മുംബൈ: കര്‍ണാടകയില്‍ ഹിജാബ് ധരിക്കുന്നതിന് വേണ്ടി പ്രതിഷേധിക്കുന്ന മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ സ്ത്രീകളുടെ പ്രതിഷേധം.
ഹിജാബ് മുസ്‌ലിം സത്രീകളുടെ ആഭരണമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഹിന്ദുക്കളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചത്.
ഹിജാബിന് അനുകൂലമായി പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയും കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ തീരുമാനത്തെ അപലപിച്ചുമായിരുന്നു പ്രതിഷേധം.
‘അല്ലാഹു അക്ബര്‍’, ‘ജയ് ശ്രീറാം’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം.
ഹിജാബ് ഞങ്ങള്‍ക്ക് അലങ്കാരമാണ്, കര്‍ണ്ണാടക സര്‍ക്കാര്‍ കാര്യങ്ങള്‍ മനസിലാക്കുക, ജനങ്ങളെ ഭിന്നിപ്പിക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ മുഴക്കിയിരുന്നു.
‘കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നു. ശ്രീരാം സേന ഹിജാബ് ധരിക്കുന്നതിന് മാത്രമല്ല എതിര്‍പ്പ് കാണിക്കുന്നത്. ജീന്‍സ്, പാവാട, ടി-ഷര്‍ട്ട് എന്നിവ ധരിക്കുന്നതിലും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.എല്ലാവര്‍ക്കും അവരവരുടെ മതം ആചരിക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്,’ പ്രതിഷേധക്കാര്‍ പറഞ്ഞു.
അതിനിടെ, ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന തര്‍ക്കം വിഘടനവാദ അജണ്ട മുന്നോട്ട് കൊണ്ടുപോകാനും അരാജകത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്ന് വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചിരുന്നു.
ബിക്കിനിയോ, ഘൂംഘാട്ടോ, ഒരു ജോടി ജീന്‍സോ എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സ്ത്രീയുടെ അവകാശമാണെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയുടെ പരാമര്‍ശത്തിനെതിരെ വി.എച്ച്.പി നേതാവ് രംഗത്തെത്തിയിരുന്നു.
പ്രിയങ്ക ഗാന്ധിയുടെ സമനില നഷ്ടപ്പെട്ടോ. പെണ്‍കുട്ടികളെ ബിക്കിനിയില്‍ ക്ലാസ് മുറികളിലേക്ക് അയയ്ക്കണോയെന്നും വി.എച്ച്.പി നേതാവ് ചോദിച്ചിരുന്നു.
കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ ആറ് പെണ്‍കുട്ടികള്‍ നടത്തിയ പ്രതിഷേധത്തില്‍ ആരംഭിച്ചത് കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാണ്ഡ്യ, ശിവമോഗ എന്നിവയുള്‍പ്പെടെ നിരവധി കോളേജുകളില്‍ പ്രതിഷേധമായി മാറി.
ജനുവരിയിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഉഡുപ്പിയിലെ പി.യു കോളേജിലെ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ചെത്തിയതോടെ അവരോട് പുറത്ത് പോകാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.
ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികള്‍ കോളേജിന് പുറത്തുതന്നെ നില്‍ക്കട്ടെ എന്ന നിലപാടാണ് ഇപ്പോഴും കോളേജുകള്‍ സ്വീകരിച്ചിരിക്കുന്നത്. കോളേജിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരം തുടരുകയാണ്.
ഹിജാബ് വിവാദത്തില്‍ കോളേജിന്റെ നടപടിയെ എതിര്‍ത്ത് സമരം ആരംഭിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെയും പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
വിദ്യാര്‍ത്ഥിനികള്‍ ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ഫോണ്‍രേഖകളും പൊലീസ് ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഹിജാബ് വിഷയത്തില്‍ സമരം ചെയ്യുന്നത് തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നത്.
Content Highlights: Hijab issue: Protests intensify in Mumbai, not just Karnataka; Hindu women also lined up in protest