ബെംഗളൂരു: ഹിജാബ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് കര്‍ണാടക നിയമസഭയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കയ്യില്‍ കറുത്ത ബാന്‍ഡ് ധരിച്ചാണ് കോണ്‍ഗ്രസ് എം.എല്‍.മാര്‍ സഭയിലെത്തിയത്.
ഹിജാബ് വിവാദത്തിന് പുറമെ റിപബ്ലിക് ദിന പരേഡില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയടങ്ങിയ കേരത്തിന്റെ പ്ലോട്ട് അനുവദിക്കാതെ ഒഴിവാക്കിയതിനെതിരെയുമായിരുന്നു കോണ്‍ഗ്രസ് എം.എല്‍.മാരുടെ പ്രതിഷേധം.
തിങ്കളാഴ്ച ആരംഭിച്ച കര്‍ണാടക നിയമസഭാ സംയുക്ത സമ്മേളനത്തില്‍ ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴടക്കം കറുത്ത ബാന്‍ഡ് കയ്യില്‍ ധരിച്ചായിരുന്നു സിദ്ധരാമയ്യ അടക്കമുള്ള എം.എല്‍.എമാര്‍ സഭയിലിരുന്നത്.
മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ കോളേജുകളിലും സ്‌കൂളുകളിലും കുട്ടികളെ കൊണ്ട് കാവി ഷാള്‍ ധരിപ്പിച്ചതും അവരെ പ്രതിഷേധങ്ങളിലേക്കിറക്കി വിട്ടതും ബി.ജെ.പിയാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പിയുടെ നഗരവികസന മന്ത്രി ഈശ്വരപ്പ ഇക്കാര്യം തുറന്നുസമ്മതിച്ചതാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായല്ല ഈശ്വരപ്പ ഇത്തരമൊരു കാര്യം പറയുന്നതെന്നും, ചെങ്കോട്ടയില്‍ ഇന്ത്യന്‍ ദേശീയ പതാക മാറ്റി അവിടെ കാവിക്കൊടി ഉയര്‍ത്തണമെന്ന് നേരത്തെ തന്നെ പരസ്യമായി പ്രഖ്യാപിച്ച ആളാണ് അദ്ദേഹമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇതിനെതിരെ പരാതി നല്‍കിയിട്ടും ഈശ്വരപ്പയ്‌ക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിജാബ് വിഷയത്തിന് പുറമെ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയടങ്ങിയ കേരളത്തിന്റെ പ്ലോട്ട് റിപബ്ലിക് ദിന പരേഡില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞ കേന്ദ്ര നടപടിക്കെതിരെയും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പ്രതിഷേധിച്ചു.
റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കിയത് കര്‍ണാടകയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. കര്‍ണാടകയുടെ തീരദേശ മേഖലയിലെ ജനങ്ങള്‍ക്കിടിയില്‍ ഏറെ സ്വാധിനം ചെലുത്തിയ സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു അദ്ദേഹം.