ബുക്കര്‍ പ്രൈസ് ഹിലാരി മെന്റലിന്
World
ബുക്കര്‍ പ്രൈസ് ഹിലാരി മെന്റലിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th October 2012, 12:26 am

ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസിന് ഹിലാരി മെന്റല്‍ അര്‍ഹയായി. “ബ്രിങ് അപ് ദ ബോഡീസ് ” എന്ന ഗ്രന്ഥമാണ് ഹിലാരിയെ ബുക്കര്‍ പ്രൈസിന് അര്‍ഹയാക്കിയത്. ഇത് രണ്ടാം തവണയാണ് ബ്രിട്ടീഷുകാരിയായ ഹിലാരി ബുക്കര്‍ പ്രൈസ് നേടുന്നത്. “ബ്രിങ് അപ് ദ ബോഡീസ്” ഹിലാരിയുടെ നോവല്‍ ത്രയത്തിലെ രണ്ടാമത്തെ നോവലാണ് .[]

ഈ പരമ്പരയിലെ ആദ്യ പുസ്തകമായ “വൂള്‍ഫ് ഹാളിന്” നേരത്തെ 2009ല്‍ ബുക്കര്‍ പ്രൈസ് ലഭിച്ചിരുന്നു. സെന്‍ട്രല്‍ ലണ്ടനിലെ മിഡീവല്‍ ഗില്‍ഡില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അവസാന പട്ടികയിലുണ്ടായിരുന്ന മലയാളിയായ ജീത് തയ്യില്‍ അടക്കമുള്ള ആറുപേരെ മറികടന്നാണ് ഹിലാരി പുരസ്‌കാരം നേടിയത്.

ജീതിന്റെ “നാര്‍ക്കോ പോളീസ്” എന്ന പുസ്തകമാണ് ബുക്കര്‍ പട്ടികയിലുണ്ടായിരുന്നത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ മികച്ച എഴുത്തുകാര്‍ക്ക് വര്‍ഷംതോറും നല്‍കി വരുന്ന ബുക്കര്‍പ്രൈസ് പുരസ്‌കാരത്തിന് നേരത്തെ മലയാളിയായ അരുന്ധതി റോയി അര്‍ഹയായിരുന്നു. 1997ലാണ് അരുന്ധതിയുടെ “ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന്” പുരസ്‌കാരം ലഭിച്ചത്.

ഹെന്റി എട്ടാമന്‍ രാജാവിന്റെ ഉപദേശകനായിരുന്ന തോമസ് ക്രോംവെലിനെ കുറിച്ച് പ്രതിപാദിക്കുന്ന ബ്രിങ് അപ് ദ ബോഡീസില്‍ അനി ബോലിയന്റെ മരണവും പ്രധാന വിഷയമാകുന്നു. ഹിലാരിയുടെ നോവല്‍ ത്രയത്തില്‍ പുറത്തുവരാനിരിക്കുന്ന അവസാന നോവലായ “ദ മിറര്‍ ആന്റ് ദ ലൈറ്റ് ” ക്രോംവെലിന്റെ മരണം വരെയുള്ള ജീവിതം പ്രതിപാദിക്കുന്നതാണെന്നാണ് സൂചന.

രണ്ട് പ്രാവശ്യം അവാര്‍ഡ് നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഹിലാരി. ജെ.എം കോട്‌സീയും പീറ്റര്‍ കാറെയുമാണ് ഇതിന് മുമ്പ് രണ്ട് തവണ ബുക്കര്‍ ബഹുമതിക്ക് അര്‍ഹരായവര്‍. രണ്ടാം പ്രാവശ്യവും പുരസ്‌കാരം നേടാന്‍ ഹിലാരി അര്‍ഹയാണെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി ചെയര്‍മാന്‍ പീറ്റര്‍ സ്‌റ്റൊതാര്‍ഡ് അഭിപ്രായപ്പെട്ടു. 42 ലക്ഷം രൂപയാണ് പുരസ്‌കാര തുക.