ചെല്‍സിയുടെ അര്‍ജന്റീനയന്‍ സ്‌ട്രൈക്കര്‍ ക്ലബ്ബ് വിട്ടു. കഴിഞ്ഞ ജനുവരിയില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ യുവന്റസില്‍ നിന്ന് ക്ലബ്ബിലെത്തിയ ഹിഗ്വെയ്‌ന് കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല.
ഹിഗ്വെയ്ന്‍ ക്ലബ്ബ് വിടുന്ന കാര്യം ചെല്‍സി തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നപ്പോളിയില്‍ ഒന്നിച്ചുണ്ടായിരുന്ന ഇപ്പോഴത്തെ ചെല്‍സി കോച്ച് മൗറിസിയോയാണ് താരത്തെ ക്ലബ്ബിലെത്തിച്ചിരുന്നത്.
കഴിഞ്ഞ പ്രീമിയര്‍ ലീഗ് സീസണിന്റെ പകുതിയില്‍ ചെല്‍സിയിലെത്തിയ ഹിഗ്വെയ്‌ന് 14 മത്സരങ്ങളില്‍ നാലു ഗോളുകള്‍ നേടാനേ സാധിച്ചിരുന്നുള്ളൂ. അടുത്ത സീസണില്‍ ഹിഗ്വെയ്ന്‍ യുവന്റസില്‍ തന്നെ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
31കാരനായ ഹിഗ്വെയ്ന്‍ കഴിഞ്ഞ വര്‍ഷം അര്‍ജന്റീന ദേശീയ ടീമില്‍ നിന്നും വിരമിച്ചിരുന്നു. ദേശീയ ജേഴ്‌സിയില്‍ 75 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഹിഗ്വെയ്ന്‍ 31 ഗോളുകള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ നൈജീരിയക്കെതിരെയാണ് ഹിഗ്വെയ്ന്‍ അവസാനമായി അര്‍ജന്റീനയുടെ കുപ്പായമണിഞ്ഞത്.
ക്ലബ്ബ് ഫുട്ബോളില്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ച വെക്കുമ്പോഴും ലോകകപ്പിലടക്കം അര്‍ജന്റീനയ്ക്ക് വേണ്ടി മോശം ഫോമിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് ഹിഗ്വെയ്ന്‍.