| Saturday, 24th December 2022, 7:26 pm

ഹെവി ഐറ്റം ലോഡിങ്; വിവാദങ്ങള്‍ക്കിടെ ഹിഗ്വിറ്റ ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ഹിഗ്വിറ്റയുടെ ടീസര്‍ പുറത്ത്. സുരാജും ധ്യാന്‍ ശ്രീനിവാസനും ഒന്നിച്ചെത്തിയ 54 സെക്കന്റ് ദൈര്‍ഖ്യമുള്ള ടീസറാണ് പുറത്ത് വന്നിരിക്കുന്നത്.

സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ന് പുറത്ത് വന്നിരുന്നു. ഫിലിം ചേമ്പര്‍ കത്ത് ഇല്ലാതെ ആണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഹിഗ്വിറ്റ എന്ന പേരിന്റെ കാര്യത്തില്‍ എന്‍.എസ്. മാധവനുമായി ധാരണയില്ലെത്താതെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള കത്ത് നല്‍കില്ലെന്നാണ് ഫിലിം ചേമ്പര്‍ നിലപാട്. ജനുവരി ആദ്യ വാരം സിനിമയുടെ റിലീസിനു ശ്രമിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

നേരത്തെ ഫിലിം ചേംബര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പേര് സംബന്ധിച്ച് സമവായമുണ്ടായിരുന്നില്ല. പേര് മാറ്റണമെന്ന ഫിലിം ചേംബറിന്റെ ആവശ്യം സംവിധായകന്‍ ഹേമന്ത് ജി. നായര്‍ അംഗീകരിച്ചില്ലായിരുന്നു. ഇതോടെ വിലക്കുമായി മുന്നോട്ടെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

എന്‍.എസ്. മാധവന്റെ ചെറുകഥയും സിനിമയും തമ്മില്‍ ബന്ധമില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഹിഗ്വിറ്റയെന്ന പേരിടാന്‍ എന്‍.എസ്. മാധവനില്‍ നിന്ന് അനുമതി തേടണമെന്നായിരുന്നു ഫിലിം ചേംബര്‍ ആവശ്യപ്പെട്ടത്.

മലയാളത്തിലെ പ്രശസ്തമായ ഹിഗ്വിറ്റയെന്ന ചെറുകഥയുടെ പേര് സിനിമയ്ക്ക് നല്‍കുന്നതിന് എഴുത്തുകാരനായ എന്‍.എസ്. മാധവനില്‍ നിന്ന് അനുമതി തേടിയില്ല എന്ന് കാണിച്ചായിരുന്നു വിലക്ക്. എന്‍.എസ്. മാധവന്റെ പരാതിയിലായിലായിരുന്നു ഫിലിം ചേമ്പറിന്റെ നടപടി. എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് വിലക്കെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച നടന്നത്.

ഹേമന്ത് ജി.നായര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. മനോജ്.കെ.ജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിനീത് കുമാര്‍, മാമുക്കോയ, അബു സലിം, ശിവദാസ് കണ്ണൂര്‍, ജ്യോതി കണ്ണൂര്‍, ശിവദാസ് മട്ടന്നൂര്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

Content Highlight: higuita teaser starring suraj venjaramood and dhyan sreenivasan

We use cookies to give you the best possible experience. Learn more