| Sunday, 10th July 2022, 9:10 am

രോഹിത് ഭായ് ഇവന്‍ ഓടുമ്പോള്‍ ഇടയില്‍ കേറി നില്‍ക്കുന്നു, തള്ളി താഴെയിട്ടേക്കട്ടെ; സ്റ്റംപ് മൈക്കില്‍ കുടുങ്ങി രോഹിത്തിന്റെയും പന്തിന്റെയും സംസാരം, അനിയന്‍കുട്ടനെ അമ്പരപ്പിച്ച് ക്യാപ്റ്റന്റെ മറുപടി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് ടി-20 സീരീസിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയിരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 49 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

ഇഷാന്‍ കിഷനെ പുറത്തിരുത്തിയ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തായിരുന്നു രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങിയത്. ഇരുവരും ചേര്‍ന്ന് കെട്ടിപ്പടുത്ത ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിലായിരുന്നു ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഇപ്പോഴിതാ, ഇന്ത്യന്‍ ഇന്നിങ്‌സിനിടെയിലെ രസകരമായ ഒരു സംഭവമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ നടന്ന ഒരു ‘കൂട്ടിയിടി’യാണ് വൈറലാവുന്നത്.

ഡേവിഡ് വില്ലിയെറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ റിഷബ് പന്ത് ഒരു ക്വിക് സിംഗിളെടുത്തിരുന്നു. മറുതലയ്ക്കല്‍ നിന്ന ക്യാപ്റ്റനും പന്തും ചേര്‍ന്ന് സിംഗിള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഓടുന്നതിനിടെ ബൗളര്‍ പന്തിനെ ഇന്‍റര്‍സെപ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു.

ഇതിന് പിന്നാലെ ഇരുവരും നടത്തിയ സംഭാഷണമാണ് വൈറലാവുന്നത്. സ്റ്റംപ് മൈക്കായിരുന്നു ഇരുവരുടെയും പ്ലാന്‍ ലോകത്തെ അറിയിച്ചത്.

‘സാംനേ ആ ഗയാ ഥാ’ (അവന്‍ മുന്നില്‍ വന്നു) എന്നായിരുന്നു പന്ത് രോഹിത്തിനോട് പറഞ്ഞത്. എന്നാല്‍ രോഹിത്തിന്റെ മറുപടി സ്റ്റംപ് മൈക്കില്‍ വ്യക്തമായിരുന്നില്ല.

തുടര്‍ന്ന് പന്ത് ‘ടക്കര്‍ മാര്‍ ദു ക്യാ?’ (തള്ളി താഴെയിടട്ടെ?) എന്ന് ചോദിച്ചപ്പോള്‍ ചെയ്തുകൊള്ളാനായിരുന്നു രോഹത്തിന്റെ മറുപടി.

സംഭവം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാവുന്നുണ്ട്.

അതേസമയം, ഇംഗ്ലണ്ടിനെ 49 റണ്‍സിന് തകര്‍ത്ത് ഇന്ത്യ രണ്ടാം മത്സരവും പരമ്പരയും സ്വന്തമാക്കിയിരുന്നു. ബൗളര്‍മാരും ബാറ്റര്‍മാരും ആഞ്ഞടിച്ചപ്പോള്‍ ഇന്ത്യ മത്സരം അനായാസം സ്വന്തമാക്കി.

ആദ്യ വിക്കറ്റില്‍ ഇവര്‍ പടുത്തുയര്‍ത്തിയ 49 റണ്‍സിന്റെ പാര്‍ട്നര്‍ഷിപ്പായിരുന്നു ഇന്ത്യന്‍ സ്‌കോറിങ്ങിന് ആധാരമായത്. അഞ്ചാം ഓവറില്‍ രോഹിത് ശര്‍മയെ പുറത്താക്കി റിച്ചാര്‍ഡ് ഗ്ലീസനാണ് ആ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെയെത്തിയ കോഹ്‌ലിക്ക് ഒന്നും ചെയ്യാനായില്ല. മൂന്ന് പന്തില്‍ നിന്നും ഒരു റണ്‍സ് മാത്രമായി കോഹ്‌ലി മടങ്ങിയപ്പോള്‍ തൊട്ടടുത്ത പന്തില്‍ റിഷബ് പന്തും മടങ്ങി.

എന്നാല്‍, മധ്യനിരയില്‍ രവീന്ദ്ര ജഡേജ ആഞ്ഞടിച്ചതോടെയായിരുന്നു ഇന്ത്യന്‍ സ്‌കോര്‍ 170ലെത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ പിഴച്ചു. മൂന്ന് ഓവര്‍ തികയും മുമ്പ് തന്നെ ഓപ്പണര്‍മാര്‍ രണ്ട് പേരും  തിരികെ മടങ്ങിയിരുന്നു. ഭുവനേശ്വര്‍ കുമാറായിരുന്നു ഇരുവരേയും പുറത്താക്കിയത്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ഇംഗ്ലണ്ട് 121ന് ഓള്‍ ഔട്ടാവുകയായിരുന്നു. മോയിന്‍ അലിയും ഡേവിഡ് വില്ലിയും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.

മൂന്ന് ഓവറില്‍ ഒരു മെയ്ഡനടക്കം 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

ഞായറാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം. ട്രെന്റ് ബ്രിഡ്ജാണ് വേദി.

Content Highlight: Hilarious conversation between Rishabh Pant and Rohit Sharma during England – India second t20

We use cookies to give you the best possible experience. Learn more