തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് യൂണിഫോമില്‍ മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്്. എസ്.പി.സി യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവവശ്യപ്പെട്ട് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് സര്‍ക്കരിന്റെ പുതിയ ഉത്തരവ്.
പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തില്‍ പുതിയ ഉത്തരവ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മതപരമായ വസ്ത്രങ്ങള്‍ മതേതര നിലപാടുകള്‍ക്ക് തിരിച്ചടിയാകുമെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
കോഴിക്കോട് കുറ്റ്യാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സ്റ്റുഡന്റ് പൊലീസ് യൂണിഫോമില്‍ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഹിജാബും ഫുള്‍സ്ലീവുള്ള വസ്ത്രവും എസ്.പി.സി യൂണിഫോമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടായിരുന്നു വിദ്യാര്‍ത്ഥിയുടെ ഹരജി.
ജസ്റ്റിസ് വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ഈ ഹരജി നേരത്തെ തന്നെ തള്ളുകയും പരാതിക്കാരിയായ വിദ്യാര്‍ത്ഥിയോട് സര്‍ക്കാരിനെ സമീപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മതപരമായ വസ്ത്രങ്ങള്‍ സേനയുടെ യൂണിഫോമില്‍ ഉള്‍പ്പെടുത്തിയാല്‍ മേതതര നിലപാടുകള്‍ക്ക് തിരിച്ചടിയാകുമെന്നാണ് പുതിയ ഉത്തരവിലുള്ളത്.
കോടതി നിര്‍ദേശപ്രകാരം പരാതിക്കാരിയായ വിദ്യാര്‍ത്ഥിയുടെയും രക്ഷിതാക്കളുടെയും എസ്.പി.സിക്ക് നേതൃത്വം നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥരുടെയും വാദങ്ങള്‍ കേട്ട ശേഷമാണ് ആഭ്യന്തര സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
താന്‍ ഇസ്‌ലാം മതത്തില്‍ വിശ്വസിക്കുന്ന ആളാണെന്നും അതു കൊണ്ട് തന്നെ വിശ്വാസ പ്രകാരമുള്ള വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നുമാണ് വിദ്യാര്‍ത്ഥി പറഞ്ഞിരുന്നത്.
എന്നാല്‍ പൊലീസ് സേനയുടെ ഭാഗമെന്ന തരത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന എസ്.പി.സിക്ക് ഇത്തരത്തില്‍ മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഈ നിലപാട് നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഉത്തരവായി പുറത്തിറക്കിയത്. ഇരുകൂട്ടരുടെയും വാദങ്ങള്‍ കേട്ടതിന് ശേഷമാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉത്തരവിറിക്കിയിരിക്കുന്നത്.
50 ശതമാനവും പെണ്‍കുട്ടികളുള്ള സേനയില്‍ 12 ശതമാനവും മുസ്‌ലിം പെണ്‍കുട്ടികളാണ്. സേനയുടെ പ്രവര്‍ത്തനം ആരംഭിച്ച് ഇത്രയും കാലത്തിനിടയില്‍ ആദ്യമായാണ് ഇത്തരം ഒരു ആവശ്യം ഉയരുന്നത്. അതു കൊണ്ട് തന്നെ ഇത് അംഗീകരിക്കേണ്ടതില്ലെന്നും
അംഗീകരിച്ചാല്‍ ഒരു സേന എന്ന തരത്തില്‍ എസ്.പി.സിക്കുള്ള മതേതര സ്വഭാവം നഷ്ടമാകുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.
പുതിയ ഉത്തരവ് പൊലീസ് മേധാവിക്കും എസ്.പി.സിക്ക് നേതൃത്വം നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതിക്കാരിക്കും നല്‍കുകയും അന്തിമ തീരുമാനത്തിനായി ഹൈകോടതിയിലും സമര്‍പ്പിക്കുകയും ചെയ്യും.
Content highlight: Hijab or any religious dress cannot be included in SPC Uniform, Says Government