| Friday, 25th October 2024, 11:01 am

ആരോഗ്യ സര്‍വകലാശാലയിലെ വി.സി നിയമനം; ഗവര്‍ണറുടെ തന്നിഷ്ട നിയമനങ്ങള്‍ മര്യാദലംഘനം: ആര്‍. ബിന്ദു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു.

കാര്‍ഷിക സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് അത്യന്തം അവസരവാദപരമായ നിലപാടാണ് ചാന്‍സിലര്‍ സ്വീകരിക്കുന്നതെന്ന് ആര്‍. ബിന്ദു പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതികരണം.

മുമ്പ് വി.സിമാരുടെ പുനര്‍നിയമനം സംബന്ധിച്ച വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. അതേ ചാന്‍സിലര്‍ ഇപ്പോള്‍ തന്റെ ഇംഗിതത്തിനനുസരിച്ച് നില്‍ക്കുന്ന വൈസ് ചാന്‍സിലര്‍ക്ക് പുനര്‍നിയമനം നല്‍കിയിരിക്കുകയാണെന്ന് ആര്‍. ബിന്ദു പറഞ്ഞു.

ഒരിക്കല്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു നിലപാട് സ്വീകരിക്കുന്ന ഈ സ്ഥിതിയാണ് ചാന്‍സിലറില്‍ നിന്ന് നിരന്തരം കാണാനാകുന്നത്. ഇത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇപ്പോള്‍ ഗുണമേന്മാ വര്‍ധനവിനും പൊതുവായ മുന്നേറ്റത്തിനുമായി കാര്യമായ പരിശ്രമങ്ങള്‍ നടക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ചാന്‍സിലര്‍ നടത്തുന്ന ഇടപെടല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

‘ഭരണഘടനയുടെ 246 (3) അനുച്ഛേദ പ്രകാരം, സംസ്ഥാന സര്‍വകലാശാലകള്‍ സംബന്ധിച്ച് നിയമനിര്‍മാണം നടത്തുന്നതിന് സംസ്ഥാന നിയമസഭയ്ക്കുള്ള അധികാരം വരെ ചോദ്യം ചെയ്യുകയും ബില്ലുകള്‍ തടഞ്ഞുവെക്കുകയും ചെയ്ത് ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണ ശ്രമങ്ങളെ പിന്നോട്ടടിക്കുന്ന ചാന്‍സിലര്‍ തന്നിഷ്ടപ്രകാരം നടത്തുന്ന നിയമനങ്ങള്‍ മര്യാദകളുടെ ലംഘനമാണ്,’ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് അത്യന്തം ഖേദകരമാണെന്നും മന്ത്രി ആര്‍. ബിന്ദു കുറിച്ചു.

ഇന്നലെയാണ് കേരള ആരോഗ്യ സര്‍വകലാശാല വി.സിയായി മോഹനന്‍ കുന്നുമ്മല്‍ തുടരുമെന്ന് അറിയിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. മോഹനന്‍ കുന്നുമ്മലിന്റെ കാലാവധി അഞ്ച് വര്‍ഷം നീട്ടിക്കൊണ്ടുള്ള പുനര്‍നിയമനം ഗവര്‍ണര്‍ ശരിവെക്കുകയായിരുന്നു.

മോഹനന്‍ കുന്നുമ്മല്‍ ഈ മാസം വിരമിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്. ഇതോടെ അഞ്ച് വര്‍ഷമോ 70 വയസ് പൂര്‍ത്തിയാക്കുന്നത് വരെയോ മോഹനന്‍ കുന്നുമ്മലിന് വി.സിയായി തുടരാം.

കേരള വി.സിയുടെ അധിക ചുമതല കൂടി വഹിക്കണമെന്നും ഗവര്‍ണറുടെ നിയമന ഉത്തരവില്‍ പറയുന്നുണ്ട്. 2022 ഒക്ടോബറിലാണ് മോഹനന്‍ കുന്നുമ്മല്‍ കേരള വി.സിയായി ചുമതലയേല്‍ക്കുന്നത്.

വി.സിയായി പുനര്‍നിയമനം കിട്ടുന്ന രണ്ടാമത്തെ വ്യക്തിയാണ് മോഹനന്‍ കുന്നുമ്മല്‍. കണ്ണൂര്‍ സര്‍വകലാശാല പ്രൊഫസര്‍ ആയിരുന്ന ഗോപിനാഥ് രവീന്ദ്രന്‍ ആയിരുന്നു പുനര്‍നിയമനം ലഭിച്ച ആദ്യ വി.സി. എന്നാല്‍ അദ്ദേഹത്തിന്റെ നിയമനത്തിനായി സര്‍ക്കാര്‍ ഗവര്‍ണറെ സ്വാധീനിച്ചു എന്ന കാരണത്താല്‍ സുപ്രീം കോടതിനിയമനം തടയുകയായിരുന്നു.

Content Highlight: Higher Education Minister R. Bindu criticized Governor Arif Mohammad Khan

We use cookies to give you the best possible experience. Learn more