കോഴിക്കോട്: ഹിജാമയ്‌ക്കെതിരായി പ്രസിദ്ധീകരിച്ച ലേഖനം മാസ്സ് റിപ്പോര്‍ട്ട് ചെയ്ത് റിമൂവ് ചെയ്യിച്ചതായി ഇന്‍ഫോ ക്ലിനിക്ക്. ഇന്‍ഫോ ക്ലിനിക്കിന്റെ ചരിത്രത്തില്‍ ആദ്യമായി മാസ് റിപ്പോര്‍ട്ടിംഗ് മൂലം ഒരു പോസ്റ്റ് ഫേസ്ബുക്ക് റിമൂവ് ചെയ്തിരിക്കുന്നെന്നും സഹിഷ്ണുത ഒരുപാടുള്ളവരാണു ഹിജാമ പോസ്റ്റ് റിമൂവ് ചെയ്യിച്ചതെന്ന് മനസിലാക്കുന്നതായും ഇന്‍ഫോക്ലിനിക്ക് വ്യക്തമാക്കുന്നു.
ഹിജാമ – രക്തം ഊറ്റുന്ന അജ്ഞത എന്ന തലക്കെട്ടില്‍ ഇന്‍ഫോക്ലിനിക്ക് പ്രസിദ്ധീകരിച്ച ലേഖനമാണ്
മാസ് റിപ്പോര്‍ട്ടിങ് മൂലം റിമൂവ് ചെയ്യപ്പെട്ടത്.
ഹിജാമ” എന്ന മായാചികിത്സ വഴി പുറത്ത് മുറിവുണ്ടാക്കി “കെട്ടിക്കിടക്കുന്ന അശുദ്ധരക്തം” ഒഴുക്കിക്കളഞ്ഞാല്‍ ഒരുപാട് രോഗങ്ങള്‍ അകലുമെന്ന പ്രചരണത്തിനെതിരെയായിരുന്നു ലേഖനം.
Dont Miss മുഖ്യമന്ത്രിയാകാന്‍ കെ.എം മാണിയെ എല്‍.ഡി.എഫ് ക്ഷണിച്ചിരുന്നെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം
ഇതെങ്ങനെ സാധ്യമാകുമെന്ന് ഇത് ചെയ്യുന്നവരോട് ചോദിച്ചിട്ട് പോലും വ്യക്തമായൊരു മറുപടി നേടാന്‍ സാധിച്ചിരുന്നില്ലെന്നും ഗവേഷണമോ പഠനമോ ഇല്ലാതെയാണ് ഇത്തരമൊരു ചികിത്സയെന്നും ഏത് തരം രക്തക്കുഴലില്‍ നിന്നാണു ബ്ലീഡിങ്ങ് വരുന്നതെന്നും അവിടെ രക്തം എങ്ങനെയാണു കെട്ടിനില്‍ക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഇക്കൂട്ടരുടെ കൈയില്‍ മറുപടിയില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.
ആര്‍ട്ടറിയിലെ/വെയിനിലെ രക്തം തിരിച്ചറിയാന്‍ പോലും അതിലെ ഓക്സിജന്റെയും കാര്‍ബണ്‍ ഡയോക്സൈഡിന്റെയും അളവ് പരിശോധിച്ചാല്‍ സാധിക്കുമെന്നിരിക്കേ, തൃപ്തികരമായൊരു വിശദീകരണത്തിന്റെ അഭാവം വിശദീകരണമില്ലാതെ വിശ്വാസം മാത്രം അടിസ്ഥാനമാക്കിയ കാലഹരണപ്പെട്ട രീതി മാത്രമാണിത് എന്നുള്ളതിന്റെ ആദ്യ തെളിവാണെന്നും ലേഖനം വ്യക്തമാക്കിയിരുന്നു.
ഹൃദയവും ശ്വാസകോശവുമൊഴിച്ച് എവിടെ മുറിച്ചാലും വരുന്നത് ഒരേ രക്തമാണ്. രക്തം എവിടെയെങ്കിലും കെട്ടിക്കിടന്നാല്‍ അത് സാരമായ ആരോഗ്യപ്രശ്നങ്ങളാണുണ്ടാക്കുക. അതാണ് വെരിക്കോസ് വെയിനില്‍ സംഭവിക്കുന്നത് (stasis). എന്നാല്‍ ഈ രോഗാവസ്ഥയില്‍ പോലും സ്ഥിരമായി കെട്ടിക്കിടക്കുന്നില്ല. മറിച്ച്, രക്തം തിരിച്ച് ഹൃദയത്തിലേക്കൊഴുകാനുള്ള താമസം സംഭവിക്കുന്നുവെന്ന് മാത്രം.
അമിതമായുള്ള ഫ്‌ലൂയിഡ് ഒഴുക്കി കളയുന്നു എന്നാണ് ചില ഹിജാമക്കാര്‍ പറയുന്നത്. ഏകദേശം അഞ്ചര ലിറ്റര്‍ രക്തമാണ് മനുഷ്യശരീരത്തിലുള്ളത്. അതിനേക്കാള്‍ പരിധി വിട്ട ജലാംശം ശരീരത്തില്‍ ഉണ്ടായാല്‍ (fluid overload) അത് ശരീരത്തില്‍ നീര്‍ക്കെട്ടായി തന്നെ കാണും. ഇതിന് വിവിധ കാരണങ്ങളുണ്ട്. എവിടെയെങ്കിലും നാല് മുറിവുണ്ടാക്കിയാല്‍ ഈ നീര് ചുമ്മാ അങ്ങ് ഒഴുക്കി കളയാന്‍ സാധിക്കുകയുമില്ല. പല കംപാര്‍ട്ട്മെന്റുകളിലായി പരന്നുകിടക്കുന്ന മനുഷ്യശരീരത്തിലെ ജലം ഒരിക്കലും ഇതു പോലെ എളുപ്പം കൈയിലൊതുങ്ങില്ലെന്നും ലേഖനത്തില്‍ വിശദീകരിച്ചിരുന്നു.
ശരീരത്തിലെ പല രോഗാവസ്ഥകള്‍ക്കും ഈ രക്തച്ചൊരിച്ചില്‍ ഒരുത്തമ പരിഹാരമെന്ന പ്രചാരണവുമുണ്ട്. മറ്റു രോഗങ്ങളെ ചികിത്സിക്കുന്നത് മാറ്റി വെക്കാം. ഈ ഒരു പ്രക്രിയക്ക് എന്തെങ്കിലും വിശ്വാസ്യത അവകാശപ്പെടാന്‍ ഉണ്ടെങ്കില്‍, രക്തശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഡയാലിസിസിന് പകരം ഈ ലളിതമായ പ്രക്രിയ മതിയാകുമായിരുന്നല്ലോയെന്നും ലേഖനത്തില്‍ ചോദിച്ചിരുന്നു.
മറ്റേതൊരു കാര്യവും പോലെ മതപരമായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത് കൊണ്ട് യാതൊരു മറുചോദ്യവുമില്ലാതെ ഈ അശാസ്ത്രീയരീതി ഇവിടെ പടര്‍ന്നു പിടിക്കുന്നു. ഏതൊരു ചോദ്യവും “മതവികാരം വ്രണപ്പെടുത്തല്‍” ആകുമ്പോള്‍ കൂടുതല്‍ വിശദീകരണങ്ങളില്ലാതെ നില നില്‍പ്പ് സാധ്യമാകുകയും ചെയ്യുന്നു. ഫലസിദ്ധി ഇല്ലെന്നതിനുമപ്പുറം പല സങ്കീര്‍ണതകള്‍ക്കും ഹിജാമ കാരണമാകാമെന്നും ലേഖനത്തില്‍ പറയുന്നു.