| Saturday, 4th May 2019, 6:11 pm

ഹിജാബ് ചര്‍ച്ചകളില്‍ ഇല്ലാതെ പോവുന്ന പുനര്‍ വായനകള്‍ !

നാസിറുദ്ദീന്‍

ഹിജാബ് എന്നത് മുസ്‌ലിം സ്ത്രീയുടെ ‘ഔദ്യോഗിക’ ഇസ്ലാമിക വസ്ത്രധാരണ രീതിയായി അവതരിപ്പിക്കപ്പെടുമ്പോള്‍ ആദ്യം പരിശോധിക്കേണ്ടത് സ്വാഭാവികമായും മതത്തില്‍ ഹിജാബിനുള്ള പിന്‍ബലമാണ്. അഥവാ ഖുര്‍ആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ഹിജാബിനുള്ള സാധൂകരണമാണ് വിലയിരുത്തേണ്ടത്.

മുസ്‌ലിം സമുദായത്തില്‍ ആത്യന്തിക മത തത്വമെന്ന രീതിയില്‍ മുഖവും മുന്‍ കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ സ്ത്രീകള്‍ക്ക് ഔറത്താണെന്ന വാദം അടിച്ചേല്‍പിക്കപ്പെടുന്നു. ഏതെങ്കിലും മറു ചോദ്യത്തിനോ ബദല്‍ വ്യാഖ്യാനങ്ങള്‍ക്കോ ഇടം നല്‍കാത്തത കൃത്യമായായാണ് ഇക്കാര്യം അവതരിക്കപ്പെട്ട് പോരുന്നത്. മുസ്‌ലിം സ്ത്രീയുടെ ഖുര്‍ആന്‍ നിശ്ചയിച്ച ഔദ്യോഗിക വസ്ത്രമാണ് ഹിജാബെന്നും ഇതിന്റെ തുടര്‍ച്ചയായി പറയുന്നു.

എന്താണ് വസ്ത്രധാരണത്തിന് അടിസ്ഥാനമായി ഖുര്‍ആന്‍ പറയുന്നതെന്നാണ് ആദ്യം പരിശോധിക്കേണ്ടത്. ഖുര്‍ആനിലെ ഏഴാമത്തെ അധ്യായമായ സൂറത്ത് അറാഫില്‍ 26 മത്തെ സൂക്തത്തില്‍ ഇങ്ങനെ പറയുന്നു,

‘ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗുഹ്യസ്ഥാനം മറയ്ക്കാനും ശരീരം അലങ്കരിക്കാനും പറ്റിയ വസ്ത്രങ്ങളുല്‍പാദിപ്പിച്ചു തന്നിരിക്കുന്നു. എന്നാല്‍ ഭക്തിയുടെ വസ്ത്രമാണ് ഏറ്റവും ഉത്തമം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നാണിത്. അവര്‍ മനസ്സിലാക്കി പാഠമുള്‍ക്കൊള്ളാന്‍.’

ചെറുതെങ്കിലും വളരെ വിശാലമായ അര്‍ത്ഥ തലങ്ങളുള്ള ഒരു സൂക്തമാണിത്. ഇവിടെ രണ്ട് കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഒന്ന്, സ്വകാര്യ ഭാഗങ്ങള്‍ മറക്കുന്നതിന്റെ അതേ പ്രാധാന്യം അലങ്കാരത്തിനും നല്‍കിയിട്ടുണ്ട്. അലങ്കാരം എന്നതിന് ഉപയോഗിച്ചത് ‘റീഷന്‍ ‘ എന്ന അറബി പദമാണ്. പക്ഷികളുടെ മനോഹരമായ തൂവല്‍പ്പുടയെ സൂചിപ്പിക്കാനാണ് സാധാരണയായി ഈ പദം ഉപയോഗിക്കുന്നത്. പക്ഷികളുടെ തൂവല്‍പ്പുട അതിന്റെ വൈവിധ്യം കൊണ്ടും സൗന്ദര്യം കൊണ്ടും എന്നും മനുഷ്യരെ ഏറ്റവുമധികം ആകര്‍ഷിക്കുന്നതാണ്.

ഒരു പക്ഷിയുടെ ഏറ്റവും വലിയ ഐഡന്റിറ്റി ആയി മനുഷ്യര്‍ കണ്ടിരുന്നതും ഈ തൂവലുകളാണ്. രണ്ട്, വസ്ത്രധാരണത്തിന്റെ അടിസ്ഥാന ഉദ്ദേശങ്ങളില്‍ യാതൊരു വിധത്തിലുള്ള ആണ്‍-പെണ്‍ വേര്‍തിരിവിന്റെയും സൂചന ഇതിലില്ല. ഇവിടെ ഉപയോഗിച്ച വാക്ക് ‘മുസ്‌ലിംങ്ങളേ’ എന്ന് പോലുമല്ല ; ‘ആദമിന്റെ സന്തതികളേ’ എന്നാണ്. അതായത് മുഴുവന്‍ മനുഷ്യ കുലത്തിനും ഈയൊരു വസ്ത്ര സങ്കല്‍പമാണ് നല്ലതെന്ന് ഖുര്‍ആന്‍ പറയുന്നു. ഈ അടിസ്ഥാന സൂക്തത്തിന്റെ ചൈതന്യം ഉള്‍കൊണ്ടായിരിക്കണം ഇത് സംബന്ധമായ തുടര്‍ ചര്‍ച്ചകള്‍.

പിന്നീട് ഈ ആയത്തിന്റെ സ്പിരിറ്റ് നില നിര്‍ത്തിക്കൊണ്ട് തന്നെ സൂറത്ത് അഹ്‌സാബിലും നൂറിലുമായി അഞ്ചാറ് ആയത്തുകള്‍ കൂടി ഉപയോഗിച്ച് ഖുര്‍ആന്‍ ഈ നിലപാട് വിശദീകരിക്കുന്നു. എന്നാല്‍ ഖുര്‍ആനില്‍ ഹിജാബ് എന്ന വാക്ക് 7 തവണ ഉപയോഗിച്ചതില്‍ ഒറ്റ പ്രാവശ്യം പോലും സ്ത്രീകളുടെ വസ്ത്രധാരണത്തെ സൂചിപ്പിക്കാനല്ല ഉപയോഗിച്ചത്.

ഇതില്‍ അഹ്‌സാബിലെ ആയത്തുകള്‍ ചില പ്രത്യേക സാഹചര്യങ്ങളെയും സംഭവങ്ങളെയും അഭിമുഖീകരിച്ചുള്ളവയും contextual ആയതുമാണ്. ആദ്യ ഭാഗത്ത് കൃത്യമായും ഇത് നബി (സ) യുടെ ഭാര്യമാരെ ഉദേശിച്ചുള്ളതാണെന്നും അവര്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണെന്നും എടുത്ത് പറയുന്നുണ്ട്.

രണ്ടാമത്തെ ഭാഗത്ത് നബിയുടെ സൈനബുമായുള്ള വിവാഹത്തിന്റെ സമയത്ത് അവതീര്‍ണ്ണമായതാണ്. അന്നത്തെ സവിശേഷമായ സാഹചര്യത്തില്‍ നബിയുടെ വീടും പള്ളിയും ഓഫീസും ഒരേ പോലെ ആയിരുന്നു. അനിയന്ത്രിതമായ സ്വാതന്ത്ര്യമായിരുന്നു പലപ്പോഴും സഹാബാക്കള്‍ നബിയോടും ഭാര്യമാരോടും എടുത്തിരുന്നത്. ഇതാവട്ടെ നബിക്ക് പലപ്പേഴും ബുദ്ധിമുട്ടുണ്ടാക്കുകയും അതിലുപരിയായി നബി നടത്തിക്കൊണ്ടിരിക്കുകയായിരുന്ന സാമൂഹിക വിപ്ലവത്തില്‍ നിന്നും ശ്രദ്ധ തിരിച്ചിടല്‍ അനിവാര്യതയായി കണ്ട മുനാഫിക്കുകളെ(‘ കപട വിശ്വാസികള്‍ ‘ , ‘ദുര്‍ബല വിശ്വാസികള്‍ ‘ (സംബന്ധിച്ചിടത്തോളം വലിയൊരവസരവുമായിരുന്നു. നബിയേയും ഭാര്യമാരേയും പറ്റി നുണകളും കള്ളക്കഥകളും അടിച്ചിറക്കി. അബ്ദുള്ളാഹിബിന് ഉബയ്യിന്റെത് ഒരുദാഹരണം. അടിമസ്ത്രീകളില്‍ ജനിക്കുന്ന കുട്ടികളെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യവരുമാന മാര്‍ഗ്ഗം.

ഇത് പോലുള്ള മനുഷ്യത്വ രഹിതമായ നടപടികള്‍ക്ക് ഇസ്‌ലാം നടപ്പിലാക്കുന്ന സാമൂഹിക വിപ്ലവം വിലങ്ങുതടിയാവുന്നത് കണ്ടപ്പോഴാണ് ഇവര്‍ ശ്രദ്ധ തിരിക്കാന്‍ വേണ്ടി നുണ പ്രചാരണങ്ങളിലേക്ക് തിരിഞ്ഞത്. നബിയുടെ ഭാര്യമാരെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള ഈ നുണ പ്രചാരണങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഖുര്‍ആന്‍ അവര്‍ക്ക് പ്രത്യേകമായി ചില കര്‍ശന വ്യവസ്ഥകള്‍ വെച്ചത്. അതാവട്ടെ വസ്ത്രത്തില്‍ മാത്രമല്ല, പുനര്‍ വിവാഹമടക്കമുള്ള വേറെയും പല കാര്യത്തിലും ഉണ്ട് താനും.

അതേ പോലെ അഹ്‌സാബില്‍ തന്നെ പുറത്തിറങ്ങുമ്പോള്‍ സ്ത്രീകളോട് ജില്‍ബാബ് അഥവാ ഒരു ആവരണം കൊണ് ശരീരം മൂടാനും പറയുന്നുണ്ട്. പക്ഷേ, ഇത് കൃത്യമായും അവര്‍ തിരിച്ചറിയപ്പെടാനും ആക്രമിക്കപ്പെടാതിരിക്കാനുമാണെന്ന് ഇതേ ആയത്തില്‍ പറയുന്നുണ്ട്. ‘അന്‍ യുഹ്‌റഫ്‌ന വലാ യുഹ്‌സയ്ന്ന’…… എന്നാണ് പറയുന്നത്. അന്നത്തെ കാലത്ത് അടിമസ്ത്രീകളെയും വേശ്യകളെയും ആരും എപ്പോഴും എവിടെ വെച്ചും കീഴ്‌പ്പെടുത്തുന്നതും ലൈംഗികാവശ്യത്തിനായി ഉപയോഗിക്കുന്നതും തീര്‍ത്തും സ്വീകാര്യമായ ഒന്നായിരുന്നു. ഇതില്‍ നിന്ന് രക്ഷ കിട്ടാന്‍ വേണ്ടിയാണ് അടിമസ്ത്രീകളില്‍ നിന്നും തിരിച്ചറിയത്തക്ക രീതിയില്‍ വസ്ത്രം ധരിക്കാന്‍ പറഞ്ഞത്.

സൂറത്ത് നൂറിലെ ആയത്താണ് ഇതുമായി ബന്ധപ്പെട്ട അവസാന ആയത്ത്.

‘നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീര സൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്‌ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.’ (ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ പരിഭാഷ)

ഇതിലെ ഒരു പാട് വാക്കുകളുടെ അര്‍ത്ഥങ്ങള്‍ പുനപരിശോധന അര്‍ഹിക്കുന്നുണ്ട്. പക്ഷേ ഒന്ന് രണ്ട് വാക്കുകള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. ‘ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം’ എന്ന് പറയുന്നതില്‍ ശിരോവസ്ത്രം എന്ന് പരിഭാഷപ്പെടുത്തിയതിന്റെ അറബി പദം ‘ ഖിമര്‍’ എന്നതിന്റെ ബഹുവചനമായ ‘ഖുമുര്‍” ആണ്. ശിരോവസ്ത്രം, മുഖ മക്കന, മുഖപടം, ഹെഡ് സ്‌കാഫ് എന്നൊക്കെയാണ് പല പരിഭാഷകരും ഇതിന്നര്‍ത്ഥം കൊടുക്കുന്നത്. അതിനെ അടിസ്ഥാനമാക്കി മുഖമക്കന അഥവാ ശിരോവസ്ത്രം വേണമെന്നും മുടി സ്ത്രീയുടെ ഔറത്തില്‍ പെടുമെന്നും ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നു. ഇനി ഈ ആയത്തിനെ വിശദീകരിച്ച് കൊണ്ട് പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവും അറബ്- ഹിബ്രു ഭാഷകളില്‍ അഗാധ പാണ്ഡിത്യത്തിനുടമയുമായിരുന്ന മുഹമ്മദ് അസദ്പറയുന്നത് അതേപടി ഉദ്ധരിക്കട്ടെ,

‘ഖിമര്‍ എന്നത് ഇസ്‌ലാം വന്നതിന് മുമ്പും ശേഷവും അറേബ്യന്‍ സ്ത്രീകള്‍ പരമ്പരാഗതമായി ധരിച്ചു പോന്നിരുന്ന ഒരു തലാവരണം / head Covering നെ ആണ് സൂചിപ്പിക്കുന്നത്. ഇസ്‌ലാം വരുന്നതിന് മുമ്പ് കൂടുതലും ഒരു Ornament അഥവാ ആഭരണം ആയി ഉപയോഗിക്കുകയും ലൂസായി അവരുടെ പുറം ഭാഗത്ത് കൂടി തൂക്കിയിടുകയുമായിരുന്നു പതിവ്. മാത്രമല്ല, അന്നത്തെ ഫാഷന്‍ രീതിയനുസരിച്ച് ഉടുപ്പിന് മുന്‍വശത്ത് വലിയ വിടവുകള്‍ ഉണ്ടാക്കുകയും മാറിടം നഗ്‌നമാക്കി വെക്കുകയുമായിരുന്നു പതിവ്.

അത് കൊണ്ട് തന്നെ പ്രവാചകന്റെ കാലഘട്ടത്തില്‍ ജീവിച്ചവര്‍ക്ക് സുപരിചിതമായ ഒരു മാര്‍ഗം അഥവാ ഖുമുര്‍ വഴി മാറിടം തുറന്നിട്ടുന്നത് മൂടാന്‍ നിര്‍ദേശിക്കുകയുമായിരുന്നു ഇതിലൂടെ പറഞ്ഞത്. ഇവിടെ ഖുമുര്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നില്ല , മറിച്ച് സ്വയം വെളിവാവുന്നത് ( ”ഇല്ലാ മാ ളഹറ മിന്‍ ഹാ ‘) എന്നതില്‍ ഒരു സ്ത്രീയുടെ മാറിടം വരില്ലെന്നും അത് കൊണ്ട് അത് കാണിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കുകയാണ്. ‘ (പേജ് 735)

ഇബ്‌നു കസീറിന്റെ വിശദീകരണത്തില്‍ നിന്നും ഖുമുറിന്റെ സ്വഭാവത്തെ പറ്റി കൂടുതല്‍ കൃത്യമായ ധാരണ കിട്ടുന്നുണ്ട്. ഖുമുര്‍ ധരിച്ചാലും ജാഹിലിയ്യാ കാലഘട്ടത്തിലെ സ്ത്രീകളുടെ മാറിടം പൂര്‍ണ്ണമായി പുറത്തു കാണുമായിരുന്നു എന്ന് മാത്രമല്ല കഴുത്തും നെറ്റിയിലേക്ക് തൂങ്ങി നില്‍കുന്ന മുടിക്കെട്ടുകളും മുടികളും കമ്മലും വരെ പുറത്തു കാണുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.(chests, necks, forelocks, hair and earrings)

ഇത് ഹദീസുകളിലുടെയും മറ്റു ചരിത്രങ്ങളിലൂടെയും വ്യക്തമാണ്. യുദ്ധസമയത്ത് പോരാളികളെ ആവേശഭരിതരാക്കാന്‍ ഇങ്ങനെ മാറിടം തുറന്ന് വെച്ച് നൃത്തം ചെയ്യുന്നതിനേയും ഹിന്ദിനെ പോലുള്ളവര്‍ അതിന് നേതൃത്വം നല്‍കിയതുമെല്ലാം ഹദീസുകളില്‍ കാണാം. അതേപോലെ മാറിടം മൂടിവെക്കാന്‍ പറയുന്ന മറ്റൊരായത്തില്‍ സിയാബ് അഥവാ ഒരു വസ്ത്രം എന്നാണ് പറയുന്നത്.

അറേബ്യയിലെ വസ്ത്രധാരണ രീതികളെ കുറിച്ചും വേഷവിധാനങ്ങളെ പറ്റിയും ഉള്ള പുസ്തകങ്ങളില്‍ ഏറ്റവും ആധികാരികമായതാണ് യദീദിയ കാല്‍ഫൂന്റെ Arab Dress : A short History from the dawn of Islam to modern times എന്ന പുസ്തകം. ഇതില്‍ ഖുമുറിനെ കുറിച്ചുള്ള വിശദീകരണങ്ങളും അസദിന്റെ അഭിപ്രായങ്ങളോട് യോജിച്ച് പോവുന്നതാണ്. ഒരു ശിരോവസ്ത്രമായിട്ട് ഖുമുര്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് ആ പുസ്തകത്തില്‍ നിന്ന് മനസ്സിലാവുന്നത്.

അതായത് ഖിമര്‍ എന്നത് അലങ്കാരത്തിന്റെയും ഫാഷന്റെയും ഭാഗമായി അക്കാലത്തെ പെണ്ണുങ്ങള്‍ ഉപയോഗിച്ച ഒന്നായിരുന്നെന്നും അത് ധരിക്കുമ്പോഴും തലമുടി കാണാറുണ്ടായിരുന്നു എന്നുമാണ് മനസ്സിലാവുന്നത്.

അതേ പോലെ തന്നെയാണ് ‘ഇല്ലാ മാ ളഹറ മിന്‍ഹാ’ എന്നതും. വളരെ വ്യത്യസ്തമായ വ്യാഖ്യാന സാധ്യതകള്‍ നല്‍കുന്ന ഒരു വാചകമാണിത്. അസദ് ഇതാണ് നല്‍കിയ പരിഭാഷ what may [ decently] be apparent ‘മാന്യമായി വെളിവാവുന്നത്’ എന്നാണ്. ആദ്യകാല പണ്ഡിതനായ അല്‍ കിഫാല്‍ നല്‍കിയ വിശദീകരണം ശ്രദ്ധേയമാണ്. നിലവിലുള്ള അഥവാ ആചാരമനുസരിച്ച് ഒരു മനുഷ്യന് പരസ്യമായി കാണിക്കാവുന്ന ഭാഗങ്ങള്‍ ( അല്‍ അദാ അല്‍ ജാരിയാ, prevailing custom _ Asad). ഇമാം അല്‍ റാസിയും തന്റെ തഫ്‌സീറില്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട്. സാമ്പ്രദായിക ഇസ്ലാമിക പണ്ഡിതന്മാരില്‍ ഭൂരിഭാഗവും ‘മാന്യമായി വെളിവാവുന്നത് ‘ എന്നതിന് കയ്യും മുഖവും കാല്‍ പാദങ്ങളും ഒരു പക്ഷേ അതിലും കുറവുമാണ് വിശദീകരിച്ചതെങ്കിലും അസദ് മറിച്ചൊരഭിപ്രായം വെക്കുന്നു.

‘ ‘ഇല്ലാ മാ ളഹറ മിന്‍ഹാ’ എന്നതിന്റെ അര്‍ത്ഥം കൂടുതല്‍ വിശാലമാണെന്ന് നമുക്ക് മനസ്സിലാക്കാം. ബോധപൂര്‍വ്വം ഖുര്‍ആന്‍ ഈ വിഷയത്തില്‍ പിന്തുടരുന്ന അവ്യക്തത കാലത്തിനും മനുഷ്യന്റെ സാമൂഹിക – ധാര്‍മിക വളര്‍ച്ചയെ ഉള്‍കൊള്ളാനും വേണ്ടിയുള്ളതാണ്. ഈ ആയത്തിന്റെ ആണിക്കല്ലെന്ന് പറയാവുന്നത് ദൃഷ്ടികള്‍ താഴ്ത്താനും പരിശുദ്ധി കാത്തു സൂക്ഷിക്കാനും പറയുന്ന ഭാഗമാണ്. ഈയൊരു പൊതു തത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ഏതൊരു കാലഘട്ടത്തിലും ഖുര്‍ആന്റെ സാമൂഹിക-ധാര്‍മിക തത്യങ്ങളോട് നിരക്കുന്ന രീതിയില്‍ ഒരാളുടെ വേഷവിധാനം മാന്യമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്. ‘

പക്ഷേ നിര്‍ഭാഗ്യ വശാല്‍ ‘ദൃഷ്ടികള്‍ താഴ്ത്തുക’ എന്നത് കേവലം കണ്ണുകള്‍ താഴ്തുന്നതിലേക്കും ‘ പരിശുദ്ധി കാത്തു സൂക്ഷിക്കുക എന്നത് ഗുഹ്യ ഭാഗങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിലേക്കും’ ഒതുക്കിക്കെട്ടുന്ന പരിഹാസ്യമായ ചര്‍ച്ചയാണ് പലപ്പോഴും നടക്കുന്നത്. ഇവിടെയാണ് ഇമാം അല്‍ റാസി ഇതേ വാചകങ്ങള്‍ക്ക് നല്‍കിയ വിശദീകരണം പ്രസക്തമാവുന്നത്. ദൃഷ്ടികള്‍ താഴ്ത്തുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശാരീരികവും വൈകാരികവുമായ പരിശുദ്ധി സംരക്ഷിക്കുക എന്നും (both physical and emotional modesty) ഗുഹ്യ ഭാഗങ്ങള്‍ സംരക്ഷിക്കുക എന്നത് കൊണ്ടുദ്ദേശിക്കുന്നത് ലൈംഗിക ത്വരകള്‍ നിയന്ത്രിക്കുന്നതും (restraining one’s sexual urge) എന്നും റാസി അഭിപ്രായപ്പെടുന്നു. നോക്കൂ എത്ര മനോഹരവും കാലിക പ്രസക്തവുമാണ് ഈ വിശദീകരണങ്ങള്‍?

അത് മാത്രമല്ല, ഇസ്‌ലാമിലെ നിര്‍ബന്ധ ആരാധനയായ നമസ്‌കാരത്തിന് വേണ്ടി വുളു എടുക്കുമ്പോള്‍ മുട്ട് ഉള്‍പ്പെടെയുള്ള കൈ ഭാഗം മുഴുവന്‍ കഴുകണമെന്നും തല തടവണമെന്നും ഉണ്ട്. വുളു പരസ്യമായി തന്നെ ചെയ്യേണ്ടതാണ്. പെണ്ണുങ്ങള്‍ മാത്രമായി വുളു രഹസ്യമായി ചെയ്യണമെന്ന സൂചന പോലും ഒരു പ്രമാണത്തിലുമില്ല. മറക്കേണ്ട ഭാഗമാണെങ്കില്‍ അത് പരസ്യമായി ചെയ്യുന്ന വുളുവിന്റെ ഭാഗമായി മാറുന്നതും യുക്തിക്ക് നിരക്കുന്നതല്ല.

പറഞ്ഞു വന്നത് ഈ ഖുര്‍ആന്‍ ആയത്തുകളുടെ മുകളിലെ വിശദീകരണങ്ങള്‍ മാത്രമാണ് ശരിയെന്നോ ഇവിടെ ഉദ്ധരിക്കപ്പെട്ടതല്ലാത്ത തഫ്‌സീറുകള്‍ തെറ്റാണെന്നോ അല്ല. ഒരേ തഫ്‌സീറില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളും കാണാം. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ഖുര്‍ആന്‍ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളില്‍ തത്വങ്ങള്‍ക്കാണ് ഊന്നല്‍, തഖ്വ അഥവാ ഭക്തിയുടെ വസ്ത്രമാണ് ഏറ്റവും മികച്ച വസ്ത്രമായി പറയുന്നത്.

വിശദീകരണങ്ങളുടെ കാര്യമെത്തുമ്പോള്‍ ഖുര്‍ആന്‍ ‘വ്യക്തമായ ഒരവ്യക്തതയുടെ’ശൈലിയാണ് പിന്തുടരുന്നത്. സമയത്തിനും സാഹചര്യത്തിനും ആളുകളുടെ മാറുന്ന സാമൂഹിക – ധാര്‍മിക ബോധങ്ങളും പക്വതയുമെല്ലാം അനുസരിച്ചുള്ള വസ്ത്ര സങ്കല്‍പങ്ങളെ ഉള്‍കൊള്ളാന്‍ വേണ്ടിയാണെന്ന് തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആ ലക്ഷ്യം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഇസ്‌ലാമിന്റെ വസ്ത്രസകല്‍പത്തിന്റെ ചൈതന്യം മനസ്സിലാകാതെ പോവുകയാണ്.

ഖുര്‍ആനില്‍ നിന്ന് പ്രവാചക ചര്യയിലേക്ക് വന്നാലും ഇത് തന്നെയാണ് നമുക്ക് കാണാന്‍ പറ്റുക. നബി ഇന്ന് നമ്മള്‍ കേള്‍ക്കുന്ന പോലെ കര്‍ശനമായ ഡ്രസ്സ് കോഡ് നിര്‍ദ്ദേശിച്ചതായോ മുഖവും മുന്‍ കൈയ്യും ഒഴികെ ഔറത്താണെന്ന് പറഞ്ഞതായോ ഹദീസുകളില്‍ ഇല്ല. അങ്ങനെയുള്ള സൂചനകള്‍ പോലും പ്രമുഖ ഹദീസ് ശേഖരങ്ങളായ ബുഖാരിയിലോ മുസ്‌ലിമിലോ ഒന്നുമില്ല. പലപ്പോഴും എടുത്തുദ്ധരിക്കാറുള്ളത് അബൂ ദാവൂദിന്റെ ശേഖരത്തിലുള്ള ഒരു ഹദീസാണ്. അത് കൊണ്ട് ഇതല്‍പം വിശദമായി പരിശോധിക്കാം. ഇവിടെ ഞാനുദ്ധരിക്കുന്നത് പര്‍ദ്ദ മാത്രമോ ഇസ്‌ലാമിന്റെ സ്ത്രീ വേഷം? എന്ന പേരില്‍ ഇല്യാസ് മൗലവി പ്രബോധനം വാരികയില്‍ എഴുതിയ ലേഖനം ആണ്.

സ്ത്രീയുടെ ഇസ്ലാമിക വസ്ത്രധാരണത്തിന്റെ സവിശേഷതകള്‍ എന്ന തലക്കെട്ടില്‍ അദ്ദേഹം പറയുന്നു:

1. ശരീരം മുഴുവനും (മുഖവും മുന്‍കൈയും ഒഴിച്ചുള്ള ഭാഗങ്ങള്‍) മുടുക.

ആഇശ (റ) പറയുന്നു: ”അബൂബക്റിന്റെ മകള്‍ അസ്മാ നേരിയ വസ്ത്രവുമിട്ടുകൊണ്ട് നബി(സ)യുടെ അടുത്ത് വന്നു. അപ്പോള്‍ തിരുമേനി തിരിഞ്ഞു നിന്നു കളഞ്ഞു. എന്നിട്ട് മുഖവും മുന്‍കൈയും ചൂണ്ടിക്കൊണ്ട് പറഞ്ഞു: അസ്മാ, പെണ്ണ് പ്രായപൂര്‍ത്തിയെത്തിക്കഴിഞ്ഞാല്‍ പിന്നെ ഇതും ഇതുമല്ലാതെ പുറത്തു കാണാന്‍ പാടില്ല” (അബൂദാവൂദ്: 4104). അല്‍ബാനി ഇത് സ്വഹീഹാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് (സ്വഹീഹ് അബീദാവൂദ്: 2/460).

(പര്‍ദ്ദ മാത്രമോ ഇസ്‌ലാമിന്റെ സ്ത്രീ വേഷം?, ഇല്യാസ് മൗലവി, പ്രബോധനം 2014, ഡിസംബര്‍ 26)

ഇനി ഇതേ ഹദീസ് പൂര്‍ണ്ണ രൂപത്തില്‍ വായിച്ചാല്‍ വ്യക്തമാവുന്ന ചില കാര്യങ്ങള്‍ പറയട്ടെ,

1) കൂടുതല്‍ വിശ്വസനീയവും സ്വീകാര്യവുമായ ബുഖാരി, മുസ്‌ലിം ശേഖരങ്ങളില്‍ ഒന്നിലും ഈ ഹദീസ് ഇല്ല

2) നേര്‍ത്ത വസ്ത്രമായിരുന്നു അസ്മ ധരിച്ചതെന്ന് പ്രത്യേകം എടുത്ത് പറയുന്നുണ്ട്.

3) മുഖവും മുന്‍ കയ്യും എന്ന വ്യക്തമായ പരാമര്ശം ഇതിലും ഇല്ല, ചൂണ്ടിക്കാണിച്ചെന്നെ പറയുന്നുള്ളൂ.

4) ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ഖാലിദ് ബിന് ദുരൈക് ആയിഷയെ കണ്ടിട്ടില്ല എന്ന് അബു ദാവൂദ് തന്നെ പറയുന്നുണ്ട്. (ആ ഭാഗം ഇല്യാസ് മൗലവി എന്ത് കൊണ്ടോ എടുത്തു പറയുന്നില്ല ) അത് കൊണ്ട് തന്നെ ഇതൊരു മുര്‍സല്‍ കാറ്റഗറിയില്‍ പെടുന്ന ഹദീസ് ആണെന്ന് അബു ദാവൂദ് പറയുന്നു. ഇത്തരം ഹദീസുകളുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട സമീപനത്തെ കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ഥാഭിപ്രായം ആണുള്ളത്. മറ്റു നിവേദനങ്ങളിലൂടെ വ്യക്തമാകാതിരുന്നാല്‍ അവ അസ്വീകാര്യവും ദുര്‍ബലവുമായിത്തീരും എന്നതാണ് പലരുടെയും അഭിപ്രായം.

അപ്പോള്‍ ഇത്ര നിര്‍ണ്ണായകമായ ഒരു വിഷയത്തിന്റെ അടിസ്ഥാനമായി പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന ഹദീസിന്റെ വിശ്വാസ്യതയും ആ വാദത്തെ ഈ ഹദീസ് എത്രത്തോളം പിന്തുണയ്ക്കുന്നുണ്ട് എന്നും ഇതില്‍ നിന്ന് വ്യക്തമാണ്.

പിന്നെ, അന്ന് സ്ത്രീകള്‍ തല മറച്ചിരുന്നോ എന്ന അന്വേഷണം തീര്‍ച്ചയായും പ്രസക്തമാണ്.

ആ കാലഘട്ടത്തിലെ ജീവിത സാഹചര്യവും അറേബ്യയിലെ കാലാവസ്ഥയും കൂടി നമ്മള്‍ പരിഗണിക്കേണ്ടതുണ്ട് – മരുഭൂമിയിലെ ചൂടും പൊടിക്കാറ്റുമെല്ലാം അവിടെയുള്ള ആണിനെയും പെണ്ണിനെയും ഒരേ പോലെ പര്‍ദക്ക് സമാനമായ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. അന്നും ഇന്നും അവിടെ ജീവിക്കുന്ന ആണും പെണ്ണും ശരീരം ആകെ മറക്കുന്ന തലമൂടുന്ന വസ്ത്രമാണ് കൂടുതലും ധരിക്കുന്നത്. പക്ഷേ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം നമ്മള്‍ ഈ വശം അവഗണിക്കുകയും സ്ത്രീകളുടേത് മാത്രം കീഴ്‌വഴക്കമായി എടുക്കുകയും ചെയ്യുന്നു.

ഇതിലപ്പുറം നേരത്തെ പറഞ്ഞ പോലെ ഹദീസുകളില്‍ നിന്നോ ചരിത്ര പുസ്തകങ്ങളില്‍ നിന്നോ പ്രവാചകന്‍ ഇന്നത്തെ അര്‍ത്ഥത്തില്‍ ഹിജാബ് നടപ്പിലാക്കിയതായി കാണുന്നില്ല. (ഇന്ന് ഇന്ത്യയില്‍ തന്നെ പൊടിയും പരിസര മലിനീകരണവും വ്യാപകമായ മെട്രോ നഗരങ്ങളിലെല്ലാം പെണ്ണുങ്ങള്‍ മുഖം മറക്കുന്ന കാഴ്ച വ്യാപകമാണ്. ഇസ്‌ലാം ഇന്ന് ഇവിടെയാണ് അവതരിക്കുന്നതെങ്കില്‍ ഈ മുഖം മറക്കുന്ന പെണ്ണുങ്ങളെ അത് തുടരാന്‍ അനുവദിക്കുമെന്നും പിന്നീട് വരുന്ന ‘ഹദീസുകളില്‍” ഈ മുഖം മറച്ച സ്ത്രീകളെ പറ്റി പരാമര്‍ശങ്ങളുണ്ടാവുമെന്നുമുറപ്പാണ്.)

പിന്നീട് പക്ഷേ ഇസ്‌ലാമിന്റെ വ്യാപനത്തെ തുടര്‍ന്ന് അങ്ങേയറ്റം പുരുഷ കേന്ദ്രീകൃതവും സ്ത്രീ വിരുദ്ധവുമായ അക്കാലത്തെ ജൂത, ക്രിസ്ത്യന്‍, സൌരാഷ്ട്രന്‍ സമൂഹങ്ങളുമായി ഇടപഴകുകയും അവരുടെ സ്ത്രീ വിരുദ്ധ സങ്കല്‍പങ്ങളും സ്ത്രീകളുടെ കാര്യത്തിലുള്ള കര്‍ശന നയങ്ങളും പതുക്കെ പതുക്കെ മുസ്‌ലിം സമൂഹത്തിലേക്കും ഇസ്‌ലാമിലേക്കും കടന്നു കൂടി.

ഹവ്വയെ സൃഷ്ടിച്ചത് ആദമിന്റെ ഇടതു വാരിയെല്ലില്‍ നിന്നാണെന്നുള്ള ഹദീസൊരു ഉദാഹരണം. രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഹദീസുകളും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും സൃഷ്ടിച്ചെടുക്കുന്ന പ്രവണത മറ്റൊരു പ്രധാന ഘടകമാണ്. സ്ത്രീ അധികാരത്തിലേറിയ ജനത വിജയിച്ചിട്ടില്ല എന്ന ഹദീസ് ഇങ്ങനെയുള്ള വ്യാജ ഹദീസിനുദാഹരണമാണ്.

ഹിജാബ് എന്നതിന് ഇന്ന് വിവക്ഷിക്കുന്ന രീതിയിലുള്ള അര്‍ത്ഥവും സ്വീകാര്യതയും കിട്ടിയത് എന്നാണെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്കോ പണ്ഡിതന്മാര്‍ക്കോ കൃത്യമായ അഭിപ്രായമില്ലെന്നാണ് കാണാന്‍ പറ്റുന്നത്. പക്ഷേ ഒരു കാര്യത്തില്‍ ഏറെക്കുറെ എല്ലാവരും യോജിക്കുന്നു. ഇന്ന് കാണുന്ന അര്‍ത്ഥവും സ്വീകാര്യതയും കിട്ടിയത് പ്രവാചകന്റെ കാലത്തിന് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ്. അതാവട്ടെ ഹിജാബ് കൂടുതല്‍ വ്യാപകമായിരുന്ന, പ്രത്യേകിച്ചും സമൂഹത്തിലെ വരേണ്യ വിഭാഗങ്ങള്‍ക്കിടയില്‍, ഇസ്‌ലാമികേതര സമൂഹവുമായുള്ള ഇടപെടലുകള്‍ക്ക് ശേഷമാണ്.

പത്താം നൂറ്റാണ്ടിന് ശേഷം സ്വതന്ത്ര ചിന്തയിലും സാമൂഹിക-സാമ്പത്തിക മേഖലകളിലും ഇസ്‌ലാമിക ലോകം പിന്നോക്കം പോവുന്നതായാണ് കാണുന്നത്. അതേ സമയം തന്നെ നിയമങ്ങള്‍ കൂടുതല്‍ കൂടുതല്‍ കര്‍ക്കശവും അടഞ്ഞതും ആയി മാറുകയും ചെയ്തു. ഇസ്‌ലാമിലെ വ്യവഹാരങ്ങള്‍ നിര്‍ണയിക്കുന്നതും നിയന്ത്രിക്കുന്നതും ഖുര്‍ആന്‍ മാത്രം അടിസ്ഥാനമാക്കിയല്ല, മറ്റു പലതും കൂടി ചേര്‍ന്നാണത് ഉണ്ടാവുന്നത് . പ്രവാചകന്റെ കാലത്തിന് ശേഷം Islamic methodology രൂപപ്പെട്ട് വന്ന 400 ഓളം വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ സ്ത്രീകളുടെ അവസ്ഥ ക്രമേണ മോശമാവുകയായിരുന്നു എന്ന് കാണാം.

പ്രവാചകന്റെ അതോറിറ്റിയുടെ അഭാവത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാനും തീരുമാനങ്ങളെടുക്കാനും മറ്റു സ്രോതസ്സുകളെയും ആശ്രയിക്കേണ്ടതായി വന്നു. സ്വാഭാവികമായും ഖുര്‍ആന്‍ കൂടാതെ എഴുതിയവരുടെ അഭിപ്രായങ്ങളും ആശയങ്ങളും ഇഴകിച്ചെര്‍ന്ന തഫ്‌സീറുകള്‍, പ്രവാചകന്റെതായി പറയപ്പെടുന്ന ഹദീസുകള്‍ ഉള്‍കൊള്ളുന്ന സുന്നത്ത്, ഇവയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇജ്തിഹാദും ഇജ്മയും എന്നിവയെല്ലാം സ്വീകരിക്കപ്പെട്ടു. മാത്രമല്ല, ഫസലുര്‍ റഹ്മാനെ പോലുള്ളവര്‍ നിരീക്ഷിച്ച പോലെ കാല ക്രമത്തില്‍ ഇവയുടെ മുന്‍ഗണനാ ക്രമത്തില്‍ അപകടകരമായ മാറ്റങ്ങളുണ്ടായി.

ഖുര്‍ആനെ മറി കടക്കുന്ന രീതിയില്‍ ഹദീസുകളും തഫ്‌സീറുകളും ഒരു പ്രത്യേക കാലഘട്ടത്തിലെ ഇജ്മ അവസാന വാക്കായും സ്വീകരിക്കപ്പെട്ടു. ഇജ്തിഹാദ് നാമമാത്രമായി. തങ്ങളുടെ രാഷ്ട്രീയ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി അതതു കാലഘട്ടങ്ങളിലെ ഭരണ കൂടങ്ങള്‍ നടത്തിയ ഇടപെടലുകളും ക്രിയാത്മക ചിന്തകളെ നശിപ്പിക്കാനുള്ള ശ്രമങ്ങളും കൂടിയായപ്പോള്‍ പതനം വേഗത്തിലായി. അബ്ബാസിദ് ഭരണകൂടത്തില്‍ അടിമത്തവും സ്ത്രീകളെ അടിച്ചമര്‍ത്തുന്നതും സ്ഥാപനവല്‍കരിക്കപ്പെട്ടു.(‘ആയിരത്തൊന്ന് രാവുകള്‍’ പോലുള്ള കൃതികളുടെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലം ഇതാണ്) ഷിയാ-സുന്നി ഭിന്നിപ്പുകളും ആഭ്യന്തര യുദ്ധങ്ങളും പ്രധാനപ്പെട്ട മറ്റൊരു ഘടകമായിരുന്നു.

തങ്ങളുടെ ഭാഗം ന്യായീകരിക്കാനും അതിന് സ്വീകാര്യത കൂട്ടാനും പ്രവാചകന്റെതായി പറയപ്പെടുന്ന വ്യാജ ഹദീസുകള്‍ വ്യാപകമായി എല്ലാവരും ഉപയോഗിച്ചു. ഹദീസ് എന്നാല്‍ പലപ്പോഴും ചരിത്ര വായന അല്ലെങ്കില്‍ ചരിത്ര പഠനം എന്നതിലുപരിയായി ‘ചരിത്ര നിര്‍മാണം’ ആയി മാറി. ആയിഷ(റ)യുടെ നേതൃത്വത്തെയും ഉദാഹരണത്തെയും താറടിക്കാന്‍ നിരവധി സ്ത്രീ വിരുദ്ധ ഹദീസുകള്‍ പ്രചരിപ്പിക്കപ്പെട്ടു. ഫലത്തില്‍ Islamic methodology യില്‍ നിന്ന് ജനാധിപത്യ സ്വഭാവം ഇല്ലാതായി. പിന്നീട് ഇതില്‍ മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടായെങ്കിലും നിലവിലുള്ള വ്യവസ്ഥിതിയെ മാറ്റാന്‍ തക്ക ശേഷിയുണ്ടായിരുന്നില്ല. അതിന് ശേഷം വന്ന കൊളോണിയല്‍ ഇടപെടലുകള്‍ സ്ഥിതി അത്യന്തം വഷളാക്കി.

ഇസ്‌ലാമിനെ കേവലം താടി-മുടി ചര്‍ച്ചകളിലും ആചാരാനുഷ്ഠാനങ്ങളിലും ഒതുക്കിക്കെട്ടുക എന്നത് എന്നും കൊളോണിയല്‍ താല്‍പര്യമായിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളുടെ ഇടപെടലിന്റെ ബാക്കിപത്രമായ വഹാബിസവും പിന്നീട് അമേരിക്കന്‍-സൗദി താല്പര്യങ്ങള്‍ക്കനുസൃതമായി വളര്‍ന്നു വന്ന താലിബാനുമെല്ലാം ഇതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ്. സ്ത്രീ വിരുദ്ധത മാത്രമല്ല, ഇസ്‌ലാം മുന്നോട്ട് വെക്കുന്ന എല്ലാ മാനവിക മൂല്യങ്ങളെയും സങ്കല്പങ്ങളെയും തച്ചുടക്കുന്ന അവസ്ഥയിലേക്ക് ഇവ വളര്‍ന്നിരിക്കുന്നു.

മറുവശത്ത്, നൂറ്റാണ്ടുകളായുള്ള പാശ്ചാത്യ കൊളോണിയല്‍ ഭരണങ്ങളും അടിച്ചമര്‍ത്തലുകളും കാരണം എന്തിലും ഏതിലും പാശ്ചാത്യ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമോ വ്യത്യസ്തമോ ആയ ശൈലിയും രീതിയും സ്വീകരിക്കുന്നതിലൂടെ മുസ്‌ലിം സ്വത്വത്തിന്റെ പ്രഖ്യാപനമാണ് നടത്തുന്നതെന്ന പൊതുബോധം മുസ്‌ലിം സമൂഹത്തില്‍ വമ്പിച്ച സ്വീകാര്യത നേടിയതും പര്‍ദ്ദയുടെയും ഹിജാബിന്റെയും വ്യാപനത്തിന് കാരണമായിട്ടുണ്ട്. അത് എല്ലായ്‌പ്പോഴും മോശമായ കാര്യമാണെന്നല്ല പറയുന്നത്. മുസ്‌ലിം സ്വത്വത്തിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി ഹിജാബോ പര്‍ദ്ദയോ താടിയോ നിഷേധിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നെങ്കില്‍ തീര്‍ച്ചയായും അതിനെ ഏറ്റവും ശക്തമായി തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. പക്ഷേ അത് മുസ്‌ലിം സ്ത്രീയുടെ വസ്ത്രസ്യാതന്ത്ര്യം ശക്തിപ്പെടുത്താനായിരിക്കണം.

ഇന്നത് വന്ന് വന്ന് വസ്ത്രത്തിലെ എല്ലാ വൈവിധ്യവും തകര്‍ക്കുന്ന രീതിയിലും മുസ്‌ലിം സ്ത്രീകളുടെ പൊതു സമൂഹവുമായുള്ള ഇടപെടലിനെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ മുഖം അടക്കം മൂടുന്ന പരിതാപകരമായ അവസ്ഥയിലേക്കും എത്തിച്ചേര്‍ന്നിരിക്കുന്നു. പക്ഷികളുടെ തൂവലുകള്‍ പോലെ മനോഹരവും വൈവിധ്യവും നിറഞ്ഞതുമാവേണ്ട മുസ്‌ലിംങ്ങളുടെ വസ്ത്രധാരണം പെണ്ണുങ്ങളുടെ കാര്യത്തില്‍ അതിന് കടക വിരുദ്ധമായ രീതിയില്‍ ശരീരമാസകലം മൂടിക്കെട്ടി വികൃതമാക്കുന്ന പരിഹാസ്യ രീതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സജീവമാണ്.

സൃഷ്ടിപ്പിലെ വെവിധ്യം ‘പരസ്പരം തിരിച്ചറിയാന്‍’ ആണെന്നാന്ന് ഖുര്‍ആന്‍ പറഞ്ഞത്. തിരിച്ചറിയാന്‍ പറ്റാത്ത വസ്ത്ര രീതി സ്വീകരിക്കുമ്പോള്‍ നിരാകരിക്കുന്നത് ഈ ഖുര്‍ആന്‍ ആശയത്തെ കൂടിയാണ്.

സാമൂഹിക ഇടപഴകലുകളും വ്യക്തി ബന്ധങ്ങളും പരമാവധി പ്രോല്‍സാഹിപ്പിക്കുന്ന മതമാണ് ഇസ്‌ലാം. നമസ്‌കാരം പരമാവധി പള്ളികളില്‍ നിന്നാക്കാനും സാധ്യമായവരോടൊക്കെ ഹജ്ജ്, ഉംറ പോലുള്ളവ നിര്‍വഹിക്കാന്‍ പറഞ്ഞതുമെല്ലാം പരസ്പരം കാണാനും. മനസ്സിലാക്കാനും സ്‌നേഹ ബന്ധങ്ങള്‍ ശക്തമാക്കാനുമുള്ള അവസരമൊരുക്കാന്‍ കൂടിയാണ്. അന്ന് അറേബ്യയില്‍ മുഖം മൂടുന്ന വസ്ത്ര ധാരണ രീതി നിലവിലുണ്ടായിരുന്നിട്ട് പോലും ഹജ്ജിന്റെ സമയത്ത് മുഖം മൂടരുതെന്ന് പറഞ്ഞു.

പരസ്പരം ചിരിക്കുന്നത് ഏറെ പുണ്യം കിട്ടുന്ന ‘സദഖ’ അഥവാ ദാന ധര്‍മ്മത്തില്‍ പെടുന്നതാണ് എന്ന് നബി പഠിപ്പിച്ചു. ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കുന്നതോടെ ഒറ്റയടിക്ക് ഈ ആശയങ്ങളുടെയെല്ലാം കടക്കല്‍ കത്തി വെക്കുകയാണ്. അവളുടെ ഐഡന്റിറ്റി പൂര്‍ണമായും പൊതു ഇടങ്ങളില്‍ നിന്ന് മായ്ച്ചു കളയാനാണ് നോക്കുന്നത്. അതിന് പറയുന്ന കാരണം ആണുങ്ങള്‍ തെറ്റ് ചെയ്യാതിരിക്കാനാണെന്നും ! മറ്റു സ്ഥാപനങ്ങളുടെ കാര്യം വിടാം. ഒരു പള്ളിയില്‍ വരുന്ന എല്ലാ പെണ്ണുങ്ങളും പരസ്പരം തിരിച്ചറിയാത്ത വിധം മുഖം മറച്ചാണെങ്കില്‍ പിന്നെ വീട്ടില്‍ നിന്ന് ഒറ്റയായി നമസ്‌കരിക്കുന്നതില്‍ നിന്ന് എന്ത് വ്യത്യാസമാണുള്ളത് എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

എല്ലാറ്റിലും ബഹുസ്വരതയും വൈവിധ്യവും അംഗീകരിക്കുകയും അതല്ലാഹുവിന്റെ കലിമത്തായി എണ്ണിപ്പറയുകയും ചെയ്യുന്ന ഖുര്‍ആന്റെ സമീപനത്തെ പൂര്‍ണ്ണമായി അവഗണിച്ച് കൊണ്ട് ഏകാശിലാരൂപത്തിലുള്ള ഇസ്‌ലാമിലേക്ക് വലിയൊരു വിഭാഗം പോയിക്കൊണ്ടിരിക്കുന്നു. വസ്ത്രധാരണത്തിന്റെ കാര്യത്തിലും ഈ ‘ഏകീകരണം’ അടിച്ചേല്പിക്കുകയാണ്.

പ്രാദേശിക വൈവിധ്യങ്ങള്‍ തച്ചുടച്ചു കൊണ്ട് തച്ചുടച്ചു കൊണ്ട് അറബ് സ്ത്രീകളുടെ വസ്ത്രധാരണം ആഗോള തലത്തില്‍ മുസ്‌ലിം സ്ത്രീയുടെ യൂണിഫോമായി അവതരിപ്പിക്കപ്പെടുന്നു. വിവിധ പര്‍ദ ബ്രാന്റുകളുടെ മാര്‍കെറ്റിംഗ് രീതികള്‍ ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാവും. പേര് തൊട്ട് പരസ്യം വരെയുള്ള എല്ലാറ്റിലും അറബി ഭാഷയോടും ശൈലിയോടുമായിരിക്കും സാമ്യം. മോഡലുകള്‍ രൂപത്തിലും ഭാവത്തിലും നിറത്തിലും വരെ അറബ് സ്ത്രീയുമായി സാമ്യം തോന്നത്തക്ക രീതിയിലാണ് അവതരിപ്പിക്കുന്നത്.

പര്‍ദയും അതിന്റെ വ്യത്യസ്തമായ വകഭേദങ്ങളും മുസ്‌ലിം സമൂഹത്തില്‍ വ്യാപകമാവുന്നതിന്റെ മത രാഷ്ട്രീയ സാഹചര്യമിതാണ്. പര്‍ദയെന്നത് അതിന്റെ ഉല്‍ഭവത്തില്‍ ഇസ്‌ലാമികമോ അറേബ്യനോ. പോലുമല്ല. സൗരാഷ്ട്രന്‍ പേര്‍ഷ്യയും കൃസ്ത്യന്‍ ബൈസന്റയിനുമായാണ് അതിന് ബന്ധം. ചരിത്ര പരമായി മുസ്‌ലിം പെണ്ണുങ്ങളില്‍ ഭൂരിഭാഗവും അത് ധരിച്ചിട്ടുമില്ലായിരുന്നു. ഇസ്‌ലാമിക ലോകം ശക്തമായപ്പോഴല്ല, ദുര്‍ബലമായപ്പോഴാണ് പര്‍ദ വ്യാപിച്ചത്.

A woman in traditional Zoroastrian dress. Photo by Antoin Sevruguin (1830s-1933)

ഇത് വസ്ത്രത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നുമില്ല. ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഏറ്റവും ഗാഢവും സ്‌നേഹപൂര്‍വവും ആയൊരു ബന്ധമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. അതിലെവിടെയും വിധേയത്വത്തിന്റെയോ കീഴ്‌പെടുത്തലിന്റെയോ ഭാഷയോ ശൈലിയോ ഇല്ല. അത് കൊണ്ടാണ് അവര്‍ പരസ്പരം വസ്ത്രങ്ങളാണെന്ന് ഖുര്‍ആന്‍ പറഞ്ഞത്. അവര്‍ക്കിടയിലുള്ള സ്‌നേഹത്തെ ‘സുകുന്‍’ എന്ന വാക്ക് കൊണ്ടാണ് വിശേഷിപ്പിച്ചത്.

ഏറ്റവും അടുത്ത ലൈംഗിക-മാനസിക ബന്ധത്തില്‍ നിന്നും കിട്ടുന്ന മാനസികാനുഭൂതിയാണീ വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്.(30 :21). പക്ഷേ നമ്മുടെ ചര്‍ച്ചകളില്‍ ഭാര്യ-ഭര്‍തൃ ബന്ധം വരുമ്പോള്‍ ആദ്യം വരുന്നത് ഭാര്യയുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ട ‘അനുസരണ’ ആയിരിക്കും. ഈ ‘അനുസരണ’ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമാണ് പെണ്ണ് എന്ത് ധരിക്കണമെന്ന തിട്ടൂരമിറക്കുന്നതും.

ഇതില്‍ നിന്ന് ഒരു മാറ്റം വേണമെങ്കില്‍ മുസ്‌ലിം സ്ത്രീകള്‍ തന്നെ അവരുടെ ഏജന്‍സി ഏറ്റെടുക്കണം. തങ്ങളുടെ വസ്ത്രധാരണം എന്തായിരിക്കണം എന്നത് അവര്‍ നിര്‍ണ്ണയിക്കണം . ഖുര്‍ആനും ഹദീസും തഫ്‌സീറുകളും അടങ്ങുന്ന നിരവധിയായ ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ സാഹചര്യത്തിനും സമയത്തിനും അനുയോജ്യമായ രീതിയില്‍ അവര്‍ തന്നെ രൂപപ്പെടുത്തി എടുക്കേണ്ട ഒന്നാണ് അവരുടെ വസ്ത്രധാരണം. ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ലോക വീക്ഷണത്തോടും മനോഹരമായ വസ്ത്ര സങ്കല്‍പത്തോടും പ്രവാചകന്റെ വിശാല കാഴ്ചപ്പാടിനോടും നീതി പുലര്‍ത്തുന്ന ഒന്നായിരിക്കണമത്.

കാലികമായ പുനര്‍ വായനകളും വ്യാഖ്യാനങ്ങളും ഉണ്ടാവുമ്പോള്‍ മാത്രമേ ഏതൊരു പ്രത്യയ ശാസ്ത്രവും കാലിക പ്രസക്തമായി മാറൂ. ഇസ്ലാം ജൈവികവും ചലനാത്മകവുമായ ഒരു വിമോചന പ്രത്യയ ശാസ്ത്രമാവണമെങ്കില്‍ ഖുര്‍ആനും പ്രാവാചക ശൈലിയും തുറന്നിട്ട പുനര്‍ വായനയുടെ സാധ്യതകള്‍ തേടണം.അതിനുള്ള സാധ്യത നിലനിര്‍ത്താന്‍ വേണ്ടിയാണ് ഖുര്‍ആന്‍ ഇത് പോലുള്ള വിഷയങ്ങളില്‍ തത്വങ്ങളും ഉദ്ദേശങ്ങളും കൃത്യമായി പറയുകയും വിശദാംശങ്ങളെ കുറിച്ച് സൂചനകള്‍ മാത്രമായി ഒതുക്കുകയും ചെയ്യുന്നത്. പക്ഷേ അതിന് ബന്ധപ്പെട്ടവര്‍ തന്നെ മുന്നിട്ടിറങ്ങണം എന്ന് മാത്രം.

അതിന്റെ അഭാവമാണ് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളിലും പ്രകടമായി കാണുന്നത്. ഖുര്‍ആനും ഹദീസും ഇത്രയധികം അയഞ്ഞ നിലപാടെടുത്ത വിഷയത്തില്‍ തന്നെ അതെല്ലാം അവഗണിച്ചു ഏറ്റവും ദുര്‍ബലമായ ഹദീസുകള്‍ തിരഞ്ഞെടുത്ത് അതിനനുസരിച്ചു ഖുര്‍ആന്‍ സൂക്തങ്ങളെ വളച്ചൊടിച്ചു പെണ്ണിന്റെ ഇടം വീട്ടില്‍ നിന്ന് തുടങ്ങി വീട്ടില്‍ അവസാനിക്കുന്നതാണെന്നും അവളുടെ ശരീരവും ശബ്ദവുമെല്ലാം പൊതു മണ്ഡലങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടേണ്ടതാണെന്നും സമര്‍ത്ഥിച്ച മൗലാനാ മൗദൂദിയെ പോലുള്ള വലിയൊരു വിഭാഗം പണ്ഡിതന്മാരും അവരുടെ പുസ്തകങ്ങളും ഇവിടെ വ്യാപകമാണ്.

അടിസ്ഥാന പ്രമാണങ്ങളുടെ നിരന്തരമായ പുനര്‍ വായനകളിലൂടെ അവയെ തള്ളിക്കളയാനും ഇസ്ലാം മുന്നോട്ട് വെച്ച വിശാലമായ വീക്ഷണങ്ങള്‍ ഈ വക വിഷയങ്ങളില്‍ കൊണ്ട് വരാനും സാധിക്കേണ്ടതുണ്ട്. ഇവരുടെ വികല വ്യാഖ്യങ്ങളുടെ ഏറ്റവും വലിയ ഇരകളായ പെണ്ണുങ്ങള്‍ തന്നെ അതിന് മുന്നിട്ടിറങ്ങണം. അവരുടെ ഇസ്ലാം വായനകളാണ് മുസ്‌ലിം സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കുള്ള യഥാര്‍ത്ഥ പരിഹാരം. അല്ലാതെ പുറത്ത് നിന്നുള്ള അടിച്ചേല്പിക്കലുകളല്ല.

1. http://www.exploring-islam.com/hijab.html (ഈയൊരു ആര്‍ട്ടിക്കിള്‍ ആണ് ഈ വിഷയവുമായി ബന്ധപ്പെട്ട് വായിച്ചതില്‍ വെച്ചേറ്റവും മികച്ചതായി തോന്നിയത്. മുകളില്‍ എഴുതിയതിന് ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും ഇതാണ്.)

2. Sahih Muslim Book 4 #1926, Bukhari Book 54 #515, Sahih Bukhari Book 74 #247 and Silsilat al-Ahadith as-Sahih #3472

3. The Message of the Quran (മുഹമ്മദ് അസദിന്റെ ഖുര്‍ആന്‍ പരിഭാഷ. സ്ത്രീ, ഹിജാബ് വിഷയങ്ങളില്‍ ഭാഷാപരമായും ചരിത്രപരമായും ഖുര്‍ആന്റെ പദപ്രയോഗങ്ങള്‍ക്ക് ഏറ്റവും കൃത്യമായ അര്‍ത്ഥം നല്‍കുന്നത് ഇതിന്റെ എടുത്ത് പറയേണ്ട മെച്ചമാണ്)

4. http://corpus.quran.com/ (ഖുര്‍ആന്റെ ഓരോ വാക്കിന്റെയും അര്‍ത്ഥവും അതിന്റെ ഉപജിയോഗങ്ങളിലെ വിശദദ വിവരങ്ങളും അറിയാന്‍ ഏറ്റവും സഹായകരം)

5. https://quran.com/ (ഖുര്‍ആന്റെ മലയാളത്തിലടക്കമുള്ള വിവിധ പരിഭാഷകള്‍ക്ക്)

6. https://sunnah.com/(പ്രധാനപ്പെട്ട ഹദീസ് ശേഖരങ്ങളും അവയുടെ ഇംഗ്‌ളീഷിലുള്ള അര്‍ത്ഥങ്ങളും)

7. Arab Dress: A Short History – from the Dawn of Islam of Modern Times by Yedida Kalfon

നാസിറുദ്ദീന്‍

We use cookies to give you the best possible experience. Learn more