ഭോപ്പാല്‍: അടുത്ത വര്‍ഷമാദ്യം മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വര്‍ഗീയ കാര്‍ഡ് ഇറക്കി ബി.ജെ.പി സര്‍ക്കാരും തീവ്ര ഹിന്ദുത്വവാദികളും. ദമോഹിലെ മുസ്‌ലിം മാനജ്‌മെന്റിന് കീഴിലുള്ള ഗംഗാ യമുന എച്ച്.എസ് സ്‌കൂളിലെ അമുസ്‌ലിം വിദ്യര്‍ത്ഥിനികളുടെ ഹിജാബ് അണിഞ്ഞുള്ള ഫോട്ടോകളാണ് വിവാദത്തിന് തുടക്കമിട്ടത്. 12ാം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉയരുന്നത്.
അമുസ്‌ലിം വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിക്കുന്നുവെന്നും മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നുവെന്നുമാണ് സംഘപരിവാര്‍ സംഘടനകളുടെ ആരോപണം. വിവാദത്തിന് പിന്നാലെ സ്‌കൂള്‍ പൊളിക്കാന്‍ മുന്‍സിപ്പല്‍ ഭരണകൂടം നീക്കം നടത്തുകയും പ്രതിഷേധങ്ങള്‍ക്കിടയിലും ചില കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സംഘടിച്ചെത്തിയാണ് ബുള്‍ഡോസറുകളെ തടഞ്ഞത്. എന്നാല്‍ പൊലീസിനെ ഇറക്കി പൊളിക്കല്‍ തുടരുകയായിരുന്നു. അതേസമയം, ആരോപണങ്ങളെ സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ നിഷേധിച്ചു.
ന്യൂനപക്ഷ സ്‌കൂള്‍ ആയതിനാലാണ് ഉര്‍ദു മൂന്നാം ഭാഷയായി പഠിപ്പിക്കുന്നത്. കുറി തൊടാനോ കയ്യില്‍ ചരട് കെട്ടാനോ സ്‌കൂളില്‍ ആര്‍ക്കും വിലക്കില്ല. നഴ്‌സറി മുതല്‍ക്ക് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പരാതി നല്‍കുന്നതില്‍ നിഗൂഢതയുണ്ടെന്നും അധികൃതര്‍ ആരോപിച്ചു.
പരാതി കണ്ടാല്‍ മൂന്ന് കുട്ടികളുടേതാണെന്ന് തോന്നില്ലെന്നും പ്രതിഭാഗത്തെ ജയിലിലാക്കാന്‍ ഉദ്ദേശിച്ച് മുതിര്‍ന്നവര്‍ എഴുതി നല്‍കിയതാണെന്ന് വ്യക്തമാകുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സ്‌കൂളില്‍ വേറെയും നിരവധി ഹിന്ദു കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും അവരുടെ മാതാപിതാക്കള്‍ക്ക് ഇത്തരം പരാതികളൊന്നുമില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ചിലര്‍ ഈ പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും അതാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും അഭിഭാഷകന്‍ വാദിച്ചു.
പരാതി അന്വേഷിച്ച ഡി.ഇ.ഒ സ്‌കൂളിന് ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് സ്‌കൂളിന്റെ അംഗീകാരം താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. പിന്നാലെ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മാനേജ്‌മെന്റിനെതിരെ കേസെടുക്കാനും നിര്‍ദേശിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് ചൗഹാനും സ്‌കൂളിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയിലെ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂളിലെ മൂന്ന് കുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഹിന്ദു വിദ്യാര്‍ത്ഥികളെ കുറി തൊടാനോ കയ്യില്‍ ചരട് കെട്ടാനോ അനുവദിക്കുന്നില്ല, ഉറുദു നിര്‍ബന്ധിത വിഷയമാക്കി, കവിയും തത്ത്വചിന്തകനുമായ മുഹമ്മദ് ഇഖ്ബാലിന്റെ ‘ലാബ് പേ ആതി ഹേ ദുവാ’ പാടിപ്പിച്ചു, മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നു, ഭൂമി കൈയേറ്റം, ജി.എസ്.ടി വെട്ടിപ്പ് തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ആരോപണങ്ങളാണ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ഉന്നയിക്കുന്നത്.
ഹിന്ദു, മുസ്‌ലിം, ജൈനമത വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 56 വിദ്യാര്‍ത്ഥിനികള്‍ ക്ലാസില്‍ പഠിക്കുന്നുണ്ടെന്നും ആറാം ക്ലാസ് മുതല്‍ ഇവിടെ ഹിജാബ് ധരിച്ചില്ലെങ്കില്‍ അധ്യാപകര്‍ ശകാരിക്കുമായിരുന്നു എന്നുമാണ് പ്രധാന പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ ആരോപണം. ഹിന്ദു വിദ്യാര്‍ത്ഥികളെ കുറി തൊടാനോ കയ്യില്‍ ചരട് കെട്ടാനോ അനുവദിക്കുന്നില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.
അതേസമയം, റിമാന്‍ഡിലുള്ള സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഫ്ഷ ഷേഖ്, കണക്ക് അധ്യാപകന്‍ അനസ് അത്തഹാര്‍, സെക്യൂരിറ്റി ഗാര്‍ഡ് റുസ്തം അലി എന്നിവരുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി ഇന്നലെ തള്ളി. സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരുഭാഗം പൊളിച്ചതോടെ 1200ഓളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാണ്. 2010ലാണ് ഗംഗാ യമുന വെല്‍ഫെയര്‍ സൊസൈറ്റി സ്‌കൂള്‍ സ്ഥാപിച്ചത്.