വാഷിങ്ടണ്‍: ഇസ്രഈലിലേയും ഫലസ്തീനിലേയും സമാധാനം പുനസ്ഥാപിക്കാന്‍ പുതിയ നേതൃത്വം ആവശ്യമെന്ന് മുന്‍ അമേരിക്കന്‍ പ്രഥമ വനിത ഹിലരി ക്ലിന്റണ്‍. സിംഗപ്പൂരിലെ ബ്ലൂബര്‍ഗ് ന്യൂ എക്കണോമി ഫോറത്തില്‍ വീഡിയോ വഴി സംസാരിക്കുകയായിരുന്നു ക്ലിന്റണ്‍.
ഒരു തരത്തിലുള്ള സമാധാനത്തിനോ ദ്വിരാഷ്ട്രപരിഹാരത്തിനോ ഹമാസോ നെതന്യാഹുവോ തയാറാവില്ലായെന്ന് ക്ലിന്റണ്‍ പറഞ്ഞു.
നെതന്യാഹു ദ്വിരാഷ്ട്രപരിഹാരം ചര്‍ച്ച ചെയ്യാനുള്ള സാധ്യത താന്‍ കാണുന്നില്ലെന്നും അദ്ദേഹത്തിന്റെ ഭരണനേതൃത്വത്തെക്കുറിച്ച് ഇസ്രഈല്‍ ജനതയാണ് തീരുമാനിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
‘ഉടനടിയൊന്നും ഗസയില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപനം ഇസ്രഈല്‍ നടത്തുമെന്ന് ഞാന്‍ കരുതുന്നില്ല. ചിലപ്പോള്‍ മാനുഷിക വിരാമങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായേക്കാം. അതുവഴി ഗസയിലെ പൗരന്മാര്‍ക്ക് സഹായം എത്തിക്കാനും ഹമാസ് ബന്ദികളാക്കിയ ഇസ്രഈലി പൗരന്മാരെ മോചിപ്പിക്കാനും സാധിക്കും,’ ക്ലിന്റണ്‍ പറഞ്ഞു.
യു.എസ് കോണ്‍ഗ്രസ് ഇസ്രഈലിനും ഉക്രൈനിനും വേണ്ടി ധനസഹായ പാക്കേജ് അംഗീകരിക്കുന്നത് പ്രസിഡന്റ് ജോ ബൈഡനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ആയിരിക്കുമെന്നും എന്നാല്‍ കൂടുതല്‍ ആഴത്തിലുള്ള ചര്‍ച്ചകളിലൂടെ ഇത് സാധ്യമായേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാപെല്ലാ സിംഗപ്പൂര്‍ ഹോട്ടലില്‍ ഒത്തുകൂടിയ ‘ആഗോള കോര്‍പ്പറേറ്റ് ,സര്‍ക്കാര്‍ നേതാക്കള്‍’ എന്ന വാര്‍ഷിക പരിപാടിയില്‍ ഏകദേശം 25 മിനിട്ട് നേരം വീഡിയോയിലൂടെ ഹിലരി ക്ലിന്റണ്‍ സംസാരിച്ചതായി ആര്‍. ടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഹിലരി ക്ലിന്‍്‌ന്റെ ഭര്‍ത്താവ് ബില്‍ 1993 മുതല്‍ 2001 വരെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്നു. അവര്‍ രണ്ടുതവണ യുഎസ് സെനറ്റില്‍ സേവനമനുഷ്ഠിക്കുകയും 2008 ല്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തു. എന്നാല്‍ ബരാക് ഒബാമയോട് പ്രൈമറി മത്സരത്തില്‍ തന്നെ തോല്‍ക്കുകയും ചെയ്തു.