| Wednesday, 21st June 2023, 5:19 pm

'അവിടെ ഫുട്‌ബോളിന് ചുറ്റും വിഷവികാരമുണ്ട്'; ഇന്റര്‍ മിയാമിയില്‍ നിന്ന് വിരമിച്ചതിന് ശേഷമുള്ള ഹിഗ്വെയ്‌ന്റെ വാചകങ്ങള്‍ ശ്രദ്ധ നേടുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷമാണ് റയല്‍ മാഡ്രിഡിന്റെയും ചെല്‍സിയുടെയും മുന്‍ സ്ട്രൈക്കറും അര്‍ജന്റൈന്‍ സൂപ്പര്‍താരവുമായ ഗോണ്‍സാലോ ഹിഗ്വെയ്ന്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്റര്‍ മിയാമിയില്‍ ബൂട്ടുകെട്ടുകയായിരുന്ന താരം കഴിഞ്ഞ സീസണിലെ എം.എല്‍.എസ് മത്സരത്തിന് ശേഷം കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

യൂറോപ്യന്‍ ക്ലബ്ബുകളായ റയല്‍ മാഡ്രിഡ്, ചെല്‍സി, യുവന്റസ് എന്നിവര്‍ക്കൊപ്പം മികച്ച പ്രകടനം കാഴ്ച്ച വെച്ച ഹിഗ്വെയ്‌ന് വലിയ ആരാധക വൃന്ദമാണുള്ളത്. എന്നാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടായ ടോക്സിക് അനുഭവങ്ങളെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകള്‍ ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍.

വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം സമൂഹ മാധ്യമങ്ങളിലെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുണ്ടായ വിദ്വേഷ കമന്റുകള്‍ തന്നെ മാനസികമായി വേദനിപ്പിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

‘സോഷ്യല്‍ മീഡിയയില്‍ ഫുട്ബോളിന് ചുറ്റും ഒരു തരം വിഷവികാരമുണ്ട്. സാമൂഹിക നെറ്റ്‌വര്‍ക്കുകളിലെ നെഗറ്റീവ് രീതിയിലുള്ള ആളുകള്‍ ഉണ്ടാക്കുന്ന ആഘാതം എത്രത്തോളമാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാവില്ല. ഞാന്‍ ശരിക്കും ബുദ്ധിമുട്ടുകയാണ്. എന്റെ കുടുംബവും എന്നെ ആശ്വസിപ്പിക്കാന്‍ നന്നേ പാടു പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആളുകളെ അക്രമിക്കാനൊരുങ്ങുന്നതിന് മുമ്പ് ദയവ് ചെയ്ത് അതിന്റെ അനന്തരഫലം കൂടി ആലോചിക്കൂ,’ എന്നായിരുന്നു ഹിഗ്വെയ്ന്‍ പറഞ്ഞിരുന്നത്.

വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ വികാരാധീനനായാണ് അദ്ദേഹം സംസാരിച്ചത്. അര്‍ജന്റൈന്‍ ക്ലബ്ബായ റിവര്‍ പ്ലേറ്റിലൂടെയാണ് ഗോണ്‍സാലോയുടെ തുടക്കം.

തുടര്‍ന്ന് റയലിന് വേണ്ടി ബൂട്ടുക്കെട്ടിയ താരം 2013ല്‍ നാപ്പോളിയിലേക്ക് ചേക്കേറി. റയലിന് വേണ്ടി 190 മത്സരങ്ങളില്‍ നിന്ന് 107 ഗോളുകള്‍ അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്. അതേസമയം നാപ്പോളിക്കായി 104 കളിയില്‍ നിന്ന് 71 ഗോളും നേടി.

യുവന്റസില്‍ ആകെ 105 മത്സരങ്ങളിലാണ് അര്‍ജന്റൈന്‍ താരം കളിച്ചത്. തുടര്‍ന്ന് ചെല്‍സിക്ക് വേണ്ടി ബൂട്ടുകെട്ടിയ താരം ലോണില്‍ എ.സി മിലാന് വേണ്ടിയും കളിച്ചു. 75 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകളാണ് താരം അര്‍ജന്റീനക്ക് വേണ്ടി നേടിയത്.

അതേസമയം, അര്‍ജന്റൈന്‍ ദേശീയ ടീമില്‍ തന്റെ സഹതാരമായിരുന്ന ലയണല്‍ മെസി ഇപ്പോള്‍ ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. രണ്ട് വര്‍ഷത്തെ കരാറില്‍ 2025 വരെയാണ് മെസി ഇന്റര്‍ മിയാമിയില്‍ തുടരുക. ജൂലൈയിലാണ് എം.എല്‍.എസില്‍ മെസി തന്റെ ആദ്യ മത്സരം കാഴ്ചവെക്കുന്നത്.

Content Highlights: Higuain talking about toxicities of Social Media

We use cookies to give you the best possible experience. Learn more