|

ബെംഗളൂരു എം.ടി.സിയില്‍ ശിരോവസ്ത്രം ധരിച്ചാല്‍ കാവി ഷാള്‍ ധരിച്ച് വരുമെന്ന് ഹിന്ദുത്വവാദികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ (ബി.എം.ടി.സി) ജീവനക്കാര്‍ ശിരോവസത്രം ധരിക്കുന്നതിനെതിരെ കാവി ഷാള്‍ അണിഞ്ഞ് പ്രതിഷേധിച്ച് ഹിന്ദുത്വവാദികള്‍. മുസ്‌ലിം വിഭാഗത്തിലെ പുരുഷന്മാര്‍ ധരിക്കുന്ന തൊപ്പിയെ ചൊല്ലിയാണ് നിലവില്‍ ഹിന്ദുത്വവാദികള്‍ ആരോപണം ഉന്നയിക്കുന്നത്.

ശിരോവസ്ത്രം ധരിക്കുന്നത് ബി.എം.ടി.സിയുടെ ചട്ടങ്ങള്‍ക്ക് എതിരാണെന്നാരോപിച്ചാണ് ഹിന്ദുത്വവാദികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനെതിരെ ചില ജീവനക്കാര്‍ കാവി ഷാള്‍ ധരിച്ച് ജോലിക്കെത്തുകയായിരുന്നു. ഡ്യൂട്ടിയ്ക്കിടെ ശിരോവസ്ത്രം ധരിക്കുന്നത് തടയുന്നതുവരെ കാവി ഷാള്‍ ധരിച്ച് ജോലിക്കെത്തുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

ശിരോവസ്ത്രം ധരിക്കുന്നത് ഒഴിവാക്കാന്‍ ഒരു വിഭാഗം ഹിന്ദുത്വ ജീവനക്കാര്‍ ചേര്‍ന്ന് കേസരി കര്‍മികര സംഘം എന്ന സംഘടനയും രൂപീകരിച്ചിട്ടുണ്ട്.

പൊലീസ് സേനയിലേത് പോലെ ബി.എം.ടി.സിയ്ക്കും യൂണിഫോം ഉണ്ടെന്നും ഇത് കൃത്യമായി പാലിക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണെന്നും ബി.എം.ടി.സി വൈസ് ചെയര്‍മാന്‍ എം.ആര്‍ വെങ്കടേഷ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ചെത്തിയതിന് ആറ് കുട്ടികളെ ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടി ​ഗവൺമെന്റ് പ്രീ യൂനിവേഴ്സിറ്റി കോളേജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഹിജാബ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവും, ഹൈക്കോടതി വിധിയും പെണ്‍കുട്ടികളെ ബോധിപ്പിച്ചതായും കോളേജ് അധികൃതര്‍ വ്യക്തമാക്കി.

മംഗളൂരു യൂനിവേഴ്സിറ്റിയിലും ഹിജാബ് ധരിച്ചെത്തിയതിന് വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ കമ്മീഷണറുടെ ഓഫീസിലെത്തി പരാതി നല്‍കിയിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കണമെന്നും അനുസരിക്കണമെന്നുമായിരുന്നു കമ്മീഷണര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നിര്‍ദേശം. ഇതിനെതിരായ പ്രതിഷേധവുമായാണ് വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് കോളേജിലെത്തിയത്.

Content Highlight: Hijab row in bengaluru metropolitan transport corporation

Latest Stories