ബെംഗളൂരു: ഹിന്ദുക്കളും മുസ്‌ലിങ്ങളും സഹോദരി സഹോദരങ്ങളെ പോലെ ജീവിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്.യെദിയൂരപ്പ. ഹിജാബ്, ഹലാല്‍ വിവാദങ്ങള്‍ ആവശ്യമില്ലാത്ത വിഷയങ്ങളായിരുന്നെന്നും താന്‍ അത്തരം വിവാദങ്ങളെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആദ്യം മുതലേ തന്റെ നിലപാട് ഇതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കില്ല. എന്നെ സംബന്ധിച്ച് മുസ്‌ലിങ്ങളും ഹിന്ദുക്കളും സഹോദരീ സഹോദരങ്ങളെ പോലെ ജീവിക്കണമെന്നാണ് ആഗ്രഹം. ആദ്യം മുതല്‍ക്കേ ഞാന്‍ ഈ തീരുമാനമാണ് കൈകൊണ്ടത്,’ യെദിയൂരപ്പ പറഞ്ഞു.
അതേസമയം നിലവിലെ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബസവരാജ് ബൊമ്മൈ മുസ്‌ലിം സംഘടനകളുടെ പരിപാടികള്‍ക്ക് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാത്തതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘ഞാന്‍ ക്രിസ്ത്യന്‍, മുസ്‌ലിം ചടങ്ങുകള്‍ക്ക് പോകാറുണ്ട്. അവരുടെ സാമുദായികപരമായ പരിപാടികള്‍ക്കും പോകാറുണ്ട്. ബൊമ്മൈയും പോകാറുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും പോകേണ്ടതായിരുന്നു. നിര്‍ബന്ധമായും അത്തരം പരിപാടികളില്‍ പങ്കെടുക്കണം,’ അദ്ദേഹം പറഞ്ഞു.
എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞുപോകുന്നത് ബി.ജെ.പിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ശിക്കാരിപുരയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായ മകന്‍ ബി.വൈ. വിജയേന്ദ്രയെ തന്റെ പിന്‍ഗാമിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും അദ്ദേഹത്തിന്റെ ക്ഷേമ പദ്ധതികളും ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബൊമ്മൈ സര്‍ക്കാരിന്റെ നടപടികളും മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം സ്വീകരിച്ച സാമൂഹ്യക്ഷേമ പദ്ധതികളും ബി.ജെ.പിക്ക് ഗുണമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും സംസ്ഥാനം മുഴുവന്‍ പ്രചരണത്തിനുണ്ടാകും. ബി.ജെ.പി വിജയിക്കുമെന്നതില്‍ 101 ശതമാനം ഉറപ്പുണ്ട്. ബസവരാജ് ബൊമ്മൈയുടെ പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ സന്തുഷ്ടരാണ്,’ അദ്ദേഹം പറഞ്ഞു.
അതേസമയം, ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ യശ്പാല്‍ സുവര്‍ണ അടക്കമുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കിയ ബി.ജെ.പി നിലപാട് തീരപ്രദേശങ്ങളില്‍ സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
content highlight: Hijab and Halal Controversy Unnecessary; I will not support such controversies: B.S. Yeddyurappa