| Sunday, 6th February 2022, 8:28 am

ഹിജാബ് വിവാദത്തിനിടയില്‍ ക്രമസമാധാനവും സമത്വവും ലംഘിക്കുന്ന വസ്ത്രങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂളുകളില്‍ ഹിജാബ് വിഷയം ചൂടു പിടിക്കുന്നതിനിടയില്‍, സ്‌കൂളുകളിലും കോളേജുകളിലും സമത്വത്തിനും, അഖണ്ഡതയ്ക്കും, ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങള്‍ നിരോധിക്കാന്‍ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍.

1983 ലെ കര്‍ണാടക വിദ്യാഭ്യാസ നിയമം 133 (2) പ്രകാരം ഏകീകൃത വസ്ത്രം നിര്‍ബന്ധമായും ധരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റിന് അവര്‍ക്ക് ഇഷ്ടമുള്ള യൂണിഫോം തെരഞ്ഞെടുക്കാം.

അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഒരു യൂണിഫോം തെരഞ്ഞെടുക്കാത്ത പക്ഷം സമത്വത്തിനും അഖണ്ഡതയ്ക്കും ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുത് എന്നും ഉത്തരവില്‍ പറയുന്നു.

എല്ലാ വിദ്യര്‍ത്ഥികളുടെയും നല്ലതിന് വേണ്ടിയാണ് ഉത്തരവ് എന്നും സര്‍ക്കാര്‍ പറയുന്നു. പൊതുവായ യൂണിഫോം വിവേചനത്തിന് ഇട നല്‍കാതെ വിദ്യാര്‍ത്ഥികള്‍ ഒരു കുടുംബത്തിലുളളവരാണ് എന്ന ഉറപ്പ് നല്‍കുന്നു.

അതേസമയം സര്‍ക്കാര്‍ ഉത്തരവിനെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ് എം.എല്‍.എ കര്‍ണീസ് ഫാത്തിമ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറഞ്ഞു.

‘എനിക്ക് നിയമസഭയില്‍ ഹിജാബ് ധരിച്ച് പ്രവേശിക്കാമെങ്കില്‍ എന്തുകൊണ്ട് ഈ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലും കോളേജിലും ഹിജാബ് ധരിച്ച് പ്രവേശിക്കാനാവുന്നില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് പെട്ടെന്നൊരു ദിവസം എങ്ങനെ കാവി നിറം വന്നു? ഹിജാബ് ഞങ്ങളുടെ അവകാശമാണ്. ഞങ്ങളുടെ ജീവന്‍ വേണമെങ്കില്‍ തരാം. എന്നാല്‍ ഹിജാബ് ഉപേക്ഷിക്കാനാവില്ല,’ അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനാവശ്യവിവാദം ഉണ്ടാക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബി.ജെ.പി നേതാവ് സി.ടി രവി പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് ഹിജാബുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടലെടുത്തത്. ഉടുപ്പിയിലേയും ചിക്കമംഗളൂരുവിലേയും സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം അണിഞ്ഞെത്തിയതോടെ പ്രതിഷേധ സൂചകമായി കാവി ഷാളുകള്‍ അണിഞ്ഞ് എ.ബി.വി.പി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളും എത്തുകയായിരുന്നു.

തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവാദം പടരുകയും കൂടുതല്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ശിരോവസ്ത്രം ധരിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വരുകയുമായിരുന്നു.

സംസ്ഥാനത്തുടനീളമുള്ള കോളേജുകളില്‍ യൂണിഫോം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് കഴിഞ്ഞ മാസം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കാനുള്ള തീരുമാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ‘താലിബാനൈസേഷന്‍’ അനുവദിക്കില്ലെന്നാണ് ബി.ജെ.പി വാദം.


Content Highlight: hijab-row-karnataka-bans-clothes-disturb-public-order-harmony-schools-colleges

We use cookies to give you the best possible experience. Learn more