ഫൈനലിന് മുമ്പ് ചരിത്രം തിരുത്തിക്കുറിച്ച് സഞ്ജു; വോണിന് ശേഷം രാജസ്ഥാന്റെ ഇതിഹാസം
IPL
ഫൈനലിന് മുമ്പ് ചരിത്രം തിരുത്തിക്കുറിച്ച് സഞ്ജു; വോണിന് ശേഷം രാജസ്ഥാന്റെ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th May 2022, 10:42 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നോര്‍ത്ത് ഇന്ത്യന്‍ ലോബിയുടെ മേല്‍കൊയ്മ പരസ്യമായ രഹസ്യമാണ്. അസാമാന്യ ടാലന്റുള്ള സഞ്ജു സാംസണെ പോലെയുള്ള താരങ്ങള്‍ക്ക് വലിയ രീതിയിലുള്ള ബാക്കപ്പ് കിട്ടാത്തതിനുള്ള പ്രധാന കാരണവും ഈ ലോബികള്‍ തന്നെയാണെന്നാണ് ആരാധകരുടെ വിശ്വാസം.

 

എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന് സഞ്ജു എന്നും പ്രിയപ്പെട്ടവനാണ്. 2013ല്‍ രാജസ്ഥാനില്‍ അരങ്ങേറിയ മലയാളി താരം ഇന്ന് രാജസ്ഥാന്റെ പ്രിയപ്പെട്ട ക്യാപ്റ്റനാണ്.

രാജസ്ഥാന് വേണ്ടി ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയതും ഈ ക്യാപ്റ്റന്‍ തന്നെയാണ്. മുന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ മറികടന്നാണ് സഞ്ജു ഈ നേട്ടം കൈ വരിച്ചത്.

2812 റണ്ണാണ് സഞ്ജു രാജസ്ഥാന് വേണ്ടി നേടിയിട്ടുള്ളത്. ക്വാളിഫയര്‍ വണ്ണില്‍ ഗുജറാത്തിനെതിരെ 47 റണ്‍ നേടിയ സഞ്ജു രഹാനെയുടെ 2810 റണ്ണുകളെ മറികടന്നാണ് ഒന്നാമതെത്തിയത്.

108 മത്സരങ്ങളില്‍ 29.91 ശരാശരിയിലാണ് സഞ്ജു ഇത്രയും റണ്ണുകള്‍ നേടിയത്. 14 അര്‍ധ സെഞ്ച്വറിയും 2 സെഞ്ച്വറിയും സഞ്ജു രാജസ്ഥാന് വേണ്ടി നേടിയിട്ടുണ്ട്. 119ാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

രാജസ്ഥാന് പുറമേ ദല്‍ഹി ക്യാപിറ്റല്‍സിന് (ദല്‍ഹി ഡെയര്‍ഡെവിള്‍സ്) വേണ്ടിയും സഞ്ജു കളിച്ചിട്ടുണ്ട്. 3489 റണ്ണുകളാണ് എല്ലാ ഐ.പി.എല്‍ സീസണില്‍ നിന്നുമായി സഞ്ജു നേടിയിട്ടുള്ളത്.

കഴിഞ്ഞ സീസണില്‍ നേടിയ 484 റണ്ണുകളാണ് ഒരു സീസണില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഈ വര്‍ഷം ഇതുവരെ 421 റണ്‍ സഞ്ജു നേടിയിട്ടുണ്ട്.

സഞ്ജുവിനും രഹാനെക്കും ശേഷം രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്ണുകള്‍ നേടിയത് ഷെയ്ന്‍ വാട്‌സണും ജോസ് ബട്‌ലറുമാണ്.

വാട്‌സണ്‍ 2372 റണ്ണുകള്‍ നേടിയപ്പോള്‍ 2159 റണ്ണാണ് ബട്‌ലര്‍ എടുത്തിട്ടുള്ളത്. ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡാണ് ഈ ലിസ്റ്റില്‍ അഞ്ചാമന്‍. 1276 റണ്ണാണ് ദ്രാവിഡ് രാജസ്ഥാന് വേണ്ടി നേടിയത്.

content highlights: Sanju Samson, highest run getter for Rajasthan Royals in IPL