| Wednesday, 29th March 2023, 7:41 pm

ധ്യാന്‍ ശ്രീനിവാസനും സുരാജ് വെഞ്ഞാറമൂടും നേര്‍ക്കു നേര്‍; ഹിഗ്വിറ്റ ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഹിഗ്വിറ്റ സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. കണ്ണൂരുള്ള പന്ന്യന്നൂര്‍ മുകുന്ദന്‍ എന്ന രാഷ്ട്രീയ നേതാവായാണ് സുരാജ് ചിത്രത്തിലെത്തുന്നത്. സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ഹേമന്ത് .ജി .നായരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം മാര്‍ച്ച് 31നാണ് തിയേറ്ററുകളിലെത്തുക.

ആലപ്പുഴയിലെ ഫുട്ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതു നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ധ്യാന്‍ ശ്രീനിവാസന്‍ ഗണ്‍മാനായും സുരാജ് വെഞ്ഞാറമൂട് നേതാവായും വേഷമിടുന്നു. സമകാലിക രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയായിരിക്കും ചിത്രമെന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്.

മനോജ്.കെ.ജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിനീത് കുമാര്‍, മാമുക്കോയ, അബു സലിം ,ശിവദാസ് കണ്ണൂര്‍, ജ്യോതി കണ്ണൂര്‍, ശിവദാസ് മട്ടന്നൂര്‍, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

നേരത്തെ ഹിഗ്വിറ്റ എന്ന പേരിടുന്നത് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ എതിര്‍ത്തതോടെ സിനിമ വിവാദത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേരില്‍ റജിസ്‌ട്രേഷന്‍ നല്‍കില്ലെന്ന് നേരത്തെ ഫിലിം ചേംബര്‍ നിലപാട് എടുത്തിരുന്നു.

പേര് മാറ്റില്ലെന്നും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുകയും ചെയ്തു. വിവാദം കെട്ടടങ്ങി ചിത്രം മാര്‍ച്ച് 31ന് റിലീസിന് തയ്യാറെടുക്കുകയാണ്.

content highlight: higuita movie teaser out

Latest Stories

We use cookies to give you the best possible experience. Learn more