| Saturday, 6th August 2016, 7:16 pm

മാരുതിക്ക് പിന്നാലെ ഹ്യുണ്ടായും കാറുകള്‍ക്ക് വില കൂട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി കാറുകള്‍ക്ക് വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായും കാറുകളുടെ വിലകൂട്ടി.

വിവിധ മോഡലുകള്‍ക്ക് 20,000 രൂപ വരെയാണ് വര്‍ദ്ധന.  ആഗസ്റ്റ് 16ന് വിലവര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും. മാരുതിയെപ്പോലെ രൂപയുടെ വിലയിടിവാണ് കാറുകള്‍ക്ക് വിലകൂട്ടാന്‍ കാരണമായി ഹ്യൂണ്ടായും ചൂണ്ടിക്കാട്ടുന്നത്.

രൂപയുടെ വിലയിടിവ് കമ്പനിയുടെ ഉല്‍പ്പാദന ചിലവ് വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചെന്നും ഇതിന്റെ ആഘാതം പരമാവധി ഉപഭോക്താക്കളിലേക്ക് എത്തിക്കാനായിരുന്നു കമ്പനി ശ്രമിച്ചിരുന്നതെന്നും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റ് രാകേശ് ശ്രീവാസ്തവ പറഞ്ഞു.

3,000 മുതല്‍ 20,000 വരെയാണ് കാറുകള്‍ക്ക് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 20,000 രൂപ വരെയാണ് മാരുതിയും കാറുകള്‍ക്ക് വില കൂട്ടിയത്.

ക്രേറ്റ, ഐ20, ഗ്രാന്റ് ഐ10 എന്നീ ജനപ്രിയ മോഡലുകള്‍ക്ക് വില വര്‍ദ്ധിക്കുന്നത് വാഹനം വാങ്ങാനുദ്ദേശിച്ചവര്‍ക്ക് തിരിച്ചടിയാകും. ഹ്യുണ്ടായുടെ മികച്ച വിപണിയുള്ള മോഡലുകളാണിവ.

We use cookies to give you the best possible experience. Learn more