| Friday, 17th June 2022, 9:28 am

ശിരോവസ്ത്രത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ല; മൂന്ന് മാസമായി ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ച് 19 വിദ്യാര്‍ത്ഥിനികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി മുസ്‌ലിം വിദ്യാര്‍ത്ഥികള്‍. മൂന്ന് മാസമായി ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ച് 19 വിദ്യാര്‍ത്ഥിനികളാണ് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി തേടി പ്രതിഷേധം തുടരുന്നത്.

ഹലിയഗഡി ഫസ്റ്റ് ഗ്രേഡ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വ്യക്തമാക്കിയെങ്കിലും ശിരോവസ്ത്രം ധരിച്ച് ക്ലാസിലിരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം ശക്തമാക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ കെ. ശ്രീധര്‍ പറഞ്ഞു.

കുട്ടികളുടെ മാതാപിതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും എന്നാല്‍ ഇതും പരാജയപ്പെടുകായായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പ്രതിഷേധം തുടരുകയാണെങ്കില്‍ ഇവരെ കോളേജില്‍ നിന്ന് ഉടന്‍ പുറത്താക്കുമെന്നും പ്രിന്‍സിപ്പല്‍ കെ. ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു.

സമാന സാഹചര്യങ്ങള്‍ മംഗളൂരു യൂണിവേഴ്‌സിറ്റി കോളേജ്, ഉപ്പിനഗഡി ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജ് എന്നിവടങ്ങളിലും നിലനിന്നിരുന്നെങ്കിലും മാതാപിതാക്കളുമായി കോളേജ് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.

ഹിജാബ് ധരിച്ചെത്തിയതിന് ആറ് കുട്ടികളെ ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടി ഗവര്‍ണ്‍മെന്റ് പ്രീ യൂണിവേഴ്സിറ്റി കോളേജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഹിജാബ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവും, ഹൈക്കോടതി വിധിയും പെണ്‍കുട്ടികളെ ബോധിപ്പിച്ചതായും കോളേജ് അധികൃതര്‍ വ്യക്തമാക്കി.

മംഗളൂരു യൂണിവേഴ്സിറ്റിയിലും ഹിജാബ് ധരിച്ചെത്തിയതിന് വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ കമ്മീഷണറുടെ ഓഫീസിലെത്തി പരാതി നല്‍കിയിരുന്നു.

ഫെബ്രുവരി 16നാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. നിലവില്‍ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

അടുത്തിടെ ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ (ബി.എം.ടി.സി) ജീവനക്കാര്‍ ശിരോവസത്രം ധരിക്കുന്നതിനെതിരെ കാവി ഷാള്‍ അണിഞ്ഞ് പ്രതിഷേധിച്ച് ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരുന്നു. മുസ്‌ലിം വിഭാഗത്തിലെ പുരുഷന്മാര്‍ ധരിക്കുന്ന തൊപ്പിയെ ചൊല്ലിയായിരുന്നു ഹിന്ദുത്വവാദികള്‍ ആരോപണം ഉന്നയിച്ചത്.

ശിരോവസ്ത്രം ധരിക്കുന്നത് ബി.എം.ടി.സിയുടെ ചട്ടങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയ ഹിന്ദുത്വവാദികളായ ജീവനക്കാര്‍ കാവി ഷാള്‍ ധരിച്ച് ജോലിക്കെത്തുകയായിരുന്നു. ഡ്യൂട്ടിയ്ക്കിടെ ശിരോവസ്ത്രം ധരിക്കുന്നത് തടയുന്നതുവരെ കാവി ഷാള്‍ ധരിച്ച് ജോലിക്കെത്തുമെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.

Content Highlight: Hijab protests continues in Karnataka, 19 students boycott classes since 3 months

We use cookies to give you the best possible experience. Learn more