| Tuesday, 3rd December 2024, 11:12 am

റിഷബ് പന്തിന് 30 കോടി, വിരാടിന് 28 കോടി; കരാറില്ലാത്തവര്‍ രോഹിത്തിനേക്കാള്‍ സമ്പന്നര്‍; താരങ്ങളുടെ പ്രതിഫലമിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ താരലേലത്തില്‍ ആരാധകരെയും എതിരാളികളെയും ഒന്നിച്ച് ഞെട്ടിച്ചാണ് റിഷബ് പന്തിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്. 27 കോടി രൂപയ്ക്കാണ് സൂപ്പര്‍ ജയന്റ്‌സ് മുന്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് നായകനെ എകാനയിലെത്തിച്ചത്.

രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന പന്തിനായി താരലേലത്തില്‍ മിക്ക ടീമുകളും ഒരുപോലെ മത്സരിച്ചു. ആര്‍.സി.ബിയും ലഖ്‌നൗവും ഹൈദരാബാദും ഒരുപോലെ മത്സരിച്ചെങ്കിലും അവസാനം ഹൈദരാബാദും ലഖ്‌നൗവും മാത്രമായി.

ലഖ്‌നൗവിന്റെ 20.75 കോടിക്ക് ഉത്തരമില്ലാതെ ഹൈദരാബാദും പിന്‍മാറിയപ്പോള്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ ‘ബാറ്റില്‍ സ്ട്രാറ്റജിസ്റ്റ്’ കിരണ്‍ ഗാന്ധി ആര്‍.ടി.എം ഓപ്ഷന്‍ ഉപയോഗിക്കുകയായിരുന്നു. ഇതോടെ പുതിയ തുക പ്രഖ്യാപിക്കാന്‍ ലഖ്‌നൗ നിര്‍ബന്ധിതരാവുകയും 27 കോടിയെന്ന റെക്കോഡ് ഫിഗര്‍ പ്രഖ്യാപിക്കുകയായിരുന്നു.

ലേലത്തില്‍ 27 കോടി ലഭിച്ചതോടെ ഐ.പി.എലല്ലില്‍ നിന്നും ബി.സി.സി.ഐ ആന്വല്‍ കോണ്‍ട്രാക്ടില്‍ നിന്നും ലഭിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് റിഷബ് പന്ത്. ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍ നിന്നും ലഭിക്കുന്ന മൂന്ന് കോടിയും ചേര്‍ത്ത് 30 കോടി രൂപയാണ് ഇതോടെ താരത്തിന് ലഭിക്കുക.

നേരത്തെ എ കാറ്റഗറിയുടെ ഭാഗമായിരുന്നു റിഷബ് പന്ത്. എന്നാല്‍ പരിക്കിന് പിന്നാലെ ഏറെ നാള്‍ ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നതോടെ താരം ബി കാറ്റഗറിയിലേക്ക് വീണിരുന്നു. ബി.സി.സി.ഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടിലെ ഏ കാറ്റഗറി താരങ്ങള്‍ക്ക് അഞ്ച് കോടിയും ബി കാറ്റഗറി താരങ്ങള്‍ക്ക് മൂന്ന് കോടിയും സി കാറ്റഗറി താരങ്ങള്‍ക്ക് ഒരു കോടിയുമാണ് ലഭിക്കുക.

ഇതിന് പുറമെ എ പ്ലസ് കാറ്റഗറിയും ബി.സി.സി.ഐക്കുണ്ട്. വിരാടും രോഹിത്തും ബുംറയും ജഡേജയുമാണ് ഈ കാറ്റഗറിയിലുള്ളത്. ഏഴ് കോടിയാണ് ഈ താരങ്ങളുടെ പ്രതിഫലം.

ഏറ്റവുധികം പ്രതിഫലം പറ്റുന്ന താരങ്ങളില്‍ രണ്ടാമന്‍ വിരാട് കോഹ്‌ലിയാണ്. പ്ലെയര്‍ റിറ്റെന്‍ഷനില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു നല്‍കിയ 21 കോടിക്കൊപ്പം ബി.സി.സി.ഐ കരാറിലൂടെ ലഭിക്കുന്ന ഏഴ് കോടിയും ചേര്‍ത്ത് 28 കോടിയാണ് വിരാടിന് ലഭിക്കുക.

ബി.സി.സി.ഐ ആന്വല്‍ കോണ്‍ട്രാക്ട് ഇല്ലാതിരുന്നിട്ടും എ പ്ലസ് കാറ്റഗറിയുള്ള രോഹിത് ശര്‍മയെ മറികടന്ന രണ്ട് താരങ്ങളുമുണ്ട്. പഞ്ചാബ് കിങ്‌സിന്റെ ശ്രേയസ് അയ്യരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെങ്കിടേഷ് അയ്യരുമാാണ് ഈ സര്‍പ്രൈസ് താരങ്ങള്‍.

26.75 കോടി നല്‍കിയാണ് പഞ്ചാബ് കിങ്‌സ് ശ്രേയസ് അയ്യരെ മൊഹാലിയിലെത്തിച്ചത്. 23.75 കോടിയാണ് കൊല്‍ക്കത്ത വെങ്കിടേഷ് അയ്യര്‍ക്ക് നല്‍കിയത്. രോഹിത്തിനാകട്ടെ 23.30 കോടിയെന്ന കമ്പൈന്‍ഡ് സാലറിയും.

ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന ഇന്ത്യന്‍ താരങ്ങള്‍ (ബി.സി.സി.ഐ കരാര്‍ + ഐ.പി.എല്‍ സാലറി)

(താരം – ബി.സി.സി.ഐ കരാറില്‍ നിന്നും ലഭിക്കുന്ന തുക – ഐ.പി.എല്‍ സാലറി ഇനത്തില്‍ ലഭിക്കുന്ന തുക – ആകെ തുക എന്നീ ക്രമത്തില്‍)

റിഷബ് പന്ത് – മൂന്ന് കോടി – 27 കോടി (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്) – 30 കോടി

വിരാട് കോഹ്‌ലി – ഏഴ് കോടി – 21 കോടി (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു) – 28 കോടി

ശ്രേയസ് അയ്യര്‍ – ബി.സി.സി.ഐ കരാറില്ല – 26.75 കോടി (പഞ്ചാബ് കിങ്‌സ്) – 26.75 കോടി

ജസ്പ്രീത് ബുംറ – ഏഴ് കോടി – 18 കോടി (മുംബൈ ഇന്ത്യന്‍സ്) – 25 കോടി

രവീന്ദ്ര ജഡേജ – ഏഴ് കോടി – 18 കോടി (ചെന്നൈ സൂപ്പര്‍ കിങ്‌സ്) – 25 കോടി

വെങ്കിടേഷ് അയ്യര്‍ – ബി.സി.സി.ഐ കരാറില്ല – 23.75 കോടി (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്) – 23.75 കോടി

രോഹിത് ശര്‍മ – ഏഴ് കോടി – 16.30 കോടി (മുംബൈ ഇന്ത്യന്‍സ്) – 23.30 കോടി

ഹര്‍ദിക് പാണ്ഡ്യ – അഞ്ച് കോടി – 16.30 കോടി (മുംബൈ ഇന്ത്യന്‍സ്) – 21.35 കോടി

യശസ്വി ജെയ്‌സ്വാള്‍ – മൂന്ന് കോടി – 18 കോടി (രാജസ്ഥാന്‍ റോയല്‍സ്) – 21 കോടി

Content Highlight: Highest paid Indian players, Rishabh Pant tops the list with 30 crores

We use cookies to give you the best possible experience. Learn more