മംഗളൂരു: ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ വിസമ്മതിച്ച് വിദ്യാര്‍ത്ഥിനികള്‍. ചിക്കമംഗളൂരു ഐ.ഡി.എസ്.ജി സര്‍ക്കാര്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇന്റേണല്‍ പരീക്ഷയെഴുതാതെ വീട്ടിലേക്ക് മടങ്ങിയത്.
ഹിജാബ് ധരിച്ചായിരുന്നു ഇവര്‍ കോളേജിലേക്കെത്തിയത്. എന്നാല്‍ ശിരോവസ്ത്രം അഴിച്ചുമാറ്റിയതിന് ശേഷമേ കോളേജില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ എന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടയാണ് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷയെഴുതാതെ മടങ്ങിയത്.
എന്നാല്‍, ഹിജാബ് തങ്ങളുടെ അവകാശമാണെന്നാവശ്യപ്പെട്ട് അവര്‍ കോളേജിന് മുമ്പില്‍ സമരം നടത്തിയതിന് ശേഷമാണ് മടങ്ങിപ്പോവാന്‍ തയ്യാറായത്.
‘ഹിജാബ് ഞങ്ങളുടെ അവകാശമാണ്’ ഹിജാബ് ഞങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ്’ ഞങ്ങള്‍ ഹിജാബ് ഉപയോഗിച്ച് തല മാത്രമാണ് മറയ്ക്കുന്നത്, തലച്ചോറല്ല’ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അവര്‍ പ്രതിഷേധം നടത്തിയത്.
ഹിജാബ് ധരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും അത് തങ്ങളുടെ മതം അനുശാസിക്കുന്നതാണെന്നും അവര്‍ പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു കര്‍ണാടക ഹൈക്കോടതി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കേണ്ടതില്ല എന്ന വിധി പ്രസ്താവിച്ചത്.
ഇസ്‌ലാമില്‍ ഹിജാബ് അനിവാര്യമായ ഒരു ആചാരമല്ലെന്നും യൂണിഫോം നിര്‍ദേശിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കാണിച്ചായിരുന്ന ഹൈക്കോടതി വിധി പ്രസാതാവിച്ചത്.
ഹിജാബ് നിരോധനം കര്‍ണാടകയില്‍ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.
ഹിജാബ് ധരിച്ച് എത്തിയ ആറ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ- യൂണിവേഴ്സിറ്റി മാനേജ്മെന്റ് നടപടി എടുത്തിരുന്നു.
ആറ് വിദ്യാര്‍ത്ഥിനികളേയും ക്ലാസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ഹിജാബ് നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
കോടതി വിധിയോട് ശക്തമായി വിയോജിക്കുകയാണെന്നും, മറ്റ് മതചിഹ്നങ്ങള്‍ കോളേജുകളില്‍ അനുവദിക്കുന്നതിന് തടസമില്ലെങ്കില്‍ പിന്നെ ഹിജാബ് മാത്രം എന്തിനാണ് നിരോധിക്കുന്നതെന്നായിരുന്നു എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞത്. കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വവലും കോടതി വിധിയില്‍ അതൃപ്തിയറിയിച്ചിരുന്നു.
Content Highlight: Hijab Row: students denied entry, return without writing exam in Chikkamagaluru Karnataka