| Friday, 3rd March 2017, 6:48 pm

ഒരിറ്റ് വെള്ളത്തിനായ് കേണ് സ്വന്തം വോട്ടര്‍മാര്‍ ; അത്യാഡംബരത്തില്‍ ബി.ജെ.പി എം.എല്‍.എയുടെ വിവാഹം, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ് റാവു സാഹിബ് ദന്‍വേയുടെ മകന്റെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം മുഖ്യ ചര്‍ച്ചാ വിഷയം. സംഗതി എന്താണെന്നോ? വീഡിയോ ക്ഷണക്കത്തു മുതല്‍ ഡ്രോണ്‍ ക്യാമറ വരെ നിറഞ്ഞു നില്‍ക്കുന്നതാണ് വിവാഹ വിശേഷങ്ങള്‍. 30000 പേരുടെ സാന്നിധ്യവും.

സിനിമാ രംഗങ്ങളോട് കിടപിടിക്കുന്ന വിഡീയോക്ഷണക്കത്തും ഡിസൈനര്‍ സെറ്റും ആഡംബരത്തിന്റെ അങ്ങേയറ്റമായ അലങ്കാരങ്ങളുമൊക്കെയായി ഒരു ബ്രഹ്മാണ്ഡ കല്ല്യാണം എന്നു തന്നെ വിശേഷിപ്പിക്കാം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുതലുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യം വേറെ.


Don”t Miss: ആവേശത്താല്‍ ഞങ്ങള്‍ വിളിക്കും ഒരു മെക്‌സിക്കന്‍ അപാരത സിന്ദാബാദ് 


രണ്ട് വര്‍ഷമായി കൊടും വരള്‍ച്ച നേരിടുന്ന മറാത്തവാഡ് മേഖലയിലെ ബൊക്കാര്‍ധന്‍ മണ്ഡലത്തില്‍ നിന്നുമുള്ള എം.എല്‍.എയാണ് റാവു സാഹിബ് ദന്‍വേയുടെ മകനും വരനുമായ സന്തോഷ് ദന്‍വെ എന്നതാണ് ശ്രദ്ധേയമായ കാര്യം.

മറാത്തി സംഗീതജ്ഞന്‍ രാജേഷ് സര്‍ക്കാത്തെയായിരുന്നു സന്തോഷിന്റെ വധു. ഔറംഗാബാദിലെ രാജകീയമായ വേദിയില്‍ ആയിരുന്നു ഇരുവരുടേയും വിവാഹം. ബോളിവുഡ് ചിത്രങ്ങളുടെയടക്കം സെറ്റിടുന്ന പ്രശസ്തരായ ആര്‍ട്ട് ഡയറക്ടര്‍മാരാണ് വിവാഹത്തിനും സെറ്റിട്ടത്.

തീന്‍മേശയിലാകട്ടെ ചൈനീസ് ഡിഷ് മുതല്‍ സര്‍വ്വ ഇന്ത്യന്‍ വിഭവങ്ങളടക്കം തയ്യാര്‍. വിവാഹത്തിന് യാതൊരു തടസ്സവുമുണ്ടാകാതിരിക്കാന്‍ നഗരത്തിലെ ഒരു റോഡു തന്നെ അടച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വരനും വധുവും ആടുകയും പാടുകയും ചെയ്യുന്ന ” ലവ് മീ എഗെയ്ന്‍ ” എന്ന ഗാനമടക്കമുള്ള വിവാഹ ക്ഷണന വീഡിയോ സന്തോഷ് നേരത്തെ ഫെയ്‌സ്ബുക്കില്‍ പങ്ക് വച്ചിരുന്നു. ഇത് ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

കൊടും വരള്‍ച്ചയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ വലയുമ്പോള്‍ അത്യാഡംബരത്തോടെയുള്ള എം.എല്‍.എയുടെ വിവാഹത്തിനെതിരെ പലകോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more