| Tuesday, 23rd June 2015, 8:13 am

ഹയര്‍സെക്കണ്ടറി അധ്യാപകരുടെ വിവാദ സ്ഥലം മാറ്റ ഉത്തരവ് പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏറെ വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി അധ്യാപകരുടെ  സ്ഥലം മാറ്റ ഉത്തരവ് പിന്‍വലിച്ചു. ഒരു ജില്ലയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ നിര്‍ബന്ധമായും സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിരിക്കണം എന്ന ഉത്തരവാണ് വിവാദമായത്. എന്നാല്‍ ഇത് ആശയവിനിമയത്തില്‍ വന്ന പിഴവാണെന്നാണ് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ കെ.എന്‍. സതീഷിന്റെ വിശദീകരണം. അതേസമയം ഉത്തരവ് പിന്‍വലിച്ചതോണെ ജൂലൈ ഒന്നിന് പുതിയ വിജ്ഞാപനം വരും.

അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ സര്‍വ്വീസുള്ളവരെല്ലാം സ്ഥലംമാറ്റത്തിന് അപേക്ഷിക്കണമെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവിനെ തുടര്‍ന്ന് കെ.എസ്.ടി.എ, എ.കെ.എസ്.ടി.യു, ജി.എസ്.ടി.യു തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. അധ്യാപക സംഘടനാ ഭാരവാഹികളുമായി ചര്‍ച്ച നടത്തി സ്ഥലംമാറ്റ മാനദണ്ഡം രൂപവത്കരിച്ചതിനു ശേഷം വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ഇവരുടെ ആരോപണം.തുടര്‍ന്ന് പ്രശ്‌നത്തില്‍ വിദ്യാഭ്യാസമന്ത്രി ഇടപെടുകയും പിന്നീട് ഉത്തരവ് പിന്‍വലിക്കുകയുമായിരുന്നു.

ഒരു ജില്ലയില്‍ ഒരു വിഷയത്തിന് എത്ര പേര്‍ മാറ്റം വേണമെന്ന് അപേക്ഷിക്കുന്നോ അതിന് ആനുപാതികമായുള്ളത്രയും പേരെ മാത്രമേ സ്ഥലംമാറ്റൂ. കൂടുതല്‍ സര്‍വീസുള്ളവരായിരിക്കും സ്ഥലംമാറി പോകേണ്ടിവരിക. എത്ര പേര്‍ ഒരു ജില്ലയിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ടെന്ന വിവരം സൈറ്റില്‍ ലഭ്യമാക്കും. ഒഴിവുകളും വരും. പകരം പോകേണ്ടിവരുന്നവര്‍ക്ക് ഓപ്ഷന്‍ നല്‍കാനുള്ള അവസരവുമുണ്ടാകും. ഓണ്‍ലൈനില്‍ രണ്ട് ഘട്ടമായിട്ടായിരിക്കും ഈ നടപടി പൂര്‍ത്തിയാക്കുക. ജൂലായില്‍ത്തന്നെ സ്ഥലംമാറ്റം പൂര്‍ണമാകുമെന്നും ഡയറക്ടര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more