പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനം; 60 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
Kerala News
പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനം; 60 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd November 2024, 7:51 am

തിരുവനന്തപുരം: പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിനായി 60 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്‌കോളര്‍ഷിപ്പ് ഇനത്തിലാണ് കൂടുതല്‍ തുക അനുവദിച്ചത്.

ഇതോടെ 2024ല്‍ മാത്രമായി കുടിശ്ശികയടക്കം 270 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. കൂടുതല്‍ തുക അനുവദിച്ചതിലൂടെ 2023-2024 അധ്യയന വര്‍ഷത്തില്‍ 1,34,1782 വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിനുള്ള സഹായം നല്‍കാനാകും.

വരുമാന പരിധിയുടെ പേരില്‍ പട്ടികജാതി വിഭാഗത്തിന് കേന്ദ്രം നിഷേധിച്ച തുകകൂടി ബജറ്റില്‍ അധികമായി വകയിരുത്തിയാണ് ആനുകൂല്യം നല്‍കുന്നതെന്നും മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു.

കണക്കുകള്‍ അനുസരിച്ച്, 14,681 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ പഠനാനുകൂല്യം അനുവദിച്ചിട്ടുണ്ട്. പബ്ലിക് ഫണ്ട് മാനേജ്മെന്റ് സിസ്റ്റം വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് തുക കൈമാറുന്നത്.

ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലിലൂടെ കൃത്യമായി അപേക്ഷ നല്‍കിയവര്‍ക്കെല്ലാം അക്കൗണ്ടിലേക്ക് പണം കൈമാറിയിട്ടുണ്ടെന്നാണ് മന്ത്രി അറിയിച്ചത്.

2024-2025 അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷ ഫെബ്രുവരി 28 വരെ ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ നല്‍കാമെന്നും മന്ത്രി അറിയിച്ചു. ഈ വര്‍ഷം പട്ടിക ജാതി വിഭാഗത്തിനായി 303 കോടിയും പട്ടികവര്‍ഗ വിഭാഗത്തിനായി 50 കൊടിയുമാണ് സര്‍ക്കാര്‍ ചെലവ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ ശരാശരി 12 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്കാണ് വര്‍ഷവും ഉന്നതപഠന സഹായം നല്‍കിവരുന്നത്.

അതേസമയം 2023 മാര്‍ച്ച് 31വരെ 344 പട്ടികജാതി വിദ്യാര്‍ത്ഥികളും 24 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളും 57 പിന്നാക്ക വിഭാഗക്കാരുമുള്‍പ്പെടെ 425 വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ പഠിക്കാനുള്ള അവസരം ലഭ്യമായിട്ടുണ്ട്.

വിദേശപഠന സൗകര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കികൊണ്ട്, വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഒഡപെക് ഏജന്‍സിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിരുന്നു.

ഇതിലൂടെ കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ മാറ്റിവെക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സിവില്‍ സര്‍വീസുകളിലേക്ക് എത്തുന്നതിനായി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കയി സര്‍ക്കാര്‍ പ്രത്യേക പദ്ധതി നടപ്പിലാക്കിയിരുന്നു.

Content Highlight: Higher Education of Scheduled Caste Students; 60 crores sanctioned by the state government