ന പേരിലറിയപ്പെടുന്ന ചന്ദ്രഗിരി മലനിരകള്‍ ഇന്ത്യയിലെ ടിബറ്റന്‍ സെറ്റില്‍മെന്റുകളിലൊന്നാണ്. പദ്മസംഭവ മഹാവിഹാര മോണാസ്ട്രി എന്ന പേരിലറിയപ്പെടുന്ന ഇവിടുത്തെ ബുദ്ധാശ്രമം ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ആശ്രമങ്ങളിലൊന്നാണ്. 2010 ല്‍ ദലൈ ലാമയാണ് ഇത് ഉദ്ഘാടനം ചെയ്തത്.

*ടെന്‍സാ ഹില്‍

പച്ച പുതച്ച മലനിരകളാലും കാടുകളാലും ചുറ്റപ്പെട്ടു കിടക്കുന്ന ടെന്‍സാ ഹില്‍ സമുദ്രനിരപ്പില്‍ നിന്നും 3700 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. താരതമ്യേന ചെറിയ ഹില്‍ സ്റ്റേഷനാണെങ്കിലും ഇവിടെ നിന്നുള്ള കാഴ്ചകള്‍ ആരെയും അതിശയിപ്പിക്കുന്നതാണ്. ശാന്തി സ്തൂപവും, കന്ദാദാര്‍ വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

*ഡെയുലി

കല്ലില്‍ കൊത്തിയ ഗുഹകളാണ് ഒഡീഷയിലെ ഡെയൂലിയുടെ പ്രത്യേകത. ഗ്രാന്‍ഡ് സ്തൂപത്തിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെടുന്ന ഇവിടെനിന്നും മറ്റനേകം ആര്‍ക്കിയോളജിക്കല്‍ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. അശോക ചക്രവര്‍ത്തിയുടെ ഭരണകാലമായ മൂന്നാം നൂറ്റാണ്ടിലെയാണ് സ്തൂപത്തിന്റെ അവശിഷ്ടങ്ങള്‍ എന്നാണ് കണക്കാക്കിയിട്ടുള്ളത്. ചൈനീസ് സഞ്ചാരികളുടെ വിവരണങ്ങളനുസരിച്ച് അശോക ചക്രവര്‍ത്തി ബുദ്ധമത പ്രചരണത്തിനായി സ്ഥാപിച്ചതാണ് ഈ സ്തൂപം.

*ഡാരിങ്ബാഡി

ഒഡീഷയുടെ കാശ്മീര്‍ എന്നറിയപ്പെടുന്ന ഡാരിങ്ബാഡി കാപ്പിത്തോട്ടങ്ങളാലും പൈന്‍ മരങ്ങളാലും ചുറ്റപ്പെട്ട് കിടക്കുന്ന ഒരിടമാണ്. ഡെറിങ്ങ് എന്നു പേരായ ഒരു ബ്രിട്ടീഷ് ഓഫീസറാണ് ഈ സ്ഥലം കണ്ടെത്തുന്നതും ഡാരിങ്ബാഡി എന്ന പേരിടുന്നതും. ബാഡി എന്നാല്‍ ഗ്രാമം എന്നാണ് അര്‍ഥം. ഒട്ടേറെ ഗോത്രവിഭാഗങ്ങല്‍ താമസിക്കുന്ന ഇവിടം ബെല്‍ഗാര്‍ വന്യജീവി കേന്ദ്രത്തിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

*തപ്താപാനി

സമുദ്രനിരപ്പില്‍ നിന്നും 1800 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തപ്താപാനി അറിയപ്പെടുന്നത് ഇവിടുത്തെ ചുടുനീരുറവയുടെ പേരിലാണ്. ഔഷധഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ നീരുറവയില്‍ നിന്നാണ് ഈ സ്ഥലത്തിന് പേരു ലഭിക്കുന്നതും. പ്രാദേശിക വിശ്വാസങ്ങളനുസരിച്ച് ഈ ചൂടുനീരുറവയ്ക്ക് 300 വര്‍ഷത്തെ പഴക്കമുണ്ട്.

We use cookies to give you the best possible experience. Learn more